വിവരാവകാശ അപേക്ഷകള്‍ക്ക് ഇ-ഫയലിംഗ് സംവിധാനം വ്യാപിപ്പിക്കുന്നു

Posted on: June 16, 2013 9:16 am | Last updated: June 16, 2013 at 9:16 am
SHARE

അരീക്കോട്: വിവവരാവകാശ നിയമപ്രകാരം സര്‍ക്കാറിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ലളിതവത്കരിക്കുന്നതിന്റെ ഭാഗമായി അപേക്ഷകള്‍ ഇ-ഫയലിംഗ് ചെയ്യാനുള്ള സൗകര്യം കൂടുതല്‍ വകുപ്പുകളിലേക്ക് വ്യാപിപ്പിച്ചു. www.rtionline.gov.in എന്ന വെബ് സൈറ്റിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. അപേക്ഷയും ആദ്യ അപ്പീലും ഈ വെബസൈറ്റ് വഴി നല്‍കാന്‍ സാധിക്കും. കേന്ദ്ര സര്‍ക്കാറിന്റെ പ്രധാന മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കുമുള്ള അപേക്ഷകളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാവുന്നത്.
മാസങ്ങള്‍ക്കു മുമ്പാണ് കേന്ദ്രത്തിലെ പേഴ്‌സനല്‍ ആന്‍ഡ് ട്രെയ്‌നിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് വിവരാവകാശ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയത്. ഇക്കഴിഞ്ഞ മൂന്നാം തീയതി മുതല്‍ ഇത് കൂടുതല്‍ വകുപ്പുകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. അപേക്ഷക്കുള്ള മറുപടിയും ഓണ്‍ലൈനില്‍ ലഭിക്കും. അപേക്ഷയുടെ പുരോഗതി പരിശോധിക്കാനുള്ള സൗകര്യവും ലഭ്യമാണ്. അപേക്ഷയോടൊപ്പം മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് എസ് എം എസ് വഴിയും അപേക്ഷയുടെ വിശദാംശങ്ങള്‍ അറിയാം. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട ഫീസും ഓണ്‍ലൈന്‍ വഴി അടക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാസ്റ്റര്‍, വിസ ക്രെഡിറ്റ്/ഡെബിറ്റ് (എ ടി എം) കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടക്കാനുള്ള സൗകര്യവും വിപുലപ്പെടുത്തിയിട്ടുണ്ട്. നേരത്തെ എസ് ബി ഐ ശൃംഖലയില്‍പ്പെട്ട ബേങ്കുകളുടെ ഇന്റര്‍നെറ്റ് ബേങ്കിംഗ് വഴി മാത്രമാണ് പണം അടക്കാന്‍ സൗകര്യമുണ്ടായിരുന്നത്. പ്രതിരോധം, ആഭ്യന്തരം, ഭക്ഷ്യസംസ്‌കരണ വ്യവസായം, ആരോഗ്യ കുടുംബ ക്ഷേമം, റോഡ ്ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേയ്‌സ്, സാംസ്‌കാരികം എന്നീ മന്ത്രാലയങ്ങളും, കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസം, അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് കോ-ഓപ്പറേഷന്‍, മൃഗസംരക്ഷണം (ഡയറിയിംഗ് ആന്‍ഡ് ഫിഷറീസ്), കെമിക്കല്‍ ആന്‍ഡ് പെട്രോകെമിക്കല്‍സ്, പൊതു സംരംഭകത്വം, പേഴ്‌സണല്‍ ആന്‍ഡ് ട്രെയ്‌നിംഗ്, വാണിജ്യം, ഉപഭോക്തൃ കാര്യങ്ങള്‍, ഓഹരി വിറ്റഴിക്കല്‍, ഭക്ഷ്യ പൊതുവിതരണം, രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സെക്രട്ടേറിയറ്റുകള്‍ എന്നിവയിലുമാണ് ഇപ്പോള്‍ ആര്‍ ടി ഐ അപേക്ഷകള്‍ ഇ-ഫയലിംഗ് ചെയ്യാന്‍ സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്.
ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനുള്ള സൗകര്യം കൂടുതല്‍ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി ക്രമാതീതമായി അപേക്ഷകള്‍ ലഭിക്കാനിടയുള്ളതിനാല്‍ ഓഫീസുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കാനും ഇത് ഇടയാക്കുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.