Connect with us

Kerala

മുഖ്യമന്ത്രി രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണം: വി എസ്

Published

|

Last Updated

തിരുവനന്തപുരം: സരിത എസ് നായരും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുമായി നിരന്തരം ബന്ധം പുലര്‍ത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. തട്ടിപ്പ് സ്ഥാപനമായ ടിം സോളാര്‍ കമ്പനിക്കനുകൂലമായി മുഖ്യമന്ത്രി കത്ത് നല്‍കിയെന്നും അതിനായി വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായും സരിത മൊഴി നല്‍കിയിട്ടുണ്ട്. സരിതയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നതരുടെ അശ്ലീല ചിത്രങ്ങളടങ്ങിയ ക്യാമറ പോലീസ് കണ്ടെത്തിയെന്നും വിവരമുണ്ട്. ഇത്തരത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തട്ടിപ്പ് കേന്ദ്രമായി മാറിയിരിക്കുകയാണ്.
കേരള ചരിത്രത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്രമാത്രം ആരോപണങ്ങള്‍ക്ക് വിധേയമായിട്ടില്ല. ഇന്റലിജന്‍സ് മുന്നറിയിപ്പ് മറികടന്നാണ് സലിം രാജനെ മുഖ്യമന്ത്രി തന്റെ ഗണ്‍മാനായി നിയമിച്ചത്. സുതാര്യ ഭരണമെന്ന് പറഞ്ഞ് അഴിമതിയ്ക്ക് കൂട്ട് നില്‍ക്കുകയാണ് മുഖ്യമന്ത്രി. തട്ടിപ്പുകാരിയായ സരിത തിരുവനന്തപുരത്ത് ഒരു വ്യവസായിയെ പറ്റിച്ച കേസില്‍ രണ്ട് വര്‍ഷം മുന്‍പ് പിടിയിലാകുകയും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തതാണ്. ഇതൊന്നും അറിയാത്ത വ്യക്തിയല്ല മുഖ്യമന്ത്രി.
മന്ത്രിസഭയിലെ മറ്റ് അംഗങ്ങളായ കെ സി ജോസഫ്, എം കെ മുനീര്‍, കെ പി മോഹനന്‍, ആര്യാടന്‍ മുഹമ്മദ്, കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ ഇവര്‍ക്കെല്ലാം സരിതയുമായി അടുപ്പമുണ്ടായിരുന്നതിന്റെ തെളിവുകളും പുറത്തുവരുന്നുണ്ട്. മുന്‍മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെയും ഗുരുതരമായ ആരോപണമുയര്‍ന്നിട്ടുണ്ട്. ഗണേഷിന്റെ ബന്ധുകൂടിയായ എ ഡി ജി പി അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രി തന്നെ പ്രതിയായ കേസില്‍ എ ഡി ജി പി അന്വേഷണം നടത്തുന്നതില്‍ പ്രസക്തിയില്ലെന്നും വി എസ് പറഞ്ഞു.

Latest