ആദിവാസിഭൂമി പ്രശ്‌നം; പ്രത്യേക ട്രൈബ്യൂണല്‍ ആരംഭിക്കണം: രമേശ് ചെന്നിത്തല

Posted on: June 16, 2013 9:23 am | Last updated: June 16, 2013 at 9:23 am
SHARE

അഗളി: ആദിവാസിമേഖലയിലെ ഏറ്റവും സങ്കീര്‍ണ പ്രശ്‌നങ്ങളിലൊന്നാണ് ഭൂമി ഉടമസ്ഥാവകാശ തര്‍ക്കമെന്നും ഇതു പരിഹരിക്കാന്‍ അട്ടപ്പാടിയില്‍ട്രൈബ്യൂണല്‍ അനുവദിക്കുകയാണ് വേണ്ടതെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. നവജാതശിശുമരണം സംഭവിച്ച അട്ടപ്പാടിയിലെ ഊരുസന്ദര്‍ശത്തിനിടെ അഹാഡ്‌സില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍തലമുറക്കാരുടെഭൂമി അവകാശികള്‍ക്ക് വീതിച്ചുനല്‍കുകയോ പതിച്ചുകൊടുക്കുകയോ ചെയ്യാതിരുന്നതാണ് കൂടുതല്‍ ഭൂമിപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
പോഷകവസ്തുക്കള്‍വേണ്ടവിധം ലഭിക്കാതിരുന്നതാണ് ശിശുമരണങ്ങള്‍ക്ക് കാരണമായത്. ഇത് ആദിവാസികളുടെ കുറ്റംകൊണ്ടല്ല സംഭവിച്ചത്. അതുകൊണ്ടുതന്നെ അവര്‍ക്ക് മതിയായ സഹായം നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.
അട്ടപ്പാടിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേഗത വര്‍ധിപ്പിക്കേണ്ടതുണ്ട്. ഫണ്ടിന്റെ അപര്യാപ്തത നിലവിലില്ല. ഇടനിലക്കാര്‍ തട്ടിയെടുക്കാതെയാണ് നോക്കേണ്ടത്.
കുറുംബ പാക്കേജ് പട്ടികവര്‍ഗ്ഗ വികസന വകുപ്പാണ് ഏറ്റെടുത്ത് നടത്തുന്നത്. 2012 ജൂണ്‍ ആറിന് തന്റെമുന്‍ സന്ദര്‍ശനത്തിനുശേഷം അട്ടപ്പാടിയില്‍ പ്രഖ്യാപിച്ചവയൊക്കെ ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണ്. അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതിക്ക് ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ പാരിസ്ഥിതിക അനുമതി ലഭിക്കുക മാത്രമേ വേണ്ടു. ശിശുമരണം സംഭവിച്ച ജല്ലിപ്പാറ കണ്ടിയൂര്‍ ഊരിലെ ഇരട്ടകുഞ്ഞുങ്ങളെ നഷ്ടപ്പെട്ട നഞ്ചി സുഗണന്‍, നവജാതശിശുക്കള്‍ മരിച്ച സുജ-വിജയ്,പാപ്പ-മുരുകന്‍ എന്നിവരുടെ വീടുകളിലെത്തി സമാശ്വസിപ്പിക്കാനും കെപിസിസി പ്രസിഡന്റ് മറന്നില്ല. ഊരുകളില്‍നിന്നും പരാതികളും സ്വീകരിച്ചു. അഗളി സര്‍ക്കാര്‍ ആശുപത്രി വെള്ളകുളം വെച്ചപ്പതി ഊരുകളിലും സന്ദര്‍ശനം നടത്തി.
ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി, കെ പി അനില്‍കുമാര്‍, ഡി സി സി സെക്രട്ടറിമാരായ പി സി ബേബി, പി വി രാജേഷ്, പി പി ഷാജി, എം എല്‍ എ എന്‍ ഷംസുദ്ദീന്‍ തുടങ്ങിയവര്‍ അനുഗമിച്ചു.