നരേന്ദ്ര മോഡിയിലൂടെ ബി ജെ പിക്ക് സംഭവിക്കുന്നത്

Posted on: June 16, 2013 6:00 am | Last updated: June 15, 2013 at 9:11 pm
SHARE

modi and adwaniസംസ്ഥാനം ഭരിക്കുന്ന കക്ഷിയുടെ നേതാവിന് മുഖ്യമന്ത്രിയോളം തന്നെ വാര്‍ത്താപ്രാധാന്യവും അനൗദ്യോഗികമായ അധികാരപ്രഭാവവും കിട്ടിവരിക പതിവാണ്. ഇത്തരം അധികാര വികേന്ദ്രീകരണ പ്രക്രിയയാണ് യഥാര്‍ഥത്തില്‍ ജനാധിപത്യത്തിന്റെ ജീവന്‍! ജനാധിപത്യപരമായ ഈ ജൈവികത കാത്തുസൂക്ഷിക്കുന്ന നിലപാട് നിലനിര്‍ത്തപ്പെടുന്നതിനാലാണ് വി എസ് അച്യുതാനന്ദന്‍ കേരള മുഖ്യമന്ത്രിയായപ്പോള്‍ ഭരണകക്ഷിയുടെ സെക്രട്ടറി പിണറായി വിജയന് വേണ്ടത്ര പ്രസക്തി ലഭിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് തന്നെയാണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല അപ്രസക്തനാകാതിരിക്കുന്നതും. എന്നാല്‍, ഈ ജനാധിപത്യ രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയെ മുന്‍നിര്‍ത്തി ഗുജറാത്തിനെ ഒന്നു നോക്കൂ. എന്താണ് അവിടെ സംഭവിച്ചിരിക്കുന്നത്? ഗുജറാത്തില്‍ മൂന്നാം തവണയാണ് ബി ജെ പി എന്ന കക്ഷി ഭരണപക്ഷമാകുന്നത്! പക്ഷേ, ഭരണ കക്ഷിയുടെ സംസ്ഥാന അധ്യക്ഷന് ഗുജറാത്തിലോ ഭാരതത്തിലോ യാതൊരു പ്രാധാന്യവും പരിഗണനയും ഇല്ല. ആരാണ് ഗുജറാത്തിലെ ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന ചോദ്യം പത്രപ്രവര്‍ത്തകരുള്‍പ്പെടെ പലരോടും ഈ ലേഖകന്‍ ചോദിച്ചു. അവര്‍ക്കൊന്നും അറിയില്ല. ഒടുവില്‍ ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗമായ കണ്ണൂര്‍ സ്വദേശി കരുണാകരന്‍ മാഷിനോട് വിളിച്ചു ചോദിച്ചു. ‘സോറി അതറിയില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഗുജറാത്ത് ഭരിക്കുന്ന ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷന്റെ പേര് എന്തെന്നറിയാന്‍ പോലും ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യേണ്ടുന്ന അവസ്ഥ ഉണ്ടായതെങ്ങനെ? ഇതിന് ഉത്തരം തേടുമ്പോഴാണ് നാം നരേന്ദ്ര മോഡി എന്ന ഏകാധിപതിയിലേക്ക് അഥവാ കാവി ഹിറ്റ്‌ലറെന്ന ഭീകരനിലേക്ക് വിരല്‍ചൂണ്ടേണ്ടി വരുന്നത്. നരേന്ദ്ര മോഡിക്ക് ഗുജറാത്തില്‍ കിട്ടിയ അവസരം ഇന്ത്യയൊട്ടാകെ കിട്ടിയാല്‍ ഗുജറാത്തിലെ ബി ജെ പി അധ്യക്ഷന്റെ പേര് പോലും ആര്‍ക്കും അറിയാത്ത വിധം തേഞ്ഞു മാഞ്ഞു പോയതു പോലെ, ബി ജെ പിയുടെ ദേശീയ അധ്യക്ഷന്റെ പേരറിയാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യേണ്ടുന്ന അവസ്ഥയാണ് ഉണ്ടാകുക. ചുരുക്കത്തില്‍, ഗുജറാത്തില്‍ ബി ജെ പി എന്ന പാര്‍ട്ടിയില്ല; നരേന്ദ്ര മോഡി എന്ന വ്യക്തിയേ ഉള്ളൂ എന്ന ഇന്നത്തെ നില ഭാരതത്തില്‍ വരും നാളുകളില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്കും സംഭവിക്കും. ഈ വിപത്ത് തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു പ്രതികരണമായിരുന്നു ലാല്‍ കൃഷ്ണ അഡ്വാനി നടത്തിയ രാജി പ്രഖ്യാപനം.
ലാല്‍ കൃഷ്ണ അഡ്വാനി സ്വന്തം തണലില്‍ നിര്‍ത്തി വളര്‍ത്തിയെടുത്ത ആളാണ് നരേന്ദ്ര മോഡി. അതേ അഡ്വാനി തന്നെ രൂപവത്കരിച്ചു നേതൃത്വം നല്‍കി രാജ്യവ്യാപകമായി കെട്ടിപ്പടുത്ത പാര്‍ട്ടിയാണ് ഭാരതീയ ജനതാ പാര്‍ട്ടി. തന്റെ രാഷ്ട്രീയ ശിഷ്യനാണോ തന്റെ രാഷ്ട്രീയ പാര്‍ട്ടിയാണോ നിലനില്‍ക്കേണ്ടത് എന്ന പ്രശ്‌നത്തെയാണ് നരേന്ദ്ര മോഡിയുടെ ദേശീയ രാഷ്ട്രീയ രംഗത്തേക്കുള്ള ആഗമനത്തോടെ അഡ്വാനി അഭിമുഖീകരിച്ചത്. ഗുജറാത്തില്‍ നരേന്ദ്ര മോഡി എന്ന ഏകാധിപതിക്ക് മുന്നില്‍ ബി ജെ പി എന്ന പാര്‍ട്ടി വെറുമൊരു പരവതാനി മാത്രമായി തീര്‍ന്നതുപോലെ രാജ്യവ്യാപകമായി ബി ജെ പി എത്തിപ്പെടരുതെന്ന് എല്‍ കെ അഡ്വാനി തിരിച്ചറിഞ്ഞു. ഇതു ബി ജെ പിയും ആര്‍ എസ് എസും തിരിച്ചറിഞ്ഞില്ലെങ്കില്‍ നരേന്ദ്ര മോഡിയിലൂടെ സംഭവിക്കാന്‍ പോകുന്നത് കോണ്‍ഗ്രസ്‌വിമുക്ത ഭാരതമല്ല. മറിച്ച് ബി ജെ പിവിമുക്ത ഭാരതമായിരിക്കും. ഏറിയാല്‍ എ ഐ എ ഡി എം കെയുടെ കെട്ടിലും മട്ടിലും ഉള്ളതിനേക്കാള്‍ കൂടിയ നിലവാരമൊന്നും നരേന്ദ്ര മോഡിയുടെ ഏകാധിപത്യത്തില്‍ ബി ജെ പി എന്ന രാഷ്ട്രീയ കക്ഷിക്കും നിലനിര്‍ത്താനാകില്ല. എ ഐ എ ഡി എം കെ എന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല; അത് ഡോ. കുമാരി ജയലളിതയുടെ ഒരു ‘ഏറാന്‍മൂളിക്കൂട്ടം’ മാത്രമാണ്. ഗുജറാത്തില്‍ ഇപ്പോള്‍ ബി ജെ പി ഒരു പാര്‍ട്ടിയല്ല; നരേന്ദ്ര മോഡിയുടെ ഒരു ഏറാന്‍മൂളിക്കൂട്ടമാണ്. ഇമ്മട്ടില്‍ പോകുകയാണെങ്കില്‍ നാളെ ഭാരതമൊട്ടാകെ ബി ജെ പി എന്നത് നരേന്ദ്ര മോഡിയുടെ വെറുമൊരു ഏറാന്‍മൂളിക്കൂട്ടം മാത്രമായി തീരും. ഇത്തരമൊരവസ്ഥ ഉണ്ടാകാതിരിക്കാന്‍ തന്നാല്‍ സാധ്യമായൊരു തടയണ കെട്ടുകയാണ് എല്‍ കെ അഡ്വാനി ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഈ വസ്തുത അര്‍ഹിക്കുന്ന ഗൗരവത്തില്‍ ജനാധിപത്യ ഭാരതം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
പാര്‍ട്ടിയേയും പാര്‍ട്ടി പ്രസിഡന്റിനേയുമെല്ലാം ഒന്നുമല്ലാതാക്കി ‘ഞാന്‍ ഞാന്‍ മാത്രം’ എന്നതില്‍ എല്ലാത്തിനേയും കേന്ദ്രീകരിപ്പിച്ചു നിര്‍ത്തുന്ന നരേന്ദ്ര മോഡിയുടെ ഗുജറാത്ത് മോഡല്‍ ഏകാധിപത്യ ശൈലി ആര്‍ എസ് എസിന്റെ ശൈലിക്കു പോലും യോജിക്കുന്ന ഒന്നല്ല. എന്തെന്നാല്‍ ആര്‍ എസ് എസില്‍ വ്യക്തിക്കു പ്രാധാന്യമില്ല; സംഘത്തിനാണ് പ്രാധാന്യം. നരേന്ദ്ര മോഡിയുടെ ശൈലിയിലാകട്ടെ അയാള്‍ക്കു മാത്രമേ പ്രാധാന്യമുള്ളൂ; മറ്റെല്ലാം അപ്രധാനമാണ്. തീര്‍ച്ചയായും ഏതൊരു ഏകാധിപതിയും റാന്‍ മൂളി നില്‍ക്കുന്നവരെ ചെല്ലും ചെലവും കൊടുത്ത് നിലനിര്‍ത്താറുണ്ട്. ഇത്തരക്കാര്‍ക്ക് യജമാന സ്തുതി പാടുക എന്നതൊഴിച്ച് മറ്റൊന്നും ചെയ്യാനുമാകില്ല. ബി ജെ പി നേതൃത്വം ഒന്നടങ്കമിപ്പോള്‍ നരേന്ദ്ര മോഡിക്ക് സ്തുതി പാടുന്ന അടിയന്മാരുടെ പറ്റമായി അധഃപതിച്ചിരിക്കുന്നു. ഇത്തരമൊരവസ്ഥയില്‍ വേറിട്ടു കേട്ട ഒരു ശബ്ദമാണ് അഡ്വാനിയുടെത്. അതുകൊണ്ട് തന്നെ അതിന് ജനാധിപത്യത്തിന്റെ ഇത്തിരി ജീവനെങ്കിലും ഉണ്ടെന്നു പറയാതെ വയ്യ.
വെറും അധികാര ദുര്‍മോഹം കൊണ്ടു മാത്രമാണ് നരേന്ദ്ര മോഡി ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതാവായി അവരോധിതനായപ്പോള്‍ എല്‍ കെ അഡ്വാനി രാജിപ്രഖ്യാപനം നടത്തിയതെന്നു കരുതിക്കൂടാ. സുഷ്മാ സ്വരാജിനെയോ രാജ്‌നാഥ് സിംഗിനെയോ മറ്റോ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കില്‍ പോലും എല്‍ കെ അഡ്വാനി രാജിപ്രഖ്യാപനം നടത്തുമായിരുന്നില്ല. എന്നാല്‍, നരേന്ദ്ര മോഡിയെ അഡ്വാനിക്ക് അംഗീകരിക്കാനാകില്ല. അതിനു കാരണം താന്‍ വളര്‍ത്തിയെടുത്ത രാഷ്ട്രീയ പ്രസ്ഥാനം നരേന്ദ്രമോഡിയുടെ വെറുമൊരു ഏറാന്‍മൂളിക്കൂട്ടമാകുന്നത് അഡ്വാനിക്കു അസഹ്യമാണെന്നതു തന്നെയാണ്. ഭസ്മാസുരനു വരം കൊടുക്കുന്നതു വഴി പരമശിവന്‍ അനുഭവിച്ച അവസ്ഥ ബി ജെ പി ഭാവിയില്‍ നേരിടാതിരിക്കാന്‍ ഓരോ ബി ജെ പി പ്രവര്‍ത്തകനും നരേന്ദ്ര മോഡിയെപ്രതി എല്‍ കെ അഡ്വാനി അനുഭവിക്കുന്ന അസഹ്യത സ്വാംശീകരിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ബി ജെ പി ഉള്ളതുകൊണ്ട് മോഡി ഉണ്ടായി എന്നതിനു പകരം മോഡിയുള്ളതുകൊണ്ട് ബി ജെ പി ഉണ്ടായി എന്ന നിലയാകും ഉണ്ടാകുക. അതൊഴിവാക്കാനാണ് അഡ്വാനി ആഗ്രഹിക്കുന്നതും; ബി ജെ പിയെ രാജി പ്രഖ്യാപനത്തിലൂടെ പ്രഹരിച്ചതും എന്നു പറയാം.
തീര്‍ച്ചയായും ഹിറ്റ്‌ലര്‍ ജനസമ്മതി നേടിത്തന്നെയാണ് അധികാരത്തില്‍ വന്നത്. പക്ഷേ, ഹിറ്റ്‌ലറുടെ അന്ത്യത്തിനും അയാളെ അധികാരത്തില്‍ ഏറ്റിയതിനേക്കാള്‍ ഏറെ വലിയ ആഗോള ജനസമ്മതി ലഭിച്ചിരുന്നു. അഹിംസാവാദിയായ ഗാന്ധിജി പോലും ഹിറ്റ്‌ലര്‍ക്കെതിരായ യുദ്ധത്തെ അനുകൂലിച്ചു. അത്തരമൊരവസ്ഥ നരേന്ദ്ര മോഡി എന്ന കാവി ഹിറ്റ്‌ലറേയും കാത്തിരിക്കുന്നുണ്ടെന്ന് ഓര്‍മിക്കുന്ന ഒരാള്‍ക്കും മോഡി പറയുന്നതിനെയൊക്കെ ‘ഓ ഓ’ എന്നു പറഞ്ഞു ശരിവെക്കുന്ന ഒ രാജഗോപാലുമാരായിരിക്കാന്‍ ബി ജെ പിക്ക് അകത്തും പുറത്തും സാധ്യമാകില്ല.

 

[email protected]