മുഖ്യമന്ത്രിയുടെ യു എന്‍ അവാര്‍ഡ് റദ്ദാക്കണം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വി എസ്‌

Posted on: June 16, 2013 12:11 pm | Last updated: June 16, 2013 at 2:24 pm
SHARE

vs press meet

തിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് യു എന്‍ പ്രഖ്യാപിച്ച അവാര്‍ഡ് റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി അവാര്‍ഡിന് അര്‍ഹനല്ല.

മുഖ്യമന്ത്രി സ്വന്തം ഫോണുപയോഗിക്കാത്തത് അവിഹിത ഇടപാടുകള്‍ മറക്കാന്‍ വേണ്ടിയാണ്. സര്‍ക്കാര്‍ നല്‍കുന്ന മൊബൈല്‍ ഉപയോഗിക്കാമെന്നിരിക്കെ എന്തിനാണ് പി എമാരുടെ ഫോണ്‍ ഉപയോഗിക്കുന്നത്. ഇവരുടെ ഫോണ്‍ ബില്‍ അടക്കുന്നത് സര്‍ക്കാറിന്റെ പണമുപയോഗിച്ചാണോയെന്നും വ്യക്തമാക്കണം. സരിതക്ക് സെക്രട്ടറിയേറ്റില്‍ കയറാനാതെങ്ങിനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

തുട്ടു കിട്ടുമെങ്കില്‍ ആരെയും സഹായിക്കുമെന്ന അവസ്ഥയാണ് ഇന്ന് സംസ്ഥാനത്തുള്ളത്. പാമോയില്‍ കേസില്‍ പ്രതിയായ ആളാണ് ഉമ്മന്‍ ചാണ്ടി. അത് പറഞ്ഞ ജഡ്ജിയെ ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനെക്കൊണ്ട് ചീത്തപറയിച്ച ആളായ മുഖ്യമന്ത്രിയുടെ കയ്യിലിരിപ്പ് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിമാരും സംസ്ഥാന മന്ത്രിമാരും ആരോപണ വിധേയരായ കേസില്‍ എ ഡി ജി പിയുടെ അന്വേഷണം പ്രഹസനാമാണെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വി എസ് ആവശ്യപ്പെട്ടു.