സോളാര്‍ തട്ടിപ്പ്: സിരിയല്‍ നടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

Posted on: June 16, 2013 11:51 am | Last updated: June 16, 2013 at 12:12 pm
SHARE

shalu menonതൃശൂര്‍: സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതികളിലൊരാളായ ബിജു രാധാകൃഷ്ണനും സിനിമ സീരിയല്‍ നടിയായ ശാലുമേനോനും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നു. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നാണ് ബിജു ശാലു മേനോനെ പരിചയപ്പെടുത്തിയിരുന്നതെന്നാണ് തട്ടിപ്പിനിരയായവര്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി നല്‍കിയ പരാതിയില്‍ പറയുന്നത്. കമ്പനിയിലേക്ക് സ്റ്റാഫിനെ തിരഞ്ഞെടുത്തതും ശാലുവായിരുന്നെത്രെ. ശാലു മേനോനും ബിജുവും ഒരുമിച്ചുള്ള ഫോട്ടോയും ഇവര്‍ ഹാജരാക്കിയിട്ടുണ്ട്.

രക്ഷപ്പെട്ട ദിവസം ബിജുവിനൊപ്പം സീരിയല്‍ നടി ശാലുമേനോനും അമ്മയും തൃശൂരിലെത്തിയിരിന്നതായി വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. അവിടെനിന്ന് ബിജു കോയമ്പത്തൂരിലേക്കു പോവുകയായിരുന്നു.
സരിത പിടിയിലായ ജൂണ്‍ രണ്ടിന് തൃശൂരിലെ ഹോട്ടലില്‍ ഡോ. ബിജു എന്ന പേരിലാണ് ഇയാള്‍ മുറിയെടുത്തത്. സരിത അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതോടെ നാലാം തിയതി പുലര്‍ച്ചെ ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.

എന്നാല്‍ എറണാകുളത്തുനിന്ന് ബിജു യാദൃശ്ചികമായി തങ്ങള്‍ക്കൊപ്പം ചേരുകയായിരുന്നുവെന്നാണ് ശാലുവിന്റെ അമ്മ പറയുന്നത്.

മകള്‍ നൃത്തപരിപാടിക്കായി തൃശ്ശൂരിലേയ്ക്ക് പോകുന്നവഴി ബിജു ഫോണില്‍ ബന്ധപ്പെടുകായിരുന്നു. തന്നെക്കൂടി കൂട്ടുമോയെന്ന് അഭ്യര്‍ത്ഥിച്ചതിനെതുടര്‍ന്നാണ് എറണാകുളത്തുനിന്ന് ബിജുവിനെ കാറില്‍ കയറ്റിയതെന്നും അവര്‍ പറഞ്ഞു. യാത്രാമദ്ധ്യേ ശാലുവിന്റെ ഫോണാണ് ബിജു ഉപയോഗിച്ചത്.

സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ വന്നുള്ള പരിചയമാണ് ബിജുവുമായി അടുപ്പിച്ചത്. തുടര്‍ന്ന് നൃത്ത സ്‌കൂളിന്റെ പ്രമോട്ടറായി അയാള്‍ സ്വയം മുന്നോട്ടു വന്നു സഹായിച്ചു്. തൃശൂരേക്കുള്ള യാത്രയില്‍ ശാലുവിന്റെ ഫോണാണ് ബിജു ഉപയോഗിച്ചതെന്നും ശാലുവിന്റെ അമ്മ പറഞ്ഞു.

ബിജുവിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്ന് രാവിലെ മുതല്‍ കൊട്ടാരക്കരയിലുള്ള ബിജുവിന്റെ വസതിയിലും ടീം സോളാറിന്റെ ഓഫീസുകളിലും പോലീസ് റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്.