Connect with us

Gulf

കീടനാശിനി ശ്വസിച്ചുള്ള മരണം; ഭീതിയോടെ പ്രവാസികള്‍

Published

|

Last Updated

ദുബൈ: കീടനാശിനി ശ്വസിച്ച് അജ്മാനില്‍ രണ്ട് കുട്ടികളും ഫുജൈറയില്‍ യുവതിയും മരിച്ചത് പ്രവാസികളെ ഞെട്ടിച്ചു. അജ്മാനില്‍ ബംഗ്ലദേശി കുടുംബത്തിലെ സഹോദരിമാരും ഫുജൈറയില്‍ 35 വയസുള്ള ഫിലിപ്പീന്‍ സ്വദേശിനിയുമാണ് മരിച്ചത്. ഇവരുടെ കൂടെ താമസിച്ചിരുന്ന രണ്ട് യുവതികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജ്മാനില്‍ തയ്യല്‍ക്കാരനായ ബംഗ്ലദേശ് സ്വദേശി ഹബീബുല്ലയുടെ മക്കളായ മൂന്ന് വയസുകാരി ഹഫ്‌സ, എട്ട് മാസം പ്രായമുള്ള സൗദ എന്നിവരാണു മരിച്ചത്. അജ്മാന്‍ പുതിയ വ്യവസായ മേഖലയിലെ കെട്ടിടത്തില്‍ ഈ മാസം ഒന്നിനാണ് സംഭവം.
അടുത്ത ഫഌറ്റിലെ താമസക്കാര്‍ പാറ്റകളെ നശിപ്പിക്കാനായി തളിച്ച കീടനാശിനി ശ്വസിച്ച് അവശരായ കുട്ടികളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കിയ ശേഷം ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിച്ചെങ്കിലും പിറ്റേദിവസം സ്ഥിതി വഷളായതിനെ തുടര്‍ന്ന് ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കീടനാശിനി തളിച്ച ഫ്‌ളാറ്റിലെ താമസക്കാര്‍ സംഭവ ദിവസം സ്ഥലത്തുണ്ടായിരുന്നില്ല. ഇവരോട് രണ്ട് ദിവസത്തേക്കെങ്കിലും മാറിത്താമസിക്കാന്‍ കീടനാശിനി തളിച്ച കമ്പനിക്കാര്‍ അറിയിച്ചിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. എന്നാല്‍ ഫ്‌ളാറ്റുടമ ഇക്കാര്യം അടുത്ത ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവരെ അറിയിച്ചിരുന്നില്ല. ഫ്‌ളാറ്റ് ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം അന്വേഷണം ആരംഭിച്ചു.
ഫുജൈറയിലെ ബ്യൂട്ടി സലൂണില്‍ ജോലി ചെയ്യുന്ന ഫിലിപ്പീനി യുവതി കഴിഞ്ഞ ബുധനാഴ്ചയാണു മരിച്ചത്. യുവതിയുടെ കൂടെ ജോലി ചെയ്യുന്ന ഇത്യോപ്യന്‍ യുവതികള്‍ ഫുജൈറ ആശുപത്രിയില്‍ ചികിത്സയിലാണ്. തൊട്ടടുത്ത ഫ്‌ളാറ്റില്‍ കീടനാശിനി തളിക്കുകയും താമസക്കാര്‍ 48 മണിക്കൂര്‍ നേരത്തേക്ക് മാറി നില്‍ക്കുകയും ചെയ്തിരുന്നുവെങ്കിലും ഈ വിവരം അയല്‍പക്കത്തെ താമസക്കാരോട് പറഞ്ഞിരുന്നില്ല. കീടനാശിനി തളിച്ച കമ്പനിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.