‘പോസിറ്റീവ് ക്യാന്‍സര്‍’ ഫൗണ്ടേഷന് തുടക്കമായി

Posted on: June 16, 2013 9:20 pm | Last updated: June 16, 2013 at 9:20 pm
SHARE

അബുദാബി: തലസ്ഥാനത്ത് പോസിറ്റീവ് ക്യാന്‍സര്‍ ഫൗണ്ടേഷന് തുടക്കമായി. രാജ്യത്ത് ഇത്തരത്തിലുള്ള പ്രഥമ ഫൗണ്ടേഷനാണ് ഇതെന്ന് അധികൃതര്‍ വ്യക്തമാക്കി. ക്യാന്‍സറിനെതിരായി സമൂഹത്തില്‍ ആവശ്യമായ ബോധവത്ക്കരണം ലക്ഷ്യമാക്കിയാണ് സാമൂഹിക മന്ത്രാലയത്തിന് കീഴില്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുക. ഇതിനാവശ്യമായ തന്ത്രങ്ങളും കേന്ദ്രം സ്വീകരിക്കും.
ക്യാന്‍സര്‍ രോഗികളും പൊതുസമൂഹവുമായി സഹവര്‍ത്തിത്വം ഉറപ്പാക്കുക, ക്യാ ന്‍സറിനെതിരായി ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജനങ്ങളെ ബോധവത്ക്കരിക്കുക എന്നിവയെല്ലാമാണ് ഫൗണ്ടേഷനിലൂടെ ലക്ഷ്യമിടുന്നത്. ഫൗണ്ടേഷന്‍ രൂപീകരിക്കാന്‍ സാമൂഹിക മന്ത്രാലയത്തിന് കീഴില്‍ ഇത്തരം ഒരു പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച സാമൂഹിക കാര്യ മന്ത്രി മറിയം അല്‍ റൂമിയെ അഭിനന്ദിക്കുന്നതായി ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ അമല്‍ അല്‍ ഹദ്ദാബി വ്യക്തമാക്കി.
തികച്ചും മാനുഷിക പരിഗണന ലക്കാക്കിയാണ് ഫൗണ്ടേഷന്‍ രൂപീകരിച്ചിരിക്കുന്നത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനമാവും നടത്തുക. യു എ ഇ സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തിലാണ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുക. ക്യാന്‍സര്‍ ബാധിച്ച് നിരാലംബരായവരെയും പൊതുജീവിതത്തില്‍ നിന്നും ഉള്‍വലിഞ്ഞ് പോയവരെയും പരമാവധി സമൂഹവുമായി നിരന്തരം ബന്ധപ്പെടുത്താനും ജീവിതം കഴിയുന്നത്ര സുഗമമാക്കാനും ഫൗണ്ടേഷന്‍ ആവുന്നതെല്ലാം ചെയ്യും. ക്യാന്‍സറുമായി ബന്ധപ്പെട്ട് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മെഡിക്കല്‍ ഇലക്ട്രോണിക് ഡാറ്റ ബെയ്‌സ് ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ റീം അല്‍ ബുഐനയിന്‍ പറഞ്ഞു.