Connect with us

National

കോണ്‍ഗ്രസ്, ബി ജെ പി ഇതര പാര്‍ട്ടികളുടെ ഏകീകരണത്തിന് സി പി എം

Published

|

Last Updated

കൊല്‍ക്കത്ത: രാജ്യത്ത് ബദല്‍ നയരൂപവത്കരണത്തിന് കോണ്‍ഗ്രസ്, ബി ജെ പി ഇതര പാര്‍ട്ടികളുടെ ഏകീകരണത്തിന് പ്രവര്‍ത്തിക്കുമെന്ന് സി പി എം. രാഷ്ട്രീയരംഗത്ത് ഒരു ശുദ്ധികലശം നടക്കുന്നുണ്ട്. രാഷ്ട്രീയ കൂടിച്ചേരലുകളും പിരിഞ്ഞുപോകലുകളും നടക്കുന്നുവെന്ന് പാര്‍ട്ടി നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു.
ഈ രാഷ്ട്രീയ പ്രക്രിയക്ക് എന്ത് രൂപം വരുമെന്നത് ഭാവി കാര്യമാണ്. എന്നാല്‍, കോണ്‍ഗ്രസ്, ബി ജെ പി ഇതര പാര്‍ട്ടികളുടെ ഏകീകരണമാണ് സി പി എം ലക്ഷ്യമിടുന്നത്. രാഷ്ട്രത്തിന്റെ ആവശ്യങ്ങള്‍ക്ക് ബദല്‍ നയങ്ങള്‍ നല്‍കാന്‍ വേണ്ടിയാണത്.
ഫെഡറല്‍ മുന്നണിക്ക് വേണ്ടിയുള്ള പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആഹ്വാനത്തെ യെച്ചൂരി പരിഹസിച്ചു. വെറും പ്രഖ്യാപനങ്ങള്‍ കൊണ്ട് ഒരു മുന്നണിയുണ്ടാകില്ല. മുന്‍കാലങ്ങളില്‍ അത്തരം പരീക്ഷണങ്ങള്‍ കണ്ടതാണ്. അവര്‍ സുസ്ഥിരമായിരിക്കുകയോ ജനങ്ങളുടെ ആത്മവിശ്വാസം ആര്‍ജിക്കുകയോ ചെയ്തിട്ടില്ല. സ്വന്തം സര്‍ക്കാറിന്റെ വീഴ്ചകളില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള തന്ത്രമായിരിക്കാം ഇത്. അല്ലെങ്കില്‍ ദേശീയ രാഷ്ട്രീയത്തില്‍ തന്റെ പ്രാധാന്യം ഉയര്‍ത്തിക്കാണിക്കാനായിരിക്കാം.
രാജ്യത്ത് രണ്ട് ഇടത് ധാരകളുണ്ട്. കമ്മ്യൂണിസ്റ്റ് ഇടതും സോഷ്യലിസ്റ്റ് ഇടതുമാണത്. ഇവ രണ്ടും യോജിക്കുകയാണെങ്കില്‍ പ്രബല രാഷ്ട്രീയ ശക്തിയാകാം. അടുത്ത മാസം ഡല്‍ഹിയില്‍ ഇടത് പാര്‍ട്ടികളുടെ യോഗമുണ്ട്. കോണ്‍ഗ്രസ്, ബി ജെ പി ഇതര ബദല്‍ നയങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുക മാത്രമല്ല, നയങ്ങള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest