Connect with us

Editors Pick

മാലിക് മാസ്റ്റര്‍ നീന്തിക്കയറുന്നു; കൃത്യനിഷ്ഠയിലേക്ക്

Published

|

Last Updated

മലപ്പുറം: അറിവിന്റെ സാഗരത്തില്‍ കുട്ടികളെ നീന്തി മുന്നേറ്റാന്‍ അധ്യാപകന്‍ ദിവസം രണ്ട് നേരം പുഴ നീന്തിക്കടക്കുന്നു. പടിഞ്ഞാറ്റുമുറി എ എം എല്‍ പി സ്‌കൂള്‍ അധ്യാപകന്‍ ആനക്കയം പെരിമ്പലം ആറാട്ടുതൊടി അബ്ദുല്‍മാലികാണ് ഇരുപത് വര്‍ഷമായി കടലുണ്ടിപ്പുഴ നീന്തിക്കടന്ന് സ്‌കൂളിലെത്തുന്നത്. കാലവര്‍ഷത്തില്‍ കുത്തൊഴുക്ക് പോലും കൂസാതെയാണ് മാലിക് സ്‌കൂളിലേക്കും തിരിച്ചും നീന്തുന്നത്. സ്‌കൂളിലെത്താന്‍ മറ്റ് വഴികളില്ലാത്തതുകൊണ്ടല്ല ഈ നീന്തല്‍ യജ്ഞം. ബസ്സിനെ ആശ്രയിച്ചാല്‍ ബെല്ലടിക്കും മുമ്പ് സ്‌കൂളിലെത്താനാകില്ല. വീടും സ്‌കൂളും കടലുണ്ടിപ്പുഴയുടെ ഇരുകരകളിലാണെങ്കിലും ബസില്‍ സ്‌കൂളിലെത്താന്‍ പത്ത് കിലോമീറ്ററോളം യാത്ര ചെയ്യണം. ബസിറങ്ങി രണ്ട് കിലോമീറ്റര്‍ നടക്കുകയും വേണം. വൈകി സ്‌കൂളിലെത്താന്‍ മാലികിന് മനസ്സ് വരില്ല. അങ്ങനെയാണ് മാസ്റ്റര്‍ പുഴയിലേക്കിറങ്ങുന്നത്. പുഴ നീന്തിക്കയറിയാല്‍ 25 മിനുട്ട് കൊണ്ട് സ്‌കൂളിലെത്താം. ആ പതിവ് നാല്‍പ്പതിലും മാസ്റ്റര്‍ മുടക്കുന്നില്ല.

1992ലാണ് അബ്ദുല്‍മാലിക് ടി ടി സി കഴിഞ്ഞ് പടിഞ്ഞാറ്റുമുറി എ എം എല്‍ പി സ്‌കൂളില്‍ അധ്യാപകനായി എത്തുന്നത്. അന്ന് മുതല്‍ തുടങ്ങിയതാണ് സമയനിഷ്ഠക്കു വേണ്ടിയുള്ള നീന്തല്‍. പുഴക്കരയിലെത്തിയാല്‍ മാസ്റ്റര്‍ തനി നാട്ടിന്‍പുറത്തുകാരനാകും. വേഷം മുണ്ട്. അരയില്‍ ചെറിയ ടയര്‍ ട്യൂബ്. ചോറ്റുപാത്രവും കുടയും പുസ്തകങ്ങളുമടങ്ങുന്ന ബാഗ് കവറിലാക്കി കൈയില്‍. പിന്നെ, കൈ ഉയര്‍ത്തിപ്പിടിച്ച് മാലിക് മറുകരക്ക്. കാലവര്‍ഷം കനക്കുമ്പോള്‍ അഞ്ചും ആറും ആളുടെ ഉയരത്തിലായിരിക്കും വെള്ളം. പക്ഷേ, കടലുണ്ടിപ്പുഴയുടെ കലി മാലികിനടുത്ത് ചെലവാകില്ല. ഏത് ശക്തമായ ഒഴുക്കിനെയും അതിജീവിച്ച് മാലിക് മുന്നേറുന്നത് രണ്ട് പതിറ്റാണ്ടായി ഇരുകരക്കാരും ആവേശത്തോടും ആദരവോടും കൂടി കാണുന്നു.
ഒഴുക്ക് ശക്തമായാല്‍ സ്ഥിരം കടവില്‍ കരപറ്റാന്‍ കഴിഞ്ഞെന്നുവരില്ല. എവിടെയാണോ ചെന്നെത്തുന്നത് അവിടെ കയറും. മഴക്കാലത്തെ പുഴയുടെ സ്വഭാവം നന്നായി അറിയാവുന്ന സഹപ്രവര്‍ത്തകനായിരുന്ന ബാപ്പുട്ടി മാഷാണ് ട്യൂബിലുള്ള യാത്രയെ കുറിച്ച് മാലിക് മാസ്റ്റര്‍ക്ക് പറഞ്ഞുകൊടുത്തത്. ഒപ്പം പ്രധാന അധ്യാപകനായ കെ എം ബശീര്‍ പകര്‍ന്നുകൊടുത്ത ആത്മധൈര്യവും കൂട്ടായപ്പോള്‍ മാലികിന് പുഴ പുല്ലായി. ഭാര്യ ഹഫീഫയും രണ്ട് ആണ്‍കുട്ടികളും പെണ്‍കുട്ടിയും അടങ്ങുന്നതാണ് മാലികിന്റെ കുടുംബം.