ഇത് മിതവാദത്തിന്റെ വിജയമാണെന്ന് റൂഹാനി

Posted on: June 17, 2013 11:01 am | Last updated: June 17, 2013 at 11:01 am
SHARE

Hassan-Rouhani1ടെഹ്‌റാന്‍: ‘ഇത് വിവേകത്തിന്റെയും മിതവാദത്തിന്റെയും വിജയമാണ്. ഇറാന്‍ ജനതയുടെ വളര്‍ച്ചയുടെയും തിരിച്ചറിവിന്റെയും ഈ വിജയം തീവ്രവാദത്തിനുള്ള തിരിച്ചടിയായി.’ – ഇറാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മിതവാദിയായ ഹസന്‍ റൂഹാനി തന്റെ തിരഞ്ഞെടുപ്പ് വിജയത്തെ ഇങ്ങനെയാണ് വ്യാഖ്യാനിച്ചത്. വിജയാഹ്ലാദവുമായി എത്തിയ പതിനായിരക്കണക്കിന് അനുയായികളോട് പ്രസംഗിക്കവെ, തന്റെ നിലപാടുകള്‍ വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
പാശ്ചാത്യ രാജ്യങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന നിലവിലെ പ്രസിഡന്റ് അഹ്മദി നജാദിന്റെ ശൈലിയില്‍ നിന്ന് തികച്ചും വ്യത്യസ്തനായിരിക്കും റൂഹാനി. വിദേശ രാജ്യങ്ങളോടുള്ള ഇറാന്റെ പരമോന്നത കൗണ്‍സിലിന്റെ നിലപാടുകളില്‍ നിന്ന് മാറി സഞ്ചരിക്കാന്‍ ഏതൊരു ഇറാന്‍ പ്രസിഡന്റിനെയും പോലെ റൂഹാനിക്കും സാധിക്കില്ലെങ്കിലും മൃദുലമായ സമീപനങ്ങള്‍ സ്വീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞേക്കും.
നിലപാടുകള്‍ കര്‍ക്കശമായി അവതരിപ്പിക്കുന്ന നജാദിന്റെ ശൈലിയെ ശക്തമായി എതിര്‍ക്കുന്ന റൂഹാനി, സാമ്രാജ്യത്വവിരുദ്ധതയില്‍ നജാദ് ഇറാന് നേടി കൊടുത്ത യശ്ശസ് ഉയര്‍ത്തുകയാണോ താഴ്ത്തുകയാണോ ചെയ്യുക എന്നത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. ആണവോര്‍ജ പദ്ധതികളുമായി ബന്ധപ്പെട്ട് ഇറാനെതിരെ അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ശക്തമായ ഉപരോധം പ്രഖ്യാപിച്ച വേളയിലാണ് റൂഹാനിയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വരവ്.
ഉപരോധങ്ങളെ അതിജയിക്കുകയെന്നത് തന്നെയാണ് റൂഹാനിക്ക് മുമ്പിലൂള്ള പ്രധാന വെല്ലുവിളിയും. തന്റെ മിതവാദം പ്രായോഗികമാണെന്ന് തെളിയിക്കാനുള്ള വേദിയായിരിക്കും പ്രസിഡന്റ്പദം. ആണവോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന അന്താരാഷ്ട്ര ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദി നജാദാണെന്ന് നേരത്തെ റൂഹാനി ആരോപിച്ചിരുന്നു. റൂഹാനിയുടെ വിജയം ആഘോഷിച്ച ജനങ്ങള്‍ എട്ട് വര്‍ഷത്തോളം രാജ്യം ഭരിച്ച അഹ്മദി നജാദിനോടുള്ള അമര്‍ഷവും രേഖപ്പെടുത്തി. ആഹ്ലാദ പ്രകടനങ്ങളില്‍ നജാദിനെതിരെയുള്ള മുദ്രാവാക്യങ്ങള്‍ വ്യാപകമായി ഉയര്‍ന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. എതിര്‍സ്ഥാനാര്‍ഥികളെക്കാള്‍ വ്യക്തമായ വോട്ടിംഗ് ഭൂരിപക്ഷം നിലനിര്‍ത്താന്‍ റൂഹാനിക്ക് സാധിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാണ്.
3,67,04,156 വോട്ടുകള്‍ എണ്ണയപ്പോള്‍ ഹസന്‍ റൂഹാനിക്ക് 1,86,13,329 വോട്ടുകള്‍ ലഭിച്ചു. രണ്ടാം സ്ഥാനത്തെത്തിയ ടെഹ്‌റാന്‍ മേയര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫിന് കേവലം 60,77,299 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ആണവ ചര്‍ച്ചകളില്‍ ഇറാനെ പ്രതിധാനം ചെയ്തിരുന്ന സഈദ് ജലീലിക്ക് 41,68,412, മുഹ്‌സിന്‍ റിസാഈക്ക് 38,84,412, മുന്‍ വിദേശകാര്യ മന്ത്രി അലി അക്ബര്‍ വിലായത്തിക്ക് 22,68,753, മുഹമ്മദ് ഖറസിക്ക് 4,46,012 എന്നിങ്ങനെയാണ് മറ്റ് സ്ഥാനാര്‍ഥികളുടെ വോട്ട് നില.