Connect with us

International

ഹസന്‍ റുഹാനി ഇറാന്‍ പ്രസിഡന്റ്‌

Published

|

Last Updated

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദ് നജാദിയുടെ പിന്‍ഗാമിയായി മിതവാദിയായി വിശേഷിപ്പിക്കപ്പെടുന്ന ഹസന്‍ റൂഹാനി തിരഞ്ഞെടുക്കപ്പെട്ടു. ആകെ പോള്‍ ചെയ്ത 72.2 ശതമാനം വോട്ടില്‍ 50.68 ശതമാനം നേടിയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രി മുസ്തഫ മുഹമ്മദ് നജ്ജാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രാജ്യത്തെ അഞ്ച് കോടി വോട്ടര്‍മാരില്‍ 36,704,156 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ റൂഹാനി 18,613,329 വോട്ടുകള്‍ നേടി. പ്രധാന എതിരാളിയായ ടെഹ്‌റാന്‍ മേയര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് 6,077,292 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ അമ്പത് ശതമാനത്തിന് മുകളില്‍ വോട്ട് ലഭിക്കണം. ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല ഖാംനഇ തിരഞ്ഞെടുപ്പ് ഫലത്തിന് ഔദ്യോഗിക സ്ഥിരീകരണം നല്‍കും. അതിന് ശേഷം പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യും. തിരഞ്ഞെടുപ്പ് ഫലമെന്തായാലും വിജയിക്കുന്നത് 34 വര്‍ഷം പഴക്കമുള്ള രാജ്യത്തെ ജനാധിപത്യഘടനയാണെന്ന് ആയത്തുല്ല ഖാംനഇ അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ക്കും തുല്യ നീതിയും അവകാശങ്ങളും, രാഷ്ട്രീയ തടവുകാരുടെ മോചനം, പൊതുജനങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ അനാവശ്യമായി ഇടപെടാതിരിക്കുക തുടങ്ങിയ വാഗ്ദാനങ്ങള്‍ റൂഹാനി നല്‍കിയിരുന്നു.
ഉയര്‍ന്ന പോളിംഗ് ശതമാനം കാണിക്കുന്നത് ഇറാനിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതിന്റെ തെളിവാണെന്ന് മാധ്യമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.