സോളാര്‍ തീ പടരുന്നു

Posted on: June 16, 2013 1:40 am | Last updated: June 16, 2013 at 1:40 am
SHARE

Saritha-S-Nairതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ പുതിയ വെളിപ്പെടുത്തലുകളും വിശദീകരങ്ങളുമായി വിവാദം പുകയുന്നു. തുടക്കത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നതെങ്കില്‍ ഉമ്മന്‍ ചാണ്ടിയെ തന്നെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. തട്ടിപ്പ് നടത്തി ഒളിവില്‍ കഴിയുന്ന കേസിലെ ഒന്നാം പ്രതിയും ടീം സോളാര്‍ സി ഇ ഒയും എം ഡിയുമായ ബിജു രാധാകൃഷ്ണന്‍ നടത്തിയ തുറന്നു പറച്ചിലാണ് ഇതില്‍ നിര്‍ണായകം. മുന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറിനെയാണ് പ്രധാനമായും ലക്ഷ്യം വെച്ചതെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര മന്ത്രി കെ സി വേണുഗോപാല്‍, എം ഐ ഷാനവാസ് എം പി തുടങ്ങിയവരെയെല്ലാം പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലാണ് ബിജു രാധാകൃഷ്ണന്‍ നടത്തിയത്. രൂക്ഷമായി നിലനിന്ന കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനും സോളാര്‍ തട്ടിപ്പ് ആയുധമാകുകയാണ്. പ്രതിപക്ഷവും അവസരം മുതലെടുത്ത് രംഗത്തുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ എല്‍ ഡി എഫ് അടിയന്തര യോഗം നാളെ ചേരും. അതേസമയം, തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ എ ഡി ജി പി. എ ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ആറ് ഡി വൈ എസ് പിമാരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ചു.
തന്റെ കുടുംബ ബന്ധം തകര്‍ന്നതോടെയാണ് ബിസിനസ് പൊളിഞ്ഞതെന്നും പരിഹാര മാര്‍ഗങ്ങള്‍ തേടി മുഖ്യമന്ത്രിയെ സമീപിച്ചിരുന്നുവെന്നുമാണ് ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. ഇതിനെല്ലാം കാരണം കെ ബി ഗണേഷ്‌കുമാറും തന്റെ ഭാര്യ സരിതയുമായുള്ള ബന്ധമാണെന്നും അദ്ദേഹം ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് നേരത്തെ ഒന്നുമറിയില്ലെന്ന് നിയമസഭയില്‍ നിലപാടെടുത്ത മുഖ്യമന്ത്രിയെ ഈ നിലപാട് വിഷമവൃത്തത്തിലാക്കും. കേന്ദ്രമന്ത്രി കെ സി വേണുഗോപാലും സരിതയുമായി സംസാരിച്ചതായി ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ പി സി ജോര്‍ജാണെന്ന് പരോക്ഷമായി പറഞ്ഞ് ആര്‍ ബാലകൃഷ്ണ പിള്ളയും കെ ബി ഗണേഷ് കുമാറും രംഗത്തു വന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് തടയാന്‍ വനം മാഫിയ നടത്തിയ ഗൂഢാലോചനയാണിതെന്നും ഇരുവരും വ്യക്തമാക്കിക്കഴിഞ്ഞു.
പ്രശ്‌നം വഷളാക്കിയത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണെന്ന വാര്‍ത്തകള്‍ അന്തരീക്ഷത്തിലുണ്ട്. ഗണേഷിന്റെ തിരിച്ചുവരവ് തടയാന്‍ പി സി ജോര്‍ജ് നടത്തിയ നീക്കങ്ങള്‍ പിടിവിട്ട് പോയതാണെന്ന് കരുതുന്നവരുമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്നു തുടങ്ങിയ ആരോപണങ്ങള്‍ ഇപ്പോള്‍ സര്‍ക്കാറിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാക്കുകയാണ്.
സരിതയുമായി ഫോണില്‍ നിരവധി തവണ സംസാരിച്ചുവെന്ന വിവാദത്തില്‍ പെട്ട മുഖ്യമന്ത്രിയുടെ പി എ ടെന്നി ജോപ്പനെയും ഗണ്‍മാന്‍ സലീമിനെയും കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. എന്നാല്‍, ആ നടപടികൊണ്ട് പ്രതിപക്ഷം തൃപ്തരായിരുന്നില്ല. മുഖ്യമന്ത്രി തത്സ്ഥാനത്ത് നിന്ന് മാറി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിച്ചത്.
മുഖ്യമന്ത്രിയുടെ മറ്റൊരു സ്റ്റാഫിനെയും മറ്റ് ഉന്നതരെയും സരിത ഫോണില്‍ വിളിച്ചിരുന്നുവെന്ന് പിന്നീട് വാര്‍ത്തകള്‍ വന്നു. ഈ സാഹചര്യത്തില്‍ ഇനി ജുഡീഷ്യല്‍ അന്വേഷണം മാത്രം സ്വീകാര്യമല്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന നിലപാടിലാണ് പ്രതിപക്ഷം.
നാളെ ചേരുന്ന എല്‍ ഡി എഫ് യോഗം പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കും. വിവാദങ്ങളെക്കുറിച്ച് മൗനം പാലിച്ചിരുന്ന കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഇന്നലെ നടത്തിയ പ്രതികരണവും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ സന്നദ്ധനാകാതിരുന്ന ചെന്നിത്തല അന്വേഷണം പൂര്‍ത്തിയായ ശേഷം പാര്‍ട്ടി നിലപാട് പറയാമെന്നാണ് അറിയിച്ചത്. വിഷയം ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയിലും ഐ ഗ്രൂപ്പ് പെടുത്തിക്കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിയമസഭയില്‍ വന്നപ്പോള്‍ അതിനെ പ്രതിരോധിച്ചത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മാത്രമായിരുന്നു. സോളാര്‍ പദ്ധതി എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തിയെന്ന് കാണിച്ച് മുഖ്യമന്ത്രി തനിക്ക് സ്വന്തം ലെറ്റര്‍പാഡില്‍ കത്ത് നല്‍കിയെന്ന് സരിത മൊഴി നല്‍കിയതായും സൂചനയുണ്ട്.
സരിതക്ക് ഉന്നത പോലീസുകാരുമായി ബന്ധമുണ്ടാക്കിക്കൊടുത്തതും മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരാണെന്നാണ് വിവരം. മുഖ്യമന്ത്രി പുറത്താക്കിയ പി എ ജോപ്പനും ഗണ്‍മാന്‍ സലിംരാജും മറ്റൊരു പി എ ജിക്കുമോന്‍ ജേക്കബും സരിതക്കുവേണ്ടി ഉന്നത ഉദ്യോഗസ്ഥരോട് ശിപാര്‍ശ നടത്തിയതായി വ്യക്തമായിട്ടുണ്ട്.