Connect with us

Kerala

ബിജുവിന്റെ വരവ് ഐ എ എസ് വഴിയില്‍ നിന്ന്; കൊഴുപ്പിക്കാന്‍ സരിതയെയും കൂട്ടി

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ പാനല്‍, കാറ്റാടി പാടം പദ്ധതി തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഒളിവില്‍പോയ ബിജു രാധാകൃഷ്ണന്‍ തട്ടിപ്പിലേക്ക് നീങ്ങുന്നത് ഐ എ എസ് വഴികളില്‍ നിന്ന്. ഏറ്റുമാനൂര്‍ കുളക്കടയിലെ അധ്യാപക ദമ്പതികളുടെ മകനായ ബിജു ബിരുദപഠനം കഴിഞ്ഞ് ഐ എ എസ് പരീക്ഷ എഴുതാനായി ഡല്‍ഹിലെത്തിയ ശേഷമാണ് തട്ടിപ്പിന്റെ വഴികളിലേക്ക് നീങ്ങിയത്. പിന്നീട് സാമ്രാജ്യം വലുതാക്കാനാണ് സരിത എസ് നായരെ ബിജു രാധാകൃഷ്ണന്‍ ഒപ്പം കൂട്ടിയത്.
ഐ എ എസ് പരിശീലനം പൂര്‍ത്തിയാക്കാതെ ഐ എ എസ് ട്രെയിനിയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സംഘടിപ്പിച്ചാണ് തട്ടിപ്പിന്റെ വഴിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഈ വ്യാജ കാര്‍ഡുമായി ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയ ബിജു ഐ എ എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും കബളിപ്പിച്ചാണ് ഉദ്യാഗസ്ഥ, രാഷ്ട്രീയ ബന്ധങ്ങള്‍ സ്ഥാപിച്ചെടുത്തത്. ഈ ബന്ധമുപയോഗിച്ച് വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങുകളില്‍ ഇടം നേടുകയും, സാമൂഹിക സംഘടനകളുമായി അടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്ന ബിജു ഭാഷാവൈദഗ്ധ്യം ഉപയോഗിച്ചിരുന്നു. ഇതിനിടെ ബി എഡ് പഠനവുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയിലെത്തിയ ഒരു സമ്പന്നകുടുംബാംഗമായ യുവതിയെ വശീകരിച്ച് വിവാഹം കഴിച്ച ബിജുവിന് ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്.
ഇതിനിടെയാണ് കൊട്ടാരക്കരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന സരിത എസ് നായരെ പരിചയപ്പെടുന്നത്. ഈ സമയത്ത് രണ്ട് വിവാഹം കഴിഞ്ഞ് ബന്ധം വേര്‍പ്പെടുത്തിയ സരിതയെ ബിസ്‌നസിന്റെ ഭാഗമാക്കിയ ബിജു ഇതുവഴി തട്ടിപ്പ് കൊഴുപ്പിക്കാനാണ് ശ്രമിച്ചത്.
ഇതിനിടെ ബിജുവിന്റെ ഭാര്യയെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലിയല്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ബിജു രാധാകൃഷ്ണന്‍ കുറച്ചുകാലം ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. പിന്നീട് വിവാഹം കഴിക്കാതെ ഒന്നിച്ച് കഴിഞ്ഞ സരിതയും ബിജു വും ചേര്‍ന്നാണ് തട്ടിപ്പുകള്‍ നടത്തിയത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്.
മന്ത്രിമാരുള്‍പ്പെടെ ഉന്നതര്‍, സിനിമാ സീരിയല്‍ താരങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായുള്ള ബന്ധങ്ങള്‍ കാട്ടിയാണ് പലരെയും തട്ടിപ്പിനിരയാക്കിയത്. ഇരുവരും ചേര്‍ന്ന് കേരളത്തിനു പുറമേ തമിഴ്‌നാട്ടിലും ഡല്‍ഹിയിലും സോളാര്‍ പ്ലാന്റിന്റെ പേരിലും കാറ്റാടിപ്പാടം സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കിയുമാണ് പലരില്‍ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്. ഇതിനിടെ സരിത എസ് നായര്‍ ഉന്നത ബന്ധങ്ങള്‍ കൂടുതല്‍ വിപുലമാക്കിയതോടെയാണ് ബിജു രാധാകൃഷ്ണനുമായി അകന്നത്.
വിവിധ ഇടങ്ങളില്‍ ഒട്ടേറെ തട്ടിപ്പ് നടത്തിയ ടീം സോളാര്‍ പ്രധാനമായും കേന്ദ്രീകരിച്ചത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. കേരളത്തിന് പുറമെ ബംഗളൂരു, കോയമ്പത്തൂര്‍, ചെന്നൈ, ഡല്‍ഹി നഗരങ്ങളിലും കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. രാജ്യത്തെ മികച്ച സൗരോര്‍ജ ഉത്പന്നങ്ങളുടെ നിര്‍മാണ കമ്പനിയെന്ന് പരസ്യം നല്‍കിയാണ് ഉപഭോക്താക്കളെ ആകര്‍ഷിച്ചിരുന്നത്.
സോളാര്‍ തെരുവുവിളക്ക്, ഇലക്ട്രിഫിക്കേഷന്‍ സിസ്റ്റം, കോമ്പൗണ്ട് ലൈറ്റ്, ഇതര സൗരോര്‍ജ ഉപകരണങ്ങള്‍ എന്നിവ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുമെന്ന് ഇന്റര്‍നെറ്റ് വഴിയും മറ്റുമാണ് പരസ്യം നല്‍കിയിരുന്നത്. പരസ്യത്തില്‍ കമ്പനിയുട സൗത്ത് സോണല്‍ ഹെഡ് ലക്ഷ്മി നായര്‍ 9895761700 എന്നാണ് നല്‍കിയിരുന്നത്.
ഇതിനായി കമ്പനി ബഹുവര്‍ണ ചിത്ര പോസ്റ്ററുകളും ഉപയോഗിച്ചിരുന്നു. വന്‍തുക ലാഭം കിട്ടുമെന്ന് പ്രേരിപ്പിച്ച് സൗരോര്‍ജ പ്ലാന്റിലും കാറ്റാടിപ്പാടത്തും നിക്ഷേപമിറക്കുന്നതിനും കമ്പനിയുടെ പേരില്‍ വിവിധ ആളുകളെ സമീപിച്ചിരുന്നു.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest