വിദ്യാര്‍ഥി ഡ്രൈവിംഗ് ലൈസന്‍സുകള്‍ കുവൈത്ത് കൂട്ടത്തോടെ റദ്ദാക്കുന്നു

Posted on: June 15, 2013 3:59 pm | Last updated: June 15, 2013 at 4:12 pm
SHARE

kuwaitകുവൈത്ത് സിറ്റി: വിദേശീയരായ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസന്‍സുകള്‍ കുവൈത്ത് ഗതാഗത മന്ത്രാലയം കൂട്ടത്തോടെ റദ്ദാക്കുന്നു. പഠനകാലത്ത് നേടിയ ഡ്രൈവിംഗ് ലൈസന്‍സ് ജോലി ലഭിച്ച ശേഷവും ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബൂഫത്താഹ് അല്‍ അലി കുവൈത്ത് ദിനപത്രമായ അല്‍ അന്‍ബാഅ് പറഞ്ഞു. പതിനായിരത്തിലേറെ ലൈസന്‍സുകളാണ് ഇത്തരത്തില്‍ റദ്ദാക്കാന്‍ നടപടി തുടങ്ങിയത്. പഠന സമയത്ത് ലൈസന്‍സ് നേടി പിന്നീട് വീട്ടമ്മയായി കുവൈത്തില്‍ തുടരുന്നവരുടെ ലൈസന്‍സുകളും ഇതില്‍പ്പെടും.

കനത്ത വ്യവസ്ഥകള്‍ക്ക് വിധേയമായാണ് കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നത്. യൂനിവേഴ്‌സിറ്റി ഡിഗ്രിയും പ്രതിമാസം 400 കുവൈത്ത് ദീനാര്‍ ശമ്പളവും ഉള്ളവരും നിയമപരമായി രണ്ട് വര്‍ഷമായി കുവൈത്തില്‍ താമസിക്കുന്നവരുമായ വിദേശികള്‍ക്കാണ് ലൈസന്‍സ് അനുവദിക്കുന്നത്. എന്നാല്‍ വിദ്യാര്‍ഥികള്‍, കുട്ടികളുള്ള വീട്ടമ്മമാര്‍, എന്‍ജിനീയര്‍മാര്‍, ജഡ്ജിമാര്‍, അഭിഭാഷകര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക്് ഈ വ്യവസ്ഥകളില്‍ ഇളവുണ്ട്. ഇത് മുതലെടുത്ത് ലൈസന്‍സ് നേടിയവര്‍ പിന്നീട് പഠനം കഴിഞ്ഞും ആ ലൈസന്‍സ് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് കുവൈത്ത് മന്ത്രാലയത്തിന്റെ നടപടി.