സോളാര്‍ തട്ടിപ്പ്: വ്യാപക റെയ്ഡ്; നാല് പേര്‍ കസ്റ്റഡിയില്‍

Posted on: June 17, 2013 8:13 am | Last updated: June 17, 2013 at 8:13 am
SHARE

solar panelതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെ പിടിച്ചുലക്കുന്ന സോളാര്‍ തട്ടിപ്പില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവ്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. പ്രമുഖ സീരിയല്‍ നടി ശാലു മേനോനും തട്ടിപ്പില്‍ ബന്ധമുണ്ടെന്നതിന് പോലീസിന് തെളിവുകള്‍ ലഭിച്ചു. കമ്പനിയുടെ സി ഇ ഒയും എം ഡിയുമായ ബിജു രാധാകൃഷ്ണന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. ടീം സോളാറിന്റെ ഓഫീസുകളിലും ബിജുവിന്റെ വീട്ടിലും ഇന്നലെ പോലീസ് റെയ്ഡ് നടത്തി. അതേസമയം, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭത്തിനിറങ്ങുന്ന പശ്ചാത്തലത്തില്‍ ടീ സോളാറുമായി എല്‍ ഡി എഫ് നേതാക്കള്‍ക്കുള്ള ബന്ധം അന്വേഷിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി എ ഡി ജി പി. ടി പി സെന്‍കുമാറിന് നിര്‍ദേശം നല്‍കി. രണ്ട് എസ് പിമാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കുകയും ചെയ്തു.
കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്‌കുമാര്‍ ബഹ്‌റ, തൃശൂര്‍ ക്രൈം ബ്രാഞ്ച് എസ് പി ഉണ്ണിരാജ എന്നിവരെയാണ് അന്വേഷണ സംഘത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയത്. ബിജു രാധാകൃഷ്ണന്‍ ഒളിവില്‍ പോയത് തൃശൂരില്‍ നിന്നാണെന്നും വ്യക്തമായിട്ടുണ്ട്. എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്തും തട്ടിപ്പിന് മന്ത്രിമാരുടെ പേര് ഉപയോഗപ്പെടുത്തിയെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍, ബിജുവിനും സരിതക്കും മുന്‍ മന്ത്രിമാരുമായോ എല്‍ ഡി എഫ് നേതാക്കളുമായോ ബന്ധമുണ്ടായിരുന്നോവെന്ന് അന്വേഷിക്കാനാണ് സെന്‍കുമാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് നിയമസഭ ചേരും മുമ്പ് തന്നെ സെന്‍കുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കും. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും സഭയില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെ നേരിടുകയെന്നാണ് സൂചന.
നടി ശാലു മേനോന് ടീം സോളാറുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. തട്ടിപ്പിന് ഇരയായവരും ടീം സോളാറിലെ ജീവനക്കാരും ശാലു മേനോന്റെ പങ്ക് വ്യക്തമാക്കി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയിലാണ് ബിജു രാധാകൃഷ്ണന്‍ ഇടപാടുകാര്‍ക്ക് ശാലു മേനോനെ പരിചയപ്പെടുത്തിയിരുന്നത്. കമ്പനിയിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്തിരുന്നതും ശാലു മേനോനായിരുന്നുവെന്ന് മൊഴി നല്‍കി. ബിജു രക്ഷപ്പെടുമ്പോള്‍ തൃശൂരില്‍ ശാലു മേനോന്‍ കൂടെയുണ്ടായിരുന്നതിനും തെളിവ് ലഭിച്ചു. ഈ സാഹചര്യത്തില്‍ ശാലുവിനെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും. അറസ്റ്റ് ഭയന്ന് ശാലു മേനോന്‍ വീട്ടില്‍ നിന്ന് മുങ്ങി.
ഇന്നലെ രാവിലെയാണ് ടീം സോളാര്‍ ഓഫീസുകളില്‍ റെയ്ഡ് നടന്നത്. ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണന്റെ കൊട്ടാരക്കര കുളക്കടയിലുള്ള വീട്ടിലും എറണാകുളം, തൃപ്പൂണിത്തുറ, കൊല്ലം, തിരുവനന്തപുരം എന്നിവടങ്ങളിലെ ഓഫീസിലും റെയ്ഡ് നടന്നു. കരാര്‍ രേഖകള്‍, മുദ്രപത്രങ്ങള്‍, ചെക്കുകള്‍, ഡോ. ആര്‍ ബി നായര്‍ എന്ന പേരില്‍ ബിജു രാധാകൃഷ്ണന്‍ അടിച്ച വിസിറ്റിംഗ് കാര്‍ഡുകള്‍, കമ്പനിയുടെ കുറേ ബുക്ക്‌ലെറ്റുകള്‍ തുടങ്ങിയവ റെയ്ഡില്‍ കണ്ടെടുത്തു. ബിജുവിന്റെ ഓഫീസില്‍ നടന്ന റെയ്ഡില്‍ കേരളത്തിലും തമിഴ്‌നാട്ടിലും തട്ടിപ്പ് നടത്തിയതിന്റെ രേഖകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. നിരവധി സിം കാര്‍ഡുകളും വസ്തുക്കളുടെ രേഖകള്‍ പണയം വച്ചതിന്റെ രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് നാല് പേരെ കസ്റ്റഡിയിലെടുത്തത്.
ബിജു രാധാകൃഷ്ണന്‍ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടിലും തിരച്ചില്‍ നടത്തുന്നുണ്ട്. സരിതാ നായര്‍ക്കെതിരെ കോഴിക്കോട് എലത്തൂര്‍ പോലീസും കേസ് രജിസ്റ്റര്‍ ചെയ്തു. സരിത പോലീസ് പിടിയിലായ ജൂണ്‍ രണ്ടിന് തൃശൂരിലെ ഹോട്ടലില്‍ ഡോ. ബിജു എന്ന പേരിലാണ് ബിജു രാധാകൃഷ്ണന്‍ മുറിയെടുത്തത്. സരിത അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതോടെ നാലാം തീയതി പുലര്‍ച്ചെ ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് പോലീസിന്റെ നിഗമനം.
അതിനിടെ, തട്ടിപ്പു കേസിലെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡി ജി പി. കെ എസ് ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ പോലീസ് ആസ്ഥാാനത്ത് ഉന്നതതലയോഗം ചേര്‍ന്നു. അന്വേഷണ സംഘത്തലവന്‍ എ ഡി ജി പി. എ ഹേമചന്ദ്രന്‍, ഇന്റലിജന്‍സ് മേധാവി ടി പി സെന്‍കുമാര്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.