വി എം സതീശിന്റെ ‘ഡിസ്ട്രസ്സിംഗ് എന്‍കൗണ്ടേഴ്‌സ്’

Posted on: June 16, 2013 9:18 pm | Last updated: June 16, 2013 at 9:18 pm
SHARE

ദുബൈ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യയിലും വിദേശത്തുമായി പത്രപ്രവര്‍ത്തകനായി ജോലി നോക്കുന്ന വി എം സതീഷിന്റെ മനുഷ്യ ഗന്ധിയായ 660 റിപ്പോര്‍ട്ടുകളുടെ സമാഹാരമായ ‘ഡിസ്ട്രസ്സിംഗ് എന്‍കൗണ്ടേഴ്‌സ് റിയല്‍ ലൈഫ് സ്‌റ്റോറീസ് ഫ്രം എ റിപോര്‍ട്ടേഴ്‌സ് ഡയറി’ എന്ന ഗ്രന്ഥം ഈ മാസം 20ന് ദുബൈയില്‍ പ്രകാശനം ചെയ്യും. ദുബൈയിലെ മാധ്യമ പ്രവര്‍ത്തനത്തിന്റെ ചരിത്രം കൂടി പറയുന്നതാണ് 800ല്‍ പരം പേജുകളുള്ള ഈ ബൃഹത്ത് ഗ്രന്ഥം.
യു എ ഇയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെ ചര്‍ച്ച ചെയ്യപ്പെട്ട ലേഖനങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ സതീഷ് സൗമനസ്യം കാണിച്ചിരിക്കുന്നത് കൂടി കണക്കിലെടുത്താല്‍ എല്ലാ അര്‍ഥത്തിലും യു എ ഇയിലെ മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ എഴുത്തിലൂടെയുള്ള സാമൂഹിക ഇടപെടലുകളുടെ നേര്‍സാക്ഷ്യം കൂടിയായി മാറുന്നു ‘ഡിസ്ട്രസ്സിംഗ് എന്‍കൗണ്ടേഴ്‌സ്’.
എമിറേറ്റ്‌സ് 24/7 സീനിയര്‍ റിപോര്‍ട്ടറായ വി എം സതീശിന്റെ പ്രഥമ പുസ്തകമാണിത്. ഇന്ത്യന്‍ സ്ഥാനപതി എം കെ ലോകേഷ്, എമിറേറ്റ്‌സ് ടുഡേ എഡിറ്റര്‍ മുസ്തഫ അല്‍ റാവിക്ക് നല്‍കി പ്രകാശനം ചെയ്യും. ഒരു ആതുരശുശ്രൂഷകന്റേതുപോലെ തികച്ചും സമൂഹത്തിന് ആശ്രയിക്കാവുന്നതും ഇരകളാക്കപ്പെടുന്ന പാവപ്പെട്ടവന് കൈതാങ്ങാവാനും മാധ്യമ പ്രവര്‍ത്തകനാല്‍ കഴിയുമെന്ന് സതീഷിന്റെ പുസ്തകം വായനക്കാരെ ഓര്‍മപ്പെടുത്തുമെന്ന് തീര്‍ച്ച.
ഗള്‍ഫ് മേഖലയില്‍ 15 വര്‍ഷം മുമ്പ് മനുഷ്യന്റെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ആരും പേന ചലിപ്പിക്കാത്ത ഒരു കാലം ഉണ്ടായിരുന്നെന്നും ഇതാണ് ഇവര്‍ക്കായി എഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ഇന്ത്യന്‍ മീഡിയ ഫോറം(ഐ എം എഫ്) സംഘടിപ്പിച്ച മുഖാമുഖത്തില്‍ സതീഷ് വ്യക്തമാക്കി. കിഡ്‌നി നഷ്ട്‌പ്പെട്ട് മരണം മുന്നില്‍ കണ്ട് ജീവിക്കുന്ന മലയാളിയെക്കുറിച്ചുള്ള ലേഖലത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. ക്യാന്‍സര്‍ ബാധിച്ച ഫിലിപ്പിനോ ബാലന്റെ ദുരിത കഥയിലെത്തുന്നതോടെ ഭാഷയുടെയും ദേശത്തിന്റെയും അതിര്‍ വരമ്പുകള്‍ ഭേദിക്കുകയാണ് സതീശിലെ പത്രപ്രവര്‍ത്തകന്‍. കേരളത്തില്‍ ഇന്ന് തൊട്ടയല്‍പക്കത്ത് സംഭവിക്കുന്നത് പോലും ഗൗനിക്കാത്ത സമൂഹമാണ് ജീവിക്കുന്നതെന്നും ഇവരില്‍ നിന്നും വ്യത്യസ്തമാണ് യു എ ഇയിലെ പ്രവാസി സമൂഹമെന്നും സതീശ് പറഞ്ഞു.
ക്രെഡിറ്റ് കാര്‍ഡിന്റെ ചതിക്കുഴിയില്‍ വീണ് ഒടുവില്‍ ആരാലും സഹായിക്കാനില്ലാതെ ആത്മഹത്യയില്‍ ഒടുങ്ങേണ്ടി വന്ന സിന്ധിയായ ബിസിനസ് കാരന്റെ ദാരുണ കഥ ഉള്‍പ്പെടെ കരളലയിക്കുന്ന ഒരുപാട് റിപ്പോര്‍ട്ടുകള്‍ സതീഷ് പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഐ എം എഫ് പ്രസിഡന്റ് എല്‍വിസ് ചുമ്മാര്‍ പങ്കെടുത്തു.