Connect with us

Gulf

കാക്കയുടെ ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റു

Published

|

Last Updated

ദുബൈ: കാക്കയുടെ ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റു. ഡിസ്‌കവറി ഗാര്‍ഡണിലാണ് കാക്ക യുവാവിനെ ആക്രമിച്ചത്. ഇയാളുടെ ചെവിക്ക് പിന്നില്‍ കാക്കയുടെ ആക്രമണത്താല്‍ മുറിവേറ്റിട്ടുണ്ട്.
ഫസ്റ്റ് റൗണ്ട് എബൗട്ടിലെ വെസ്റ്റ് സോണ്‍ സൂപ്പര്‍മാര്‍ക്കറ്റിന് എതിര്‍വശത്തെ കാര്‍ പാര്‍ക്കിന് സമീപത്തായിരുന്നു ഏതാനും ദിവസം മുമ്പ് കാക്ക യുവാവിനെ ആക്രമിച്ചത്. അശതോഷ് സന്ദീര്‍ എന്ന യൂവാവിനാണ് പരുക്കേറ്റത്. സമീപത്തെ ഫാര്‍മസിയില്‍ നിന്നും ഉടന്‍ ലോഷന്‍ വാങ്ങി പുരട്ടിയതിനാല്‍ മുറിവ് പഴുക്കാതെ രക്ഷപ്പെട്ടെന്ന് അശതോഷ് പറഞ്ഞു.
കാര്‍ പാര്‍ക്ക് ചെയ്ത് താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു കാക്ക അശതോഷിനെ ആക്രമിച്ചത്. ഏഴോളം ആളുകള്‍ക്ക് കാക്കയില്‍ നിന്നുള്ള ആക്രമണം നേരിട്ടതായി സമീപത്ത് താമസിക്കുന്ന ഇന്ത്യക്കാരനും അശതോഷിന്റെ സുഹൃത്തുമായ സത്യം സിംഗ് ടോമര്‍ വ്യക്തമാക്കി. ഒരു കാക്ക തന്നെയാണ് ആളുകളെ അകാരണമായി ആക്രമിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
മൂന്നു മാസത്തിനിടയില്‍ നാലു തവണ കാക്കയില്‍ നിന്നും ആക്രമണം നേരിട്ടതായി മറ്റൊരു താമസക്കാരനായ പ്രാന്തോഷ് നഹ വ്യക്തമാക്കി. ഭക്ഷണ പദാര്‍ഥങ്ങളുമായി നടന്നു പോകുന്ന ഒരു കൂട്ടം സ്ത്രീകളെ കാക്ക ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം ഒരു സാഹചര്യം ഇല്ലാതെയാണ് കാക്ക തന്നെ ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാക്കയില്‍ നിന്നും മുറിവേല്‍ക്കുന്നത് അപകടം വിളിച്ചുവരുത്തുമെന്നും മതിയായ ചികിത്സ തേടണമെന്നും ദുബൈ നഗരസഭയുടെ പബ്ലിക് പാര്‍ക്ക്‌സ് ആന്‍ഡ് ഹോട്ടികള്‍ച്ചര്‍ വിഭാഗത്തിലെ വൈല്‍ഡ് ലൈഫ് സ്‌പെഷലിസ്റ്റ് ഡോ. റിസ ഖാന്‍ മുന്നറിയിപ്പ് നല്‍കി. കാക്കകള്‍ക്ക് പൊതുവില്‍ മനുഷ്യനെ ആക്രമിക്കുന്ന പ്രവണതയില്ലെന്നും അവര്‍ പറഞ്ഞു. കാക്കകള്‍ ചിലപ്പോള്‍ രോഗം പരത്തുന്നതിന് കാരണമാവാറുണ്ട്. ചുറ്റുപാടുകളില്‍ നിന്നും ലഭിക്കുന്ന രോഗാണു ബാധിതമായ ഭക്ഷണമാവാം ഇതിന് ഇടയാക്കുന്നതെന്നും അവര്‍ പറഞ്ഞു.