Connect with us

National

ആയുധം മാത്രമല്ല ഭക്ഷണവും വെള്ളവും ഇല്ല; ദുരിതം പേറി സി ആര്‍ പി എഫ്‌

Published

|

Last Updated

ന്യൂഡല്‍ഹി: സി ആര്‍ പി എഫ് സൈനികര്‍ക്ക് മികച്ച ആയുധങ്ങള്‍ ഇല്ലാത്തതിന് പുറമെ നല്ല ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന് സേനാമേധാവി പ്രാണയ് സഹായ്. ഛത്തീസ്ഗഢിലെയും ബീഹാറിലെയും മാവോയിസ്റ്റ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നുസി ആര്‍ പി എഫ്. ഡി ജി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. നക്‌സല്‍വേട്ടക്ക് പ്രധാനമായും രംഗത്തുള്ളത് സി ആര്‍ പി എഫാണ്. ബുള്ളറ്റുകളെ ചെറുക്കാനുള്ള ഹെല്‍മെറ്റും ഭക്ഷണ പാക്കറ്റും ഒരുമിച്ച് ചുമക്കാന്‍ സൈനികര്‍ക്ക് സാധിക്കുന്നില്ലെന്നും ബുള്ളറ്റുകളാണോ ഭക്ഷണമാണോ കൊണ്ടുപോകുന്നത് എന്നതില്‍ സൈനികര്‍ ആശങ്കപ്പെടുകയാണെന്നും വ്യവസായികളുടെ ഒരു പരിപാടിയില്‍ സംബന്ധിച്ച് സഹായ് പറഞ്ഞു.
സുരക്ഷാ സൈനികര്‍ക്ക് വേണ്ടി ആയുധങ്ങളുടെയും മറ്റ് ഉപകരണങ്ങളുടെയും ഇറക്കുമതി അത്ര സുഖകരമായ അവസ്ഥയിലല്ല. സ്വദേശി കമ്പനികളുടെ ഗവേഷണവും മറ്റ് പുരോഗതികളും അത്ര മെച്ചത്തിലല്ല. “റൈഫിള്‍ ബുള്ളറ്റുകളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഹെല്‍മറ്റുകളാണ് സൈനികര്‍ക്ക് വേണ്ടത്. ഇപ്പോഴുള്ളവ പിസ്റ്റള്‍ ബുള്ളറ്റുകളില്‍ നിന്ന് മാത്രമാണ് രക്ഷ നല്‍കുന്നത്.” സഹായ് പറഞ്ഞു.
പൈലറ്റില്ലാ വിമാനങ്ങള്‍ പോലുള്ള ആധുനിക ഉപകരണങ്ങള്‍ ആവശ്യമാണ്. വിദേശത്തു ് നിന്ന് ആയുധങ്ങള്‍ വരുത്തുന്നതിന് സമയം ഏറെ പിടിക്കുന്നു. ഇത് ഓപറേഷനുകളെ ബാധിക്കുന്നുണ്ട്. ആയുധ ലേലങ്ങളില്‍ അന്താരാഷ്ട്രതലത്തിലെ രണ്ടാം സ്ഥാനത്തുള്ള കമ്പനികള്‍ മാത്രമാണ് പങ്കെടുക്കുന്നത്. അതിനാല്‍ ഡി ആര്‍ ഡി ഒ മുതലായ തദ്ദേശീയ കമ്പനികളെ ആശ്രയിക്കേണ്ടിവരുന്നു. ഇന്ത്യന്‍ കമ്പനികള്‍ക്ക് അവരുടെതായ പരിമിതികളുണ്ട്. സൈന്യത്തിന് ആവശ്യമുള്ള അത്ര ആയുധങ്ങളും മറ്റ് സാമഗ്രികളും നിര്‍മിക്കാന്‍ അവക്കാവില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓപറേഷനുകള്‍ നടത്തുമ്പോള്‍ പാകം ചെയ്ത ഭക്ഷണമാണ് സൈനികര്‍ക്ക് നല്‍കുന്നത്. ഇതിന് ഭാരം കൂടുതലാണെന്ന് മാത്രമല്ല, പോഷകഘടകങ്ങള്‍ കുറവുമായിരിക്കും. മറ്റ് രാഷ്ട്രങ്ങളുമായി തുലനം ചെയ്യുമ്പോള്‍ പരിതാപകരമാണ് നമ്മുടെ അവസ്ഥ. 1.74 കിലോ ഗ്രാം വരുന്ന ഭക്ഷണപ്പൊതിയാണ് ഒരു സി ആര്‍ പി എഫ് കമാന്‍ഡോക്ക് വഹിക്കേണ്ടിവരുന്നത്. അതേസമയം, 600 ഗ്രാമാണ് അമേരിക്കന്‍ സൈനികന് വഹിക്കേണ്ടത്. മേന്മയില്ലാത്ത കുടിവെള്ളവുമാണ് നല്‍കുന്നത്. പലപ്പോഴും വെള്ളം അണുവിമുക്തവുമായിരിക്കില്ലെന്ന് സഹായ് പറഞ്ഞു. കുഴിബോംബ് പ്രതിരോധ വാഹനങ്ങള്‍, രാത്രിയില്‍ കാണാന്‍ കഴിയുന്ന ഉപകരണങ്ങള്‍, ജി പി എസ് തുടങ്ങി സൈനികര്‍ക്ക് ആവശ്യമായ ഉപകരണങ്ങളും അത്യാധുനിക ആയുധങ്ങളും നിര്‍മിക്കാന്‍ വ്യവസായികള്‍ രാജ്യത്ത് നിക്ഷേപം നടത്തണമെന്ന് സഹായ് ആവശ്യപ്പെട്ടു.

Latest