കോണ്‍ഫെഡറേഷന്‍സ് കപ്പ്: ബ്രസീലിന് ഉജ്ജ്വല ജയം

Posted on: June 16, 2013 10:17 am | Last updated: June 17, 2013 at 11:26 am
SHARE
neymer
ഗോള്‍ നേടിയ നെയ്മറുടെ ആഹ്ലാദം

ബ്രസീലിയ: ഗാരിഞ്ച സ്റ്റേഡിയത്തില്‍ ഇരമ്പിയാര്‍ത്തെത്തിയ ബ്രസീലിലെ കാല്‍പന്ത് പ്രേമികള്‍ ആഗ്രഹിച്ച തുടക്കം. കളി തുടങ്ങി മൂന്നാം മിനുട്ടില്‍ നെയ്മര്‍ എന്ന സൂപ്പര്‍ താരത്തിന്റെ ബൂട്ടില്‍ നിന്ന് പിറന്ന ലോംഗ് റെയ്ഞ്ചിലുള്ള മനോഹര ഗോള്‍ വരാന്‍ പോകുന്ന സുന്ദര നിമിഷങ്ങളിലേക്ക് തുറന്ന വാതിലായിരുന്നു. കോണ്‍ഫെഡറേഷന്‍സ് കപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ബ്രസീല്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഏഷ്യന്‍ ശക്തികളായ ജപ്പാനെ തകര്‍ത്ത് ഉജ്ജ്വല വിജയം സ്വന്തമാക്കി. തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിടുന്ന മഞ്ഞപ്പടക്കായി നെയ്മര്‍ (3), പൗലീഞ്ഞോ (48), ജോ (90+ 3) എന്നിവരാണ് വലകുലുക്കിയത്.
സാങ്കേതിക തികവും നൈസര്‍ഗിക വാസനയും മാറ്റുരച്ച ആദ്യ മത്സരം ആവേശഭരിതമായിരുന്നു. കളി തുടങ്ങി മൂന്നാം മിനുട്ടില്‍ നെയ്മറിലൂടെ ഗോള്‍ പിറന്നതോടെ അക്ഷരാര്‍ഥത്തില്‍ സ്റ്റേഡിയം പൊട്ടിത്തെറിക്കുകയായിരുന്നു. മാഴ്‌സലോ- ഫ്രെഡ് സഖ്യമാണ് ഈ ഗോളിന് വഴിയൊരുക്കിയത്. മാഴ്‌സലോയുടെ പാസ് നെഞ്ചുകൊണ്ട് തടുത്ത് ഫ്രഡ് നെയ്മറിന് നല്‍കി. ഒരു നിമിഷം പോലും പാഴാക്കാതെ വലംകാല്‍ കൊണ്ട് നെയ്മര്‍ തൊടുത്ത വെടിയുണ്ട കണക്കുള്ള ഷോട്ട് ജപ്പാന്‍ ഗോളി കവാഷിമക്ക് അന്തംവിട്ട് നോക്കാന്‍ മാത്രം അവസരം നല്‍കി. കഴിഞ്ഞ ഒമ്പത് മത്സരങ്ങളിലും ഗോള്‍ നേടാന്‍ കഴിയാഞ്ഞതിന്റെ ക്ഷീണം ഈയൊരൊറ്റ ഗോളിലൂടെ നെയ്മര്‍ തീര്‍ത്തു. തന്റെ പ്രതിഭയുടെ ധാതുവീര്യമെന്തന്ന് കാണിച്ച നെയ്മര്‍ യൂറോപ്യന്‍ ക്ലബുകള്‍ ടീമിലെത്തിക്കാന്‍ മത്സരിക്കുന്നതിന്റെ പൊരുളും കാണിച്ചു തന്നു.
ആദ്യ പകുതിയില്‍ ഷിന്‍ജി കഗാവ, കെയ്‌സുകി ഹോണ്ടോ എന്നിവരിലൂടെ ജപ്പാന്‍ തിരിച്ചടിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. ചില ഘട്ടങ്ങളില്‍ ബ്രസീല്‍ പ്രതിരോധത്തെ മറികടക്കാനും അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ അവസാന കടമ്പയായ ഗോളി ജൂലിയോ സീസറിനെ മാത്രം അവര്‍ക്ക് കീഴടക്കാന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയിലാണ് അടുത്ത രണ്ട് ഗോളുകളും പിറന്നത്. ആദ്യ പകുതിയിലെ താളം നഷ്ടപ്പെടുത്താതെ കളിക്കാന്‍ ബ്രസീല്‍ ശ്രദ്ധിച്ചിരുന്നു. രണ്ടാം പകുതി തുടങ്ങി മൂന്ന് മിനുട്ട് പിന്നിട്ടപ്പോള്‍ ഡാനി ആല്‍വ്‌സിന്റെ ക്രോസില്‍ നിന്ന് പൗലീഞ്ഞോ ബ്രസീലിന് രണ്ടാം ഗോള്‍ സമ്മാനിച്ചു. കവാഷിമയെ നിസ്സഹായനാക്കിയാണ് പൗലീഞ്ഞോ വല ചലിപ്പിച്ചത്. 50ാം മിനുട്ടില്‍ ജപ്പാന് സുവര്‍ണാവസരം ലഭിച്ചു. ഹിരോഷി ക്യോട്ടെക്കിന്റെ മുന്നേറ്റം. ക്യോട്ടെക്ക് ബോക്‌സിന് സമീപമുണ്ടായിരുന്ന ഷിന്‍ജി ഒകസാക്കിക്ക് പന്ത് ക്രോസ് ചെയ്തു. എന്നാല്‍ ഒകസാക്കിയുടെ ഷോട്ട് പോസ്റ്റിന് തെറ്റായ ദിശയിലേക്കാണ് നീങ്ങിയത്. കളി തീരാന്‍ 20 മിനുട്ടുകള്‍ ബാക്കിയുള്ളപ്പോള്‍ ബ്രസീല്‍ പരിശീലകന്‍ സ്‌കൊളാരി നെയ്മറെ പിന്‍വലിച്ച് ലൂക്കാസിനെ രംഗത്തിറക്കി. ഇറ്റലിക്കെതിരെയും മെക്‌സിക്കോക്കെതിരെയുമുള്ള നിര്‍ണായക പോരാട്ടങ്ങള്‍ മനസ്സില്‍ കണ്ടാണ് സ്‌കൊളാരി നെയ്മറെ പിന്‍വലിച്ചതെന്ന് വ്യക്തം. 72ല്‍ വെച്ച് ജപ്പാന്റെ ഗോള്‍ ശ്രമം വീണ്ടു. റോയിച്ചി മയേഡയുടെ ശ്രമം. കനം കുറഞ്ഞ ഷോട്ട് ഗോളി സീസറെ ഒന്ന് പരീക്ഷിക്കാന്‍ പോലും പര്യാപ്തമായിരുന്നില്ല. സീസര്‍ എളുപ്പത്തില്‍ പന്ത് സ്റ്റോപ്പ് ചെയ്തു. 90 മിനുട്ടുകള്‍ക്ക് ശേഷം സ്റ്റോപ്പ് ഏജ് ടൈമായി കിട്ടിയ മൂന്ന് മിനുട്ടിനിടയിലായിരുന്നു ബ്രസീല്‍ മൂന്നാം ഗോളിലെത്തിയത്. കൂട്ട ആക്രമണത്തിനായി ബ്രസീല്‍ പോസ്റ്റില്‍ വട്ടമിട്ട ജപ്പാനീസ് താരങ്ങളെ മറികടന്ന് പന്ത് ലഭിച്ച ഓസ്‌കാര്‍ മൈതാനത്തിന്റെ പകുതിയില്‍ നിന്ന് വന്‍ കുതിപ്പ് നടത്തി. ബോക്‌സിന് സമീപം വെച്ച് അതേ വേഗതയില്‍ പന്ത് സ്വീകരിച്ച ജോ മുന്നോട്ട് കയറി വന്ന ജപ്പാന്‍ ഗോളിയെയും മറികടന്ന് വലയിലാക്കിയതോടെ ബ്രസീല്‍ സ്വന്തം മണ്ണിലെ ടൂര്‍ണമെന്റിന് ഉജ്ജ്വല വിജയത്തോടെ ഗംഭീരമായി തിരികൊളുത്തി. വിജയത്തോടെ ബ്രസീല്‍ മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കി.
ഈ മാസം 19ന് ഫോര്‍ട്ടാലെസയില്‍ ബ്രസീല്‍ മെക്‌സിക്കോയെ നേരിടും.