ഡല്‍ഹിയില്‍വെച്ച് സരിതയെ കണ്ടിട്ടില്ല: മുഖ്യമന്ത്രി

Posted on: June 17, 2013 8:54 am | Last updated: June 17, 2013 at 3:55 pm
SHARE

niyamasabha_3_3

തിരുവനന്തപുരം: സരിതാ നായരെ താന്‍ ഡല്‍ഹിയില്‍ വെച്ച് കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി സരിതാ നായരെ താന്‍ കണ്ടിട്ടില്ല. വിജ്ഞാന്‍ ഭവനില്‍ വെച്ച് കണ്ടത് സരിതയെ അല്ല, മറിച്ച് സംസ്ഥാന സര്‍ക്കാറിന്റെ അഭിഭാഷകയെയാണ്. ബിജുവുമായി സംസാരിച്ചിട്ടുണ്ട്. അത് കുടുംകാര്യങ്ങളായിരുന്നു. താന്‍ സംസാരിക്കുമ്പോള്‍ ബിജു പിടികിട്ടാപ്പുള്ളിയായിരുന്നില്ല. സോളാര്‍ കമ്പനിക്ക് താന്‍ ശുപാര്‍ശക്കത്ത് നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്നും മാത്യൂ ടി തോമസാണ് നോട്ടീസ് നല്‍കിയത് തന്റെ ഓഫീസ് ചിലര്‍ ദുരുപയോഗം ചെയ്തു. അവര്‍ക്ക് സ്വാതന്ത്ര്യം കൂടുതല്‍ ലഭിച്ചതിനാലാണ് ഇത്. ബിജു രാധാ കൃഷ്ണന്റെ മരണം കൊലപാതകമാണെന്ന ആരോപണം അന്വേഷിക്കാന്‍ അന്നത്തെ മന്ത്രിയായിരുന്ന കോടിയേരി ഒന്നും ചെയ്തില്ല. ക്രിമിനല്‍ കേസെടുത്തത് യു ഡി എഫ് സര്‍ക്കാറാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് പ്രതിപക്ഷം പറഞ്ഞു.

നേരത്തെ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭയില്‍ ചോദ്യോത്തരവേള സ്പീക്കര്‍ നിര്‍ത്തിവെച്ചു. സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്നാണ് പ്രതിപക്ഷംപ്രതിഷേധിച്ചത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കിയാണ് ഇന്ന് പ്രതിപക്ഷം സഭയിലേക്ക് വന്നത്.

ചോദ്യോത്തരവേള നിര്‍ത്തിവെക്കുന്നത് അപൂര്‍വമായ സംഭവമാണ്. ചോദ്യോത്തരവേള നിര്‍ത്തിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത് സ്പീക്കര്‍ അംഗീകരിച്ചില്ല.
ചോദ്യോത്തരവേള കഴിഞ്ഞതിന് ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം അടങ്ങിയില്ല. തുടര്‍ന്ന് സഭ നിര്‍ത്തിവെക്കാന്‍ സ്പീക്കര്‍ തീരുമാനിക്കുകായിരുന്നു.