അനിവാര്യമായ പതനം

Posted on: June 17, 2013 6:05 am | Last updated: June 17, 2013 at 7:40 am
SHARE

siraj copyഒന്നര ദശാബ്ദത്തിലേറെ പഴക്കം ചെന്ന ബി ജെ പി സഖ്യമുപേക്ഷിക്കാനുള്ള ജനതാദള്‍ (യു) തീരുമാനം പ്രതീക്ഷിതവും ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ അനിവാര്യതയുമാണ് വരച്ചുകാട്ടുന്നത്. ഇനി ജനതാദളിനും ബി ജെ പിക്കും മുമ്പില്‍ വെവ്വേറെ വഴികള്‍.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ബി ജെ പി തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കിയതിലും മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥി അല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലുമാണ് ബീഹാറില്‍ ഭരണം കൈയാളുന്ന ജനതാദളിന് കടുത്ത തീരുമാനം കൈക്കൊള്ളേണ്ടി വന്നത്. രണ്ടര വര്‍ഷം കൂടി കാലാവധി അവശേഷിക്കുന്ന ബീഹാറിലെ നീതീഷ്‌കുമാറിന്റെ മന്ത്രിസഭയുടെ കെട്ടുറപ്പിനെ ബാധിക്കില്ലെന്ന് ഉറപ്പ് വരുത്തിയാണ് തീരുമാനം. ബി ജെ പി ബാന്ധവം ഉപേക്ഷിച്ച നിതീഷ് കുമാര്‍ തന്റെ മന്ത്രിസഭയിലെ പതിനൊന്ന് മന്ത്രിമാരെ പുറത്താക്കുകയും പാര്‍ട്ടിയധ്യക്ഷന്‍ ശരത് യാദവ് എന്‍ ഡി എ കണ്‍വീനര്‍ സ്ഥാനം ഒഴിയുകയും ചെയ്തിരിക്കയാണ്.
ബി ജെ പിയില്‍ മോഡി യുഗത്തിന്റെ ആഗമനം ജനാധിപത്യത്തിനും മതേതര പാരമ്പര്യത്തിനും ഭീഷണിയാകുമെന്ന തിരിച്ചറിവാണ് കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ മറുകണ്ടം ചാടിയ ജനതാ ദളിനെ മാറിച്ചിന്തിപ്പിച്ചതെന്നത് പകല്‍പോലെ വ്യക്തം. ലാലു ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത മുതലെടുത്ത് പുതിയ പ്രതീക്ഷകളുമായി ന്യൂനപക്ഷ പിന്നാക്ക വിഭാഗത്തിന്റെ വോട്ട് നേടി അധികാരത്തിലേറിയ നിതീഷ് കുമാറിന് ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ മഹാരാജ് ഗഞ്ചില്‍ നേരിട്ട അപ്രതീക്ഷിത തോല്‍വിയും ബി ജെ പിയെ അതിവേഗം കൈയൊഴിയാനുള്ള രാഷ്ട്രീയ നിലപാടിന് പ്രേരകമായിട്ടുണ്ടാകണം. ഗുജറാത്തില്‍ വംശവെറിയിലൂടെ അധികാരം കാക്കുന്ന നരേന്ദ്ര മോഡിയെ കൂട്ടുപിടിച്ചാല്‍ ബീഹാറില്‍ നിര്‍ണായക സ്വാധീനമുള്ള മുസ്‌ലിംകളുടെ വോട്ടുകള്‍ നഷ്ടമാകുമെന്നതിന് ചൂണ്ടുപലകയാണ് കഴിഞ്ഞ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തിക്കഴിഞ്ഞതാണ്. ജനതാ ദളിന് മുമ്പില്‍ ഇനി മൂന്ന് വഴികളേയുള്ളു. സ്വന്തം നിലയില്‍ ബീഹാറില്‍ തിരഞ്ഞെടുപ്പിനെ നേരിടുക. കോണ്‍ഗ്രസ് മുന്നണിയില്‍ അണിചേര്‍ന്ന് ലാലുവിന്റെ സാധ്യതകളെ അട്ടിമറിക്കുക, മമതയോട് ചേര്‍ന്ന് മൂന്നാം ബദലിന് രൂപം നല്‍കുക. ഇതില്‍ മൂന്നാമത്തെതിനാണ് രാഷ്ട്രീയ നിരീക്ഷകര്‍ സാധ്യത കല്‍പ്പിക്കുന്നത്.
മോഡിയെ മുന്‍നിര്‍ത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ബി ജെ പിയുടെ തീരുമാനത്തിനേറ്റ രണ്ടാമത്തെ പ്രഹരമാണ് ബീഹാറില്‍ ഭരണമുന്നണിയിലെ ഇടം നഷ്ടപ്പെടുത്തിയത്. സ്വന്തം കൂടാരത്തില്‍ നിന്ന് തന്നെ നേരിടേണ്ടിവന്ന എതിര്‍പ്പായിരുന്നു ആദ്യത്തേത്. കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി എല്‍ കെ അഡ്വാനി പാര്‍ട്ടി നേതൃസ്ഥാനങ്ങള്‍ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പാടുപെട്ടാണ് പരിഹരിച്ചത്. മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ ബി ജെ പിയോട് ഏറെക്കാലം പുലര്‍ത്തിയിരുന്ന തൊട്ടുകൂടായ്മയെന്ന രാഷ്ട്രീയ സാഹചര്യമാണ് പുനര്‍ജനിച്ചിരിക്കുന്നത്. മതേതര പാരമ്പര്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടികളെല്ലാം എന്‍ ഡി എയോട് വഴിപിരിഞ്ഞിരിക്കുന്നു. തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഉണ്ടായേക്കാവുന്ന രാഷ്ട്രീയ ധ്രുവീകരണമൊന്നും ബി ജെ പിക്കനുകൂലമാകാനിടയില്ല. തിടുക്കത്തില്‍ മോഡിയെ പ്രചാരണച്ചുമതല ഏല്‍പ്പിച്ചതിന്റെ തിക്തഫലമാണ് ജനതാദള്‍ വേര്‍പിരിയലെന്ന് എല്‍ കെ അഡ്വാനി തന്നെ തുറന്നടിച്ചു കഴിഞ്ഞു.
ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവര്‍ അധികാരലബ്ധിക്കായി ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും വെറിയും വര്‍ഗീയതയും വളര്‍ത്തുക നയമായി കൈക്കൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും ഒറ്റപ്പെടുത്തുകയോ മൂലക്കിരുത്തുകയോയാണ് ചെയ്യേണ്ടത് . ഈയൊരു കാഴ്ചപ്പാടാണ് രാജ്യത്തിന്റെ അഖണ്ഡതക്കും ദേശീയോദ്ഗ്രഥനത്തിനും ഇന്ന് അനിവാര്യതയായി തീര്‍ന്നിരിക്കുന്നത്. മോഡിയെ മുന്നില്‍ നിര്‍ത്താനുള്ള തീരുമാനം നഷ്ടങ്ങളുടെ കണക്കുപുസ്തകമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ് തീരുമാനം മാറ്റാന്‍ ബി ജെ പിയും തയ്യാറാകുകയാണ് വേണ്ടത് . അല്ലാത്തപക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനാധിപത്യ വിശ്വാസികള്‍ ബാലറ്റിലൂടെ മറുപടി നല്‍കണം.