കര്‍ഷക വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ ഹരിതസേന ബേങ്ക് ഉപരോധിച്ചു

Posted on: June 16, 2013 9:21 am | Last updated: June 16, 2013 at 9:21 am
SHARE

മാനന്തവാടി: കാര്‍ഷിക വായ്പയുടെ പേരില്‍ കര്‍ഷകരുടെ സ്വര്‍ണ പണയ വസ്തുക്കള്‍ തടഞ്ഞുവെക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ കര്‍ഷക വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ ഹരിതസസേനാ പ്രവര്‍ത്തകര്‍ പനമരം സിന്‍ഡിക്കേറ്റ് ബേങ്ക് ശാഖ ഉപരോധിച്ചു.
കാലാവസ്ഥ വ്യതിയാനത്താലും കാര്‍ഷിക പ്രതിസന്ധികളായും വയനാടന്‍ കര്‍ഷകര്‍നട്ടം തിരിയുമ്പോള്‍ കാര്‍ഷിക കടത്തിന്മേല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറിയം നിലനില്‍ക്കുമ്പോഴാണ് ധനകാര്യ സ്ഥാപനത്തില്‍ കര്‍ഷക വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. ഗതികേട് കൊണ്ട് പണയം വെച്ചിട്ടുള്ള സ്വര്‍ണ ഉരുപ്പടികള്‍ മുതലും പലിശയും ചേര്‍ന്ന് തിരിച്ചടച്ചാലും പണയ വസ്തുക്കള്‍ തിരിച്ചെടുക്കാന്‍ ബേങ്ക് മേധാവികള്‍ തയ്യാറല്ല. കര്‍ഷകര്‍ ബേങ്കില്‍ നിന്നെടുത്ത കാര്‍ഷിക ലോണ്‍ കുടിശികയുടെ പേരിലാണ് പണയ വസ്തുക്കള്‍ പിടിച്ചു വെക്കുന്നത്.
ഇത്തരം കര്‍ഷക ദ്രോഹ നടപടികള്‍ തുടരുന്ന പക്ഷം ധനകാര്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത പി എന്‍ സുധാകര സ്വാമി മുന്നറിയിപ്പ് നല്‍കി.
ജില്ലാ പ്രസിഡന്റ് എം സുരേന്ദ്രന്‍, ജോസ് പുന്നക്കല്‍, സി യു ചാക്കോ, വി എം ജോസ്, സുദേവന്‍, എന്‍ എ വര്‍ഗീസ്, ജോസ് പാലിയാണ, ജോയി കോട്ടത്തറ, എം ഹരീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.