കേന്ദ്ര ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തില്ല

Posted on: June 17, 2013 8:44 am | Last updated: June 17, 2013 at 8:44 am
SHARE

Retirement-ageന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 62 ആയി ഉയര്‍ത്താനുള്ള നീക്കമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പേഴ്‌സനല്‍ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ പേഴ്‌സനല്‍ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന് എഴുതിയിരുന്നുവെന്നും മന്ത്രിസഭയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ഈയടുത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവിധ വകുപ്പുകളിലായി അരക്കോടി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുണ്ട്.
ധനമന്ത്രാലയവുമായും മറ്റു വകുപ്പുകളുമായും വിശദമായി ചര്‍ച്ച ചെയ്തിട്ടേ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുകയുള്ളൂ. ധനമന്ത്രാലയത്തിന്റെ അനുമതി കൂടാതെ ഈ വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ കഴിയുകയില്ല. പരമാവധി ചെലവ് കുറക്കുകയും കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രിക്കാന്‍ പാടുപെടുകയും ചെയ്യുന്ന സര്‍ക്കാറിന് വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് തിരിച്ചടിയാകും. 2012-13 വര്‍ഷത്തെ ഒക്‌ടോബര്‍- ഡിസംബര്‍ പാദത്തില്‍ കറന്റ് അക്കൗണ്ട് കമ്മി 6.7 ശതമാനത്തോടെ റെക്കോര്‍ഡ് ഉയര്‍ച്ചയിലായിരുന്നു. എണ്ണയുടെയും സ്വര്‍ണത്തിന്റെയും ഇറക്കുമതി വര്‍ധിച്ചതോടെയാണിത്.
നിലവില്‍ കേന്ദ്ര സര്‍വീസിലുള്ള അധ്യാപകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും വിരമിക്കല്‍ പ്രായം 62 ആണ്. ഇവരുടെ വിരമിക്കല്‍ പ്രായം 64 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.