Connect with us

Gulf

സുരക്ഷിതത്വമോ, തീപിടുത്തമോ? തീരുമാനം നിങ്ങളുടേത്...

Published

|

Last Updated

ദുബൈ: സുരക്ഷിതത്വമോ, തീപിടുത്തമോ… നിങ്ങളുടെ തിരഞ്ഞെടുപ്പ്, എന്ന സന്ദേശത്തില്‍ ദുബൈ നഗരസഭ ബോധവത്കരണം തുടങ്ങിയതായി അസി. ഡയറക്ടര്‍ ജനറല്‍ എഞ്ചി. സാലിം ബിന്‍ മെസ്മര്‍ അറിയിച്ചു.
മൂന്നു മാസം നീണ്ടുനില്‍ക്കുന്ന ബോധവത്കരണമാണ് നടത്തുക. ചൂടുകാലമായതിനാല്‍ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ളവരിലേക്ക് സന്ദേശം എത്തിക്കും. തീപിടുത്തം കരുതിയിരിക്കുക എന്നതിനു പുറമെ, ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയും പ്രചാരണം നടത്തും. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് സുരക്ഷിതവും ആരോഗ്യകരവുമായ വേനല്‍ക്കാലം എന്ന ലക്ഷ്യത്തില്‍ ബോധവത്കരണം നടത്തുന്നത്. തൊഴിലാളികള്‍, കുടുംബങ്ങള്‍, വിദ്യാലയങ്ങള്‍, മരുഭൂമിയിലെ താമസകേന്ദ്രങ്ങള്‍, കടകള്‍, ഫഌറ്റുകള്‍, വില്ലകള്‍ എന്നിങ്ങനെ സകല സ്ഥലങ്ങളിലും ബോധവത്കരണം നടത്തും.
തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേകം നിര്‍ദേശങ്ങള്‍ നല്‍കും-എഞ്ചി. സാലിം ബിന്‍ മെസ്മര്‍ പറഞ്ഞു. ഓരോ വര്‍ഷവും താപനില കൂടിവരികയാണെന്ന് പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ എഞ്ചി. റിധാ സല്‍മാന്‍ പറഞ്ഞു. താപം നേരിട്ടും അല്ലാതെയും ഏല്‍ക്കുന്നത് മൂലം പലരും അസുഖബാധിതരാകുന്നു. സൂര്യാഘാതത്തിനെതിരെ മുന്‍കരുതല്‍ അനിവാര്യം.
തീപിടുത്തത്തിനെതിരെ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കുന്നു. സിവില്‍ ഡിഫന്‍സ് പലയിടത്തും ശില്‍പശാലകള്‍ നടത്തുന്നു. ജലബാഷ്പീകരണം സംബന്ധിച്ച് ആരോഗ്യ വിദഗ്ധരും ക്ലാസെടുക്കുന്നു. തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം വ്യാപകമാക്കേണ്ടതുണ്ട്. വ്യത്യസ്ത ഭാഷകളില്‍ പോസ്റ്ററുകളും ലഘുലേഖകളും വിതരണം ചെയ്യും. ഉയര്‍ന്ന താപനില കാരണം വിയര്‍പ്പ് കൂടുതലായിരിക്കും. ശരീരത്തിന്റെ നിര്‍ജലീകരണം തടയേണ്ടതുണ്ട്. ധാരാളം വെള്ളം കുടിക്കണമെന്നും എഞ്ചി. റിധാ സല്‍മാന്‍ ഓര്‍മിപ്പിച്ചു.

Latest