Connect with us

Gulf

അല്‍ ഐനില്‍ വെയര്‍ഹൗസുകളില്‍ തീപിടുത്തം; ആളപായമില്ല

Published

|

Last Updated

അല്‍ ഐന്‍: അല്‍ ഖരീര്‍ പ്രദേശത്തെ മൂന്ന് വെയര്‍ഹൗസുകളിലുണ്ടായ വന്‍ അഗ്നിബാധ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ നിയന്ത്രണവിധേയമാക്കി. മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന അഗ്നിബാധയില്‍ തൊട്ടടുത്തുള്ള മൂന്ന് വെയര്‍ ഹൗസുകളിലായി സൂക്ഷിച്ചിരുന്ന ഫൈബല്‍ ഗ്ലാസ്, മരം എന്നിവകൊണ്ടു നിര്‍മിച്ച ഉത്പന്നങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. ആളപായമില്ല. ഇന്നലെ ഉച്ചയോടെയായിരുന്നു തീപിടുത്തം.
അല്‍ ഐന്‍ സിവില്‍ ഡിഫന്‍സ് റാപിഡ് ആക്ഷന്‍ ഫോഴ്‌സസിലെ ഒരു ഉദ്യോഗസ്ഥന് നിസാര പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍ ഐനിലെ അഞ്ച് യൂനിറ്റ് ഫയര്‍ഫോഴ്‌സ് മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീനിയന്ത്രണവിധേയമാക്കിയത്. വെയര്‍ഹൗസുകള്‍ക്ക് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും രാത്രികാലങ്ങളില്‍, പ്രത്യേകിച്ചും ഇലക്ട്രിക് സാമഗ്രികള്‍ ഓഫാക്കി ഇടണമെന്നും സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ഹമര്‍ ഐന്‍ ദര്‍മകി സ്ഥാപന ഉടമകളോട് അഭ്യര്‍ഥിച്ചു. ഇലക്ട്രിക് കേബിളുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ട്രാന്‍സ്‌ഫോമറുകള്‍ക്ക് ഓവര്‍ലോഡ് നല്‍കരുതെന്നും അദ്ദേഹം ഉപദേശിച്ചു. ചൂടുകാലങ്ങളില്‍ ഈ വക കാര്യങ്ങളിലുണ്ടായ അശ്രദ്ധ ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം. തീപിടുത്ത കാരണങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

Latest