Connect with us

National

അഗുസ്ത വെസ്റ്റ്‌ലാന്‍ഡിനെതിരെ സി ബി ഐ മറ്റൊരു അന്വേഷണത്തിന്‌

Published

|

Last Updated

ന്യൂഡല്‍ഹി: വി വി ഐ പി ഹെലികോപ്ടര്‍ ഇടപാടില്‍ ആരോപണവിധേയരായ അഗുസ്ത വെസ്റ്റ്‌ലാന്‍ഡിനെതിരെ സി ബി ഐ മറ്റൊരു അന്വേഷണം കൂടി ആരംഭിച്ചു. 297 ഹെലികോപ്ടര്‍ ഇടപാട് അഗുസ്തക്ക് ലഭിക്കാന്‍ സഹായിക്കാമെന്ന ഒരു ബ്രിഗേഡിയറുടെ വാഗ്ദാനത്തെ കുറിച്ചാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം സി ബി ഐ അന്വേഷിക്കുന്നത്. അമ്പത് ലക്ഷം ഡോളറാണ് ഇതിന് ബ്രിഗേഡിയര്‍ ആവശ്യപ്പെട്ടത്.
സൈനിക ഉദ്യോഗസ്ഥന്‍ കൈക്കൂലി പണം ആവശ്യപ്പെട്ടതായി തെളിയിക്കുന്ന രേഖകള്‍, അഗുസ്ത വെസ്റ്റ്‌ലാന്‍ഡിനെതിരെയും മാതൃകമ്പനിയായ ഫിന്‍മെക്കാനിക്കക്കെതിരെയും അഴിമതിയാരോപണ അന്വേഷണം നടത്തുന്ന ഇറ്റാലിയന്‍ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഇറ്റാലിയന്‍ അധികൃതര്‍ അറിയിച്ചിരുന്നു. പ്രാഥമിക അന്വേഷണം ആരംഭിച്ച സി ബി ഐ അടുത്തുതന്നെ ചോദ്യം ചെയ്യലിന് ഉദ്യോഗസ്ഥനെ വിളിപ്പിക്കും. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് കുറ്റത്തിന്റെ പ്രകൃതം ഉറപ്പാക്കുന്നതിന് പ്രാഥമിക അന്വേഷണം അനിവാര്യമാണെന്ന് ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു.
സൈന്യത്തിനായി 197 ഹെലികോപ്ടറുകള്‍ വാങ്ങാനാണ് പ്രതിരോധ മന്ത്രാലയം ലക്ഷ്യമിട്ടത്. അഴിമതിയാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ കരാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വ്യോമസേനാ മുന്‍മേധാവി എസ് പി ത്യാഗിയും അദ്ദേഹത്തിന്റെ കുടുംബാംഗവും ഉള്‍പ്പെട്ട കൈക്കൂലി വിവാദത്തില്‍ അന്വേഷണം നേരിടുന്നുണ്ട് അഗുസ്ത. ഇടപാട് തങ്ങള്‍ക്ക് ലഭിക്കുന്നതിനായി 362 കോടി രൂപ അഗുസ്ത ചെലവഴിച്ചതായാണ് കേസ്. ഈ കേസില്‍ അഗുസ്തയുടെ സി ഇ ഒ ഗുസെപ്പൊ ഒര്‍സി ഇറ്റലിയില്‍ അറസ്റ്റിലായിരുന്നു.