എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററായി മാറുന്നു

Posted on: June 16, 2013 9:24 am | Last updated: June 16, 2013 at 9:24 am
SHARE

കോഴിക്കോട്: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററായി മാറുന്നു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ മേഖലകളിലെ ഒഴിവുകള്‍ നികത്താന്‍ മാത്രം ഉദ്യോഗാര്‍ഥികളെ നാമനിര്‍ദേശം ചെയ്യുന്ന എംപ്ലോയ്‌മെന്റ്എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററാകുന്നതോടെ സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്കും യോഗ്യതയും കഴിവുമുള്ള ഉദ്യോഗാര്‍ഥികളെ നല്‍കുന്ന സ്ഥാപനമായി മാറും.
ഉന്നത വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ലഭിക്കാത്ത സാഹചര്യത്തില്‍ വ്യക്തിയുടെ താല്‍പര്യവും കഴിവും പരിശീലനവും സമന്വയിപ്പിച്ച് തൊഴില്‍ മേഖലക്ക് സ്വീകാര്യനാക്കുകയാണ് എംപ്ലോയബിലിറ്റി സെന്ററിന്റെ ലക്ഷ്യം. ഹൈദരാബാദ് ആസ്ഥാനമായ ടി എം ഐ എന്ന മനുഷ്യ വിഭവ വികസന മാനേജ്‌മെന്റ് കമ്പനിയുടെ സഹകരണത്തോടെയാണ് എംപ്ലോയബിലിറ്റി സെന്റര്‍ പ്രവര്‍ത്തിക്കുക. വിദഗ്ധരായ മനശാസ്ത്രജ്ഞരും കൗണ്‍സിലര്‍മാരും ആധുനിക സംവിധാനങ്ങളും ഉപയോഗിച്ച് ഉദ്യോഗാര്‍ഥികളുടെ കഴിവുകള്‍ നിര്‍ണയിച്ച് അതിനനുസരിച്ച തൊഴില്‍ മേഖലകളിലേക്ക് തിരിച്ചുവിടും.
തൊഴില്‍ മേഖലക്ക് ആവശ്യമായ ഹ്രസ്വകാല തീവ്ര പരിശീലനം എംപ്ലോയബിലിറ്റി സെന്റര്‍ നല്‍കും. ദീര്‍ഘകാല പരിശീലനം ആവശ്യമുള്ളവരെ വൊക്കേഷണല്‍ ട്രെയ്‌നിങ് സെന്ററിലേക്ക് അയച്ച് പരിശീലിപ്പിക്കുകയും പ്ലേസ്‌മെന്റ് നല്‍കുകയും ചെയ്യും. പ്രത്യേകമായി വികസിപ്പിച്ച സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഉദ്യോഗാര്‍ഥികളുടെ വിവരശേഖരണം ക്രമീകരിക്കുന്നതിനാല്‍ ഉദ്യോഗ ദായകന്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ഉദ്യോഗാര്‍ഥിയെ എത്തിക്കാനാകും.
250 രൂപ ഉദ്യോഗാര്‍ഥിയില്‍ നിന്നും നിയമനം നല്‍കിയാല്‍ നാമമാത്രമായ സംഖ്യ ഉദ്യോഗ ദായകനില്‍ നിന്നും എംപ്ലോയബിലിറ്റി സെന്റര്‍ ഈടാക്കും. ആധുനിക രീതിയില്‍ സജീകരിച്ച അസസ്സ്‌മെന്റ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, ജനറല്‍ ട്രെയ്‌നിങ് ഹാള്‍, കംപ്യൂട്ടര്‍ ട്രെയ്‌നിങ് ഹാള്‍ എന്നിവ അടങ്ങിയ എംപ്ലോയബിലിറ്റി സെന്റര്‍ 37.5 ലക്ഷം രൂപ ചെലവിലാണ് സജ്ജമാക്കിയിരിക്കുന്നത്. 21ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എംപ്ലോയബിലിറ്റി സെന്ററിന്റെ ഉദ്ഘാടനം മന്ത്രി ഷിബുബേബി ജോണ്‍ നിര്‍വഹിക്കും. മന്ത്രി ഡോ. എം കെ മുനീര്‍ അധ്യക്ഷത വഹിക്കും.
ഉദ്ഘാടനത്തിന്റെ ഭാഗമായി 21ന് കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കും. രാവിലെ 11ന് മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. ജോബ് ഫെയറില്‍ ചെറുതും വലുതുമായ നൂറോളം കമ്പനികളുടെ സാന്നിധ്യമുണ്ടാകും.
തൂപ്പ് ജോലി മുതല്‍ ഐടി മേഖലയിലെ ഒഴിവുകളിലേക്ക് വരെ ജോബ് ഫെയറില്‍ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കും. ഐ ടി ഐ, പോളി ഡിപ്ലോമ, പാരാമെഡിക്കല്‍ കോഴ്‌സുകള്‍, ബിടെക്, എം ബി എ, ജനറല്‍ ഡിഗ്രി തുടങ്ങി നാനാതരം കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും എസ് എസ് എല്‍ സി, പ്ലസ്ടു എന്നിവ ജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും മേളയില്‍ തൊഴില്‍ സാധ്യതയുണ്ടാകും.
ഭാവിയിലെ ഒഴിവുകള്‍ നികത്തുന്നതിനായി ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ കമ്പനികള്‍ ശേഖരിക്കും. തൊഴില്‍ മേളയില്‍ ജോലി ലഭിക്കാത്തവര്‍ക്ക് ഇത് പ്രയോജനം ചെയ്യും.
ഇതിനകം 24 കമ്പനികള്‍ ജോബ് ഫെയറില്‍ രജിസ്റ്റര്‍ ചെയ്തതായും 1800 ഒഴിവുകള്‍ ഈ കമ്പനികളിലായി ഉണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജോബ് ഫെയറില്‍ എല്ലാ സേവനങ്ങളും സൗജന്യമായിരിക്കും.