രാജ്യസഭാ തിരഞ്ഞെടുപ്പ്: കനിമൊഴി പത്രിക സമര്‍പ്പിച്ചു

Posted on: June 16, 2013 1:13 am | Last updated: June 16, 2013 at 1:13 am
SHARE

Kanimozhiചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാ സീറ്റിലേക്ക് ഡി എം കെ മേധാവി എം കരുണാനിധിയുടെ മകള്‍ കനിമൊഴി നാമനിര്‍ദേശ പത്രിക നല്‍കി. നിലവില്‍ രാജ്യസഭാംഗമായ കനിമൊഴിയടക്കം സംസ്ഥാനത്ത് നിന്നുള്ള ആറ് അംഗങ്ങള്‍ അടുത്ത മാസം കാലാവധി പൂര്‍ത്തിയാക്കും. ഈ മാസം 27നാണ് തിരഞ്ഞെടുപ്പ്. ഇളവരശന്‍, വി മൈത്രേയന്‍ (ഇരുവരും എ ഐ എ ഡി എം കെ), തിരുച്ചി എന്‍ ശിവ (ഡി എം കെ), ബി എസ് ജ്ഞാനദേശികന്‍ (കോണ്‍ഗ്രസ്), ഡി രാജ (സി പി ഐ) എന്നിവരാണ് കനിമൊഴിക്ക് പുറമെ കാലാവധി പൂര്‍ത്തിയാക്കുന്നത്.
എ ഐ എ ഡി എം കെയുടെ സ്ഥാനാര്‍ഥികളായ വി മൈത്രേയന്‍, കെ ആര്‍ അര്‍ജുന്‍, ടി രത്‌നവേല്‍, ആര്‍ ലക്ഷ്മണന്‍, തങ്കമുത്തു എന്നിവര്‍ ബുധനാഴ്ച നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. എ ഐ എ ഡി എം കെ-151, ഡി എം ഡി എം കെ-29, ഡി എം കെ-23, സി പി എം-10, സി പി ഐ- എട്ട്, കോണ്‍ഗ്രസ്- അഞ്ച് എന്നിങ്ങനെയാണ് 235 അംഗ തമിഴ്‌നാട് നിയമസഭയിലെ കക്ഷിനില. ഒരാള്‍ക്ക് ജയിക്കാന്‍ 34 വോട്ട് വേണ്ടി വരും. ഇതുപ്രകാരം എ ഐ എ ഡി എം കെക്ക് അഞ്ച് പേരെ ജയിപ്പിക്കാനാകും. കനിമൊഴിക്ക് ജയിക്കണമെങ്കില്‍ ഡി എം ഡി കെ, കോണ്‍ഗ്രസ് എന്നിവയുടെ സഹായം വേണ്ടി വരും.