തെലുങ്കാന മേഖലയിലെ ബന്ദ് ജനജീവിതത്തെ ബാധിച്ചു

Posted on: June 16, 2013 1:05 am | Last updated: June 16, 2013 at 1:06 am
SHARE

andhraഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തെലുങ്കാന മേഖലയില്‍ ബന്ദ് ജനജീവിതത്തെ ബാധിച്ചു. കഴിഞ്ഞ ദിവസത്തെ റാലി കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിച്ചമര്‍ത്തിയെന്ന് ആരോപിച്ച് ടി ആര്‍ എസാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ഹൈദരാബാദ് അടക്കമുള്ള തെലുങ്കാന ജില്ലകളിലെ ഡിപ്പോകളുടെ മുമ്പില്‍ ടി ആര്‍ എസ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തിയതിനാല്‍ എ പി എസ് ആര്‍ ടി സിക്ക് സര്‍വീസ് നടത്താനായില്ല.
മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. വ്യാപാര സ്ഥാപനങ്ങള്‍, മാളുകള്‍, തിയേറ്ററുകള്‍ തുടങ്ങിയവും തുറന്നില്ല. തെലുങ്കാന സംസ്ഥാന രൂപവത്കരണം ആവശ്യപ്പെട്ട് തെലുങ്കാനവാദികള്‍ കഴിഞ്ഞ ദിവസം നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍, ഇത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിച്ചമര്‍ത്തിയെന്ന് ടി ആര്‍ എസ് നേതാവ് കെ ചന്ദ്രശേഖര്‍ റാവു ആരോപിച്ചു. അതേസമയം, തെലുങ്കാന സംസ്ഥാനത്തിന് വേണ്ടി ശക്തമായി വാദിക്കുന്ന സി പി ഐ ബന്ദിനെ അനുകൂലിച്ചിട്ടില്ല. ടി ആര്‍ എസിന്റെത് ഏകപക്ഷീയ തീരുമാനമാണെന്നാണ് പാര്‍ട്ടി നിലപാട്. എന്നാല്‍, തെലുങ്കാന സംയുക്ത സമിതിയിലെ മറ്റ് ഘടകങ്ങളായ ടി ആര്‍ എസ്, ബി ജെ പി തുടങ്ങിയ സംഘടനകളെല്ലാം ബന്ദിനെ അനുകൂലിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസത്തെ റാലിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ലോക്കല്‍ ട്രെയിന്‍ സര്‍വീസ് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ പുനരാരംഭിച്ചു.

 

ഉസ്മാനിയയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കുന്നതിലെ കാലതാമസത്തില്‍ പ്രതിഷേധിച്ച് ഉസ്മാനിയ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി ജീവനൊടുക്കി. ക്യാമ്പസിലെ ലൈബ്രറിക്ക് എതിര്‍വശത്തള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ബന്ദരു ശ്രീനിവാസിനെ ഇന്നലെ രാവിലെയാണ് കണ്ടത്. തെലുങ്കാന മേഖലയിലെ മഹബൂബ്‌നഗര്‍ ജില്ലക്കാരനാണ് ശ്രീനിവാസ്.

തെലുങ്കാന സംസ്ഥാന രൂപവത്കരണം വൈകുന്നതില്‍ ശ്രീനിവാസ് കടുത്ത നിരാശയിലായിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു. വിദ്യാര്‍ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് ക്യാമ്പസില്‍ പോലീസുമായി സംഘര്‍ഷമുണ്ടായി. മൃതദേഹം വിട്ടുതരണമെന്ന് സംയുക്ത ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. തെലുങ്കാനയുമായി ബന്ധപ്പെട്ട് ഉസ്മാനിയ ക്യാമ്പസില്‍ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ വിദ്യാര്‍ഥിയാണ് ശ്രീനിവാസ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തെലുങ്കാന പ്രശ്‌നം ഉന്നയിച്ച് അറുനൂറിലേറെ പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇവരിലധികവും യുവാക്കളായിരുന്നു.