Connect with us

National

മോഡിയുടെ വ്യക്തിഗത ജയം; പാര്‍ട്ടിക്കും സഖ്യത്തിനും തിരിച്ചടി

Published

|

Last Updated

പാറ്റ്‌ന: രണ്ട് സാധ്യതകളാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ 17 വയസ്സുള്ള സഖ്യത്തിനായി നരേന്ദ്ര മോഡിയെ കൈയൊഴിയണം. അല്ലെങ്കില്‍ മോഡി വേണ്ടെന്ന നിലപാടില്‍ നിന്ന് ജനതാ ദള്‍ യുനൈറ്റഡ് പിന്നോട്ട് പോകണം. രണ്ടും സംഭവിച്ചില്ല. മോഡി ജയിച്ചു. ബി ജെ പിയും എന്‍ ഡി എ സഖ്യവും തോറ്റു; ബി ജെ പിയും ജനതാദള്‍ യുനൈറ്റഡും വഴി പിരിഞ്ഞു. ഗോവയില്‍ ഈ മാസം ഒന്‍പതിന് ചേര്‍ന്ന ബി ജെ പി നിര്‍വാഹക സമിതി യോഗത്തില്‍ നരേന്ദ്ര മോഡിയെ പ്രചാരണ സമിതി തലവനായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ സഖ്യത്തിന്റെ വിധി നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞിരുന്നു. മോഡിയെ മാറ്റില്ലെന്ന മുന്നുപാധി വെച്ചാണ് ബി ജെ പി നേതൃത്വം അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയത്. തിരക്കിട്ട കൂടിയാലോചന നടന്നുവെന്നല്ലാതെ ഒരു പോംവഴിയും തെളിയാതിരുന്നത് അതുകൊണ്ടാണ്.
മോഡിയുടെ സ്ഥാനലബ്ധിയില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ ഏറ്റവും ഉന്നതനായ നേതാവ് എല്‍ കെ അഡ്വാനി സ്ഥാനമാനങ്ങള്‍ വലിച്ചെറിഞ്ഞിട്ടും കുലുങ്ങാത്ത ബി ജെ പി രണ്ടും കല്‍പ്പിച്ചായിരുന്നു. മോഡിക്കായി വഴി മാറുകയെന്ന നിലയിലേക്ക് 36 മണിക്കൂറിനകം സാക്ഷാല്‍ അഡ്വാനി ചെറുതായപ്പോള്‍ തന്നെ മോഡി ജയിച്ചതാണ്.
മോഡിവിരുദ്ധ രാഷ്ട്രീയം ശക്തമായി മുന്നോട്ട് വെച്ച് സഖ്യം വേണ്ടെന്ന് വെക്കുന്ന നിതീഷ് കുമാര്‍ മുസ്‌ലിം- മഹാ ദളിത് പിന്തുണ തന്റെ പാര്‍ട്ടിക്ക് മുമ്പില്ലാത്ത വിധം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ സൂചന നല്‍കിയാണ് മഹാരാജ്ഗഞ്ചിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ഫലം വന്നത്. അവിടെ ജെ ഡി യുവിനെ തകര്‍ത്ത് ആര്‍ ജെ ഡി തിളക്കമാര്‍ന്ന വിജയം നേടി. ഈ പ്രവണത ആവര്‍ത്തിച്ചാല്‍ സഖ്യമില്ലാത്ത ജെ ഡി യുവിന് വന്‍ നഷ്ടമായിരിക്കും മിച്ചം. ആര്‍ ജെ ഡി ലാഭം കൊയ്യുകയും ചെയ്യും. ഇത് മുന്‍കൂട്ടി കാണുന്ന കോണ്‍ഗ്രസ് ജെ ഡി യുവുമായുള്ള സഖ്യത്തേക്കാള്‍ പ്രധാന്യം നല്‍കുക ആര്‍ ജെ ഡിക്കായിരിക്കും.
പാര്‍ട്ടിയെ രണ്ട് സീറ്റില്‍ നിന്ന് 161 സീറ്റിലേക്ക് വളര്‍ത്തിയ അഡ്വാനിയെപ്പോലുള്ള ഒരു നേതാവിനെയും പ്രാദേശികമായി നിര്‍ണായക പ്രാധാന്യമുള്ള ജെ ഡി യു പോലുള്ള ഒരു കക്ഷിയെയും ബലികഴിച്ച് നരേന്ദ്ര മോഡിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരിക വഴി ബി ജെ പിയും വലിയ നേട്ടമുണ്ടാക്കാന്‍ പോകുന്നില്ലെന്നാണ് വിലയിരുത്തല്‍. അപ്പോള്‍ വിജയിക്കുന്നത് മോഡി മാത്രമാണ്.