Connect with us

Gulf

വിദ്യ അക്കാഡമിയുടെ എഞ്ചിനീയറിംഗ് കോളജ് അടുത്ത മാസം തുറക്കും

Published

|

Last Updated

ദുബൈ: പ്രവാസി മലയാളികളുടെ ട്രസ്റ്റിഷിപ്പില്‍ പ്രവര്‍ത്തിക്കുന്ന വിദ്യ അക്കാഡമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കീഴില്‍ ആരംഭിക്കുന്ന രണ്ടാമത്തെ എഞ്ചിനിയറിംഗ് കോളജ് തിരുവവന്തപുരം ജില്ലയിലെ കിളിമാനൂരില്‍ ആരംഭിക്കുമെന്ന് വിദ്യ ഇന്റര്‍നാഷ്ണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി കെ അശോകന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അടുത്ത മാസം കോളജില്‍ അഡ്മിഷന്‍ ആരംഭിക്കും. 27 കോടി മുടക്കി കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും സജ്ജീകരിച്ചിട്ടുണ്ട്. നാലു ബ്രാഞ്ചുകളിലായി 240 കുട്ടികള്‍ക്കാവും പ്രവേശനം അനുവദിക്കുക. മാനേജ്‌മെന്റ് ക്വാട്ടയിലും സര്‍ക്കാരിന്റെ മെറിറ്റ് അനുസരിച്ചാവും കുട്ടികളെ പ്രവേശിപ്പിക്കുക.
എം സി റോഡില്‍ നിന്നും ദേശീയപാതയില്‍ നിന്നും എളുപ്പത്തില്‍ എത്താവുന്ന ഇടത്താണ് 18 ഏക്കര്‍ സ്ഥലത്ത് ക്യാമ്പസ് ആരംഭിച്ചിരിക്കുന്നത്. 2000ല്‍ ആരംഭിച്ച ട്രസ്റ്റിന് കീഴീല്‍ നിലവില്‍ തൃശൂരില്‍ നല്ല രീതിയില്‍ എഞ്ചിനിയറിംഗ് കോളജ് പ്രവര്‍ത്തിക്കുന്നതായും സംസ്ഥാനത്തെ ഏറ്റവും മികച്ച എഞ്ചിനിയറിംഗ് കോളജുകളില്‍ ഒന്നാണ് ഇതെന്നും അദ്ദേഹം വിശദീകരിച്ചു. അധികം വൈകാതെ കണ്ണൂരിലും എഞ്ചിനിയറിംഗ് കോളജ് ആരംഭിക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ട്രസ്റ്റ് ആരംഭിച്ചിരിക്കയാണ്.
സ്ഥാപനം നടത്തി ലഭിക്കുന്ന വരുമാനത്തിന്റെ 50 ശതമാനം മെറിറ്റ് സ്‌കോളര്‍ഷിപ്പായി ട്രസ്റ്റ് നല്‍കി വരുന്നു. എഞ്ചിനിയറിംഗ് കോളജിനോട് അനുബന്ധിച്ച് തൊഴില്‍ പരിശീലനം നല്‍കാന്‍ ഹൃസ്വകാല കോഴ്‌സ് ആരംഭിക്കാന്‍ പദ്ധതിയുള്ളതായും അശോകന്‍ പറഞ്ഞു. ജോയന്റ് സെക്രട്ടറി ബി ശ്രീകുമാര്‍, സാബു സൗമ്യന്‍, സാംസണ്‍ ചെക്കോ പങ്കെടുത്തു.

---- facebook comment plugin here -----

Latest