Connect with us

Kerala

ബിജുവിന്റെയും സരിതയുടെയും വസതികളില്‍ റെയ്ഡ്‌

Published

|

Last Updated

കൊല്ലം/ കൊച്ചി/ കോട്ടയം: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതികളായ ബിജു രാധാകൃഷ്ണന്‍, സരിത എസ് നായര്‍ എന്നിവരുടെ വസതികളിലും എറണാകുളത്തെ ടീം സോളാറിന്റെ ഓഫീസിലും തൃപ്പൂണിത്തുറ ഹില്‍ പാലസ് ഗേറ്റിനു സമീപത്തെ ഫ്രാഞ്ചൈസി ഓഫീസിലും പോലീസ് റെയ്ഡ് നടത്തി. ബിജുവിന്റെ കൊട്ടാരക്കരയിലുള്ള വസതിയില്‍ എ ഡി ജി പി ഹേമചന്ദ്രന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘമാണ് റെയ്ഡ് നടത്തിയത്. ബിജുവിന്റെ വീട്ടില്‍ രണ്ടര മണിക്കൂര്‍ പോലീസ് പരിശോധന നടത്തിയെങ്കിലും കാര്യമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. റെയ്ഡ് സമയം ബിജുവിന്റെ മാതാവ് വിരമിച്ച അധ്യാപിക രാജമ്മാള്‍ വീട്ടിലുണ്ടായിരുന്നു. നേരത്തെ ഇവര്‍ ബിജുവിന്റെ സഹോദരിയുടെ വീട്ടിലായിരുന്നു.
സോളാര്‍ പാനലുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് ഇടപാടുകാരുമായി ഉണ്ടാക്കിയ കരാറിന്റെ പകര്‍പ്പും കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതിന് കമ്പനി രജിസ്ട്രാറിന്റെ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും എം ഒ യുവിന്റെ പകര്‍പ്പും കമ്പ്യൂട്ടറും സരിതയുടെ വസതിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. കമ്പ്യൂട്ടര്‍ പരിശോധിച്ച ശേഷമേ അതില്‍ എന്തൊക്കെയാണുള്ളതെന്ന് പറയാന്‍ സാധിക്കുകയുള്ളുവെന്ന് ഡി വൈ എസ് പി. കെ ഹരികൃഷ്ണന്‍ പറഞ്ഞു. ടീം സോളാറിന്റെ ഓഫീസില്‍ നിന്ന് നിരവധി കരാറിന്റെ പകര്‍പ്പുകളും കണ്ടെത്തി.
ഫ്രാഞ്ചൈസി ഓഫീസില്‍ നടത്തിയ പരിശോധനയില്‍ തൃപ്പൂണിത്തുറയില്‍ റെഡ് ഈഗിള്‍ എന്ന സെക്യൂരിറ്റി സ്ഥാപനം നടത്തുന്ന സുബ്രഹ്മണ്യന്‍ എന്നയാള്‍ ഫ്രാഞ്ചൈസിക്കു വേണ്ടി മൂന്ന് വര്‍ഷം മുമ്പ് നല്‍കിയ അപേക്ഷയും തുടര്‍ന്ന് സരിത എസ് നായരും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് പതിനേഴ് ലക്ഷം രൂപ കൈപ്പറ്റിയ രേഖയും കണ്ടെത്തി. താന്‍ വഞ്ചിക്കപ്പെട്ടെന്നു കാണിച്ച് സുബ്രഹ്മണ്യന്‍ എറണാകുളം നോര്‍ത്ത് പോലീസില്‍ നല്‍കിയ പരാതിയിലാണ് ഫ്രാഞ്ചൈസിയിലെത്തി രേഖകള്‍ കണ്ടെടുത്തത്. ഒരു വര്‍ഷമായി ഈ ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു.
ടീം സോളാറിന്റെ കുറുപ്പന്തറയിലെ ഓഫിസിലും പോലീസ് സംഘം പരിശോധന നടത്തി. സോളാര്‍ പാനല്‍ വിവിധ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നല്‍കുന്നത് സംബന്ധിച്ച നിരവധി കരാറുകള്‍, ഡോ. ആര്‍ ബി നായര്‍ എന്ന പേരില്‍ ബിജു രാധാകൃഷ്ണന്‍ അടിച്ച വിസിറ്റിംഗ് കാര്‍ഡുകള്‍, കമ്പനിയുടെ ബുക്ക് ലെറ്റുകള്‍ തുടങ്ങിയവ കണ്ടെത്തി. ഓഫീസ് മാസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു.
അതേസമയം, സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍ തന്നെയും വഞ്ചിച്ചെന്ന് ബിജുവിന്റെ മാതാവ് രാജമ്മാള്‍ ആരോപിച്ചു. ബിജു വരുത്തിയ കടം മൂലമുണ്ടായ വീടിന്റെ ജപ്തി ഒഴിവാക്കിത്തരാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ഒന്നര വര്‍ഷം മുമ്പായിരുന്നു സംഭവം. മന്ത്രിമാരുമായി തനിക്കുള്ള അടുപ്പം ഉപയോഗിച്ച് ജപ്തി ഒഴിവാക്കിത്തരാമെന്നാണ് രാജമ്മാളിന് സരിത ഉറപ്പ് നല്‍കിയത്.
ഇതിന് അഞ്ച് ലക്ഷം രൂപ ചെലവ് വരുമെന്നാണ് സരിത പറഞ്ഞത്. അത്രയും പണം ഇല്ലെന്നു പറഞ്ഞപ്പോള്‍ ഒരു ലക്ഷം മതിയെന്നായി. ഇതിനു ട്രഷറിയിലെ ചെക്കാണ് നല്‍കിയത്. പണം മാറിയെടുത്ത് ആറ് മാസം പിന്നിട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായതെന്നും രാജമ്മാള്‍ പറഞ്ഞു. അതിനിടെ ടീം സോളാറിന്റെ ചിറ്റൂര്‍ റോഡിലുള്ള ഓഫീസ് ഒഴിപ്പിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് കെട്ടിട ഉടമ പോലീസില്‍ പരാതി നല്‍കി.

Latest