Connect with us

Wayanad

കല്‍പ്പറ്റയുടെ മുഖഛായ മാറ്റുന്ന വികസനപദ്ധതികള്‍ നടപ്പിലാക്കും: പി പി ആലി

Published

|

Last Updated

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയുടെ മുഖഛായ മാറ്റുന്ന വികസനപദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ പി പി ആലി. വയനാട് പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ മന്ത്രി. എം എല്‍ എ, എം പി എന്നിവരുമായി കൂടിയാലോചിച്ച് ദീര്‍ഘവീഷണത്തോടെയുള്ള വികസനപദ്ധതികള്‍ ആവിഷ്‌ക്കരിക്കും. മാസ്റ്റര്‍പ്ലാനിന് തുരങ്കം വെക്കുന്ന തരത്തിലുള്ള അനധികൃത കെട്ടിടനിര്‍മ്മാണങ്ങളും നിയമവിരുദ്ധ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും തടയും.
പ്രഥമപരിഗണനയെന്ന രീതിയില്‍ കൈനാട്ടിയിലെ ജനറല്‍ ആശുപത്രിയില്‍ 100 കിടക്കകളോടെയും ലിഫ്റ്റ് സംവിധാനത്തോട് കൂടിയും അഞ്ച് മാസം കൊണ്ട് പൂര്‍ത്തീകരിക്കും. കാരാപ്പുഴയില്‍ നിന്നും നഗരസഭയില്‍ കുടിവെള്ളമെത്തിക്കുന്ന പദ്ധതി 42 കോടി രൂപ ചിലവില്‍ എത്രയും വേഗം പൂര്‍ത്തിയാക്കും. തുര്‍ക്കിപാലത്തിന് രണ്ട് കോടി 20 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മാണപ്രവൃത്തി ആരംഭിക്കും. പാലം പൂര്‍ത്തിയാകുന്നതോടെ ടൗണിലെ ഗതാഗതതടസ്സം പരിഹരിക്കുന്നതിന് കല്‍പ്പറ്റ ഗവ. കോളജ്, അഡ്‌ലൈഡ്, പുളിയാര്‍മല, മുണ്ടേരി വഴി മറ്റൊരു ബൈപ്പാസ് റോഡ് കൂടി നിര്‍മ്മിക്കാന്‍ സാധിക്കും. ഇതുകൂടാതെ അഡ്‌ലൈഡ്, കൈതക്കൊല്ലി, ചേനമല കോളനി നിവാസികള്‍ക്ക് യാത്രാ സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന ഈ പാലത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. കായിക വികസനം ലക്ഷ്യമിട്ട് കല്‍പ്പറ്റ നഗരസഭയുടെ കൈവശമുള്ള അമ്പിലേരിയിലെ നാലര ഏക്ര സ്ഥലത്ത് കേന്ദ്ര കായിക യുവജനമന്ത്രാലയം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, മന്ത്രി പി കെ ജയലക്ഷ്മി, എം പി എം ഐ ഷാനവാസ്, എം എല്‍ എ എം വി ശ്രേയാംസ്‌കുമാര്‍ എന്നിവരുടെ സഹകരണത്തോടെ അഞ്ച് കോടി രൂപ ചിലവില്‍ കല്‍പ്പറ്റ നഗരസഭ മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയം കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കും.
ഫുട്‌ബോള്‍ ഗ്രൗണ്ടും, ബാസ്‌ക്കറ്റ് ബോള്‍, വോളിബോള്‍, ഷട്ടില്‍ ബാറ്റ്മിന്റണ്‍, ഖോ ഖോ, കബഡി, ഹാന്റ്‌ബോള്‍ എന്നീ കളിയിനങ്ങളും ആധുനീകരീതിയിലുള്ള ഒരു ജിംനേഷ്യവും വിഭാവനം ചെയ്തുകൊണ്ടാണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. ടൂറിസം വികസനത്തിന്റെ ഭാഗമായി ഡി ടി പി സിയുടെ സഹായത്തോടെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറക്കും. കേരളത്തിലെ ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ്ഗക്കാര്‍ താമസിക്കുന്ന 53-ഓളം ആദിവാസി കോളനികള്‍ ഉള്‍പ്പെടെ സമൂഹത്തിലെ പൊതുദുര്‍ബല ജനവിഭാഗങ്ങളുടെ ഭൗതിക സാമൂഹ്യ സാഹചര്യം മെച്ചപ്പെടുത്താനുള്ള പദ്ധതി നടപ്പിലാക്കും. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നല്‍കും.
നഗരസൗന്ദര്യ വത്ക്കരണത്തിന്റെ ഭാഗമായി ഗാന്ധി സ്‌ക്വയര്‍, ജിനചന്ദ്ര സ്‌ക്വയര്‍ എന്നിവ നിര്‍മ്മിക്കും. കെ എസ് ആര്‍ ടി സിയുമായി സഹകരിച്ച് അന്തര്‍ സംസ്ഥാന ബസ്‌റൂട്ടായ കല്‍പ്പറ്റയില്‍ കെ എസ് ആര്‍ ടി സിക്ക് ഓണ്‍ ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടര്‍ സ്ഥാപിക്കും. കല്‍പ്പറ്റയിലെ ഗതാഗത തടസം പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കി ബൈപ്പാസ് റോഡ് ഒക്‌ടോബര്‍ മാസത്തില്‍ തുറന്ന് കൊടുക്കാനുള്ള നടപടി സ്വീകരിക്കും. സ്‌കൂള്‍ കുട്ടികളുടെയും വഴിയാത്രക്കാരെയും ഗതാഗതകുരുക്കില്‍ നിന്ന് സംരക്ഷിക്കുന്നതിന് ആവശ്യമുള്ള സ്ഥലങ്ങളില്‍ ഹൈവേ അധികാരികളുടെ അനുമതി കിട്ടുന്ന മുറക്ക് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കും.
കേന്ദ്ര നഗരകാര്യ വികസനമന്ത്രാലയത്തിന്റെ സഹായത്തോടെ ടൗണ്‍ ഫുട്പാത്തുകള്‍ നവീകരിക്കുകയും വഴി യാത്രക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും സഹായകമാവുന്ന രീതിയില്‍ സൈന്‍ബോഡുകള്‍ സ്ഥാപിക്കുകയും ചെയ്യും. ബി ഒ ടി ബസ്റ്റാന്റിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് എത്രയും വേഗം തുറന്നുകൊടുക്കാനുള്ള നടപടി സ്വീകരിക്കും.
രാത്രികാലങ്ങളില്‍ എത്തിച്ചേരുന്ന യാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ താമസത്തിന് നൈറ്റ് ഷെല്‍ട്ടര്‍ നിര്‍മ്മിച്ച് നല്‍കും. ലോകബാങ്ക് സഹായത്തോടെ നഗരസഭാ കൗണ്‍സില്‍ ഹാളും,കോണ്‍ഫ്രന്‍സ് ഹാളും നിര്‍മ്മിക്കും. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗപ്രദമായ രീതിയില്‍ ആധുനീക സാങ്കേതിക സൗകര്യങ്ങളോട് കൂടിയ മുനിസിപ്പല്‍ ലൈബ്രറി സ്ഥാപിക്കും.
മുടങ്ങിക്കിടക്കുന്ന നഗരസഭാ സ്ലോട്ടര്‍ഹൗസ് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 30 ലക്ഷം രൂപചെലവഴിച്ച് ആധുനീകവത്ക്കരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. വെള്ളാരംകുന്നിലെ നഗരസഭയുടെ എട്ട് ഏക്കര്‍ സ്ഥലത്ത് സര്‍ക്കാരിന്റെ സഹായത്തോടെ ആധുനികരീതിയിലുള്ള മാലിന്യസംസ്‌ക്കരണപ്ലാന്റ് സ്ഥാപിക്കും. നഗരസഭയിലെ ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ജലസ്രോതസ്സുകള്‍ സംരക്ഷിക്കുവാനുള്ള ഊര്‍ജ്ജിതമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ബോധവത്ക്കരണ ക്ലാസുകളും ക്യാംപുകളും സംഘടിപ്പിക്കുകയും ചെയ്യുമെന്നും പി പി ആലി പറഞ്ഞു.