മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വണ്ടിച്ചെക്ക് നല്‍കി പറ്റിച്ചു

Posted on: June 17, 2013 8:11 am | Last updated: June 17, 2013 at 8:19 am
SHARE

solar-plant-630തിരുവനന്തപുരം: തട്ടിപ്പ് നടത്തിയ ടീം സോളാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് വണ്ടിച്ചെക്ക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കുമെന്ന് പ്രചരിപ്പിച്ച ശേഷം അതിന്റെ പത്തിലൊന്ന് തുക നല്‍കിയില്ലെന്ന് മാത്രമല്ല, നല്‍കിയ തുകയുടെ ചെക്ക് പണമില്ലാതെ മടങ്ങുകയും ചെയ്തു. മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറുന്ന ഫോട്ടോ ഉപയോഗിച്ച് 25 ലക്ഷം കൈമാറിയെന്ന് പ്രചരിപ്പിച്ച് തട്ടിപ്പും നടത്തി.
2011 ആഗസ്റ്റ് എട്ടിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ചാണ് ടീം സോളാര്‍ കമ്പനി പ്രതിനിധികളില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് ചെക്ക് സ്വീകരിച്ചത്. ഫോട്ടോഗ്രാഫര്‍മാരുമായി വന്ന് ടീം സോളാറിന്റെ മൂന്ന് പ്രതിനിധികളാണ് ചെക്ക് കൈമാറിയത്.
മുഖ്യമന്ത്രിക്ക് തുക നല്‍കുന്ന ചിത്രം പിന്നീട് ധനശേഖരണത്തിനുള്ള പ്രചാരണ ചിത്രമായി ടീം സോളാര്‍ ഉപയോഗിച്ചു. ഈ ചിത്രം കാണിച്ചാണ് തങ്ങളില്‍ നിന്ന് വന്‍ തുക കമ്പനിയിലേക്ക് വാങ്ങിയതെന്ന് തട്ടിപ്പിനിരയായ നിരവധി പേര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. തുടര്‍ന്നാണ് ചിത്രം തേടി പോലീസ് ഇറങ്ങിയത്. മുഖ്യമന്ത്രിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ ഉപയോഗിച്ച് സോളാര്‍ തട്ടിപ്പ് കമ്പനി കോടികള്‍ സമ്പാദിച്ചു.
നിക്ഷേപകരുടെ വിശ്വാസം ആര്‍ജിക്കാന്‍ ‘മുഖ്യമന്ത്രിക്ക് 25 ലക്ഷം രൂപ’ സംഭവന നല്‍കിയിരിക്കുന്നുവെന്ന പ്രിന്റ് ചെയ്ത േഫാട്ടോയാണ് തങ്ങളെ കാണിച്ചതെന്ന് കബളിപ്പിക്കപ്പെട്ടവര്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന ചെക്കുകള്‍ ധനവകുപ്പിന് കീഴിലെ മോണിറ്ററിംഗ് സെല്ലിനാണ് കൈമാറുക. ഈ സെല്‍ ആണ് ചെക്ക് കലക്ഷന് അയക്കുന്നത്. കലക്ഷന് അയക്കാനായി കവര്‍ പൊട്ടിച്ചപ്പോഴാണ് വാഗ്ദാനം ചെയ്തിരുന്ന തുക ചെക്കില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് ജീവനക്കാര്‍ വിവരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് ചെക്ക് ആഗസ്റ്റ് മാസം തന്നെ കലക്ഷനയച്ചു. അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് മടങ്ങി. സാധാരണ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുന്ന പല ചെക്കുകളും ഇങ്ങനെ പണമില്ലാതെ തിരുച്ചുവരിക സാധാരണമായതിനാല്‍ ഉദ്യോഗസ്ഥര്‍ കാര്യമാക്കിയില്ല. ചെക്ക് മടങ്ങിയ വിവരം അക്കൗണ്ട് ഉടമയെ വിളിച്ചറിയിച്ചാല്‍ ഉടന്‍ തന്നെ അക്കൗണ്ടില്‍ പണം എത്തിക്കാറുണ്ട്. ചെക്കുമടങ്ങിയ വിവരം ടീം സോളാര്‍ കമ്പനിയെ പലതവണ അറിയിച്ചിട്ടും മറുപടി ഇല്ലാതെ വന്നതോടെ ധനവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ ടീം സോളാറിന്റെ ഓഫീസിലെത്തിയെങ്കിലും എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഞങ്ങള്‍ അറിയിച്ചോളാം എന്ന മറുപടിയാണത്രേ ലഭിച്ചത്.
വാഗ്ദാനം ചെയ്ത 25 ലക്ഷത്തിന്റെ പത്തിലൊന്നുപോലും ചെക്കില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ അനുകൂല നിലപാടല്ല ഉണ്ടായതെന്നും തട്ടിപ്പു കമ്പനിയാണെന്നും ദുരിതാശ്വാസ നിധി മോണിറ്ററിംഗ് സെല്‍ രേഖാമൂലം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.