വാര്‍ത്ത തെറ്റ്; മുസ്ലിം ലീഗിലേക്ക് തിരികെയില്ലെന്ന് കെ ടി ജലീല്‍

Posted on: June 15, 2013 2:55 pm | Last updated: June 15, 2013 at 2:55 pm
SHARE

kt_jaleel1മലപ്പുറം: കെ ടി ജലീല്‍ എം എല്‍ എ മുസ്ലിം ലീഗിലേക്ക് തിരിച്ചുപോകുന്നുവെന്ന വാര്‍്ത്ത അദ്ദേഹം നിഷേധിച്ചു. അത്തരം വാര്‍ത്തകള്‍ ശരിയുടെ ഒരംശംപോലുമില്ലാത്ത നുണക്കഥകളാണെന്ന് തന്റെ ഫേസ്ബുക്ക് പേജില്‍ നല്‍കിയ വിശദീകരണത്തില്‍ ജലീല്‍ വ്യക്തമാക്കി. മുസ്ലീം ലീഗില്‍ നിന്ന് വിട്ട് ഇപ്പോള്‍ ഇടതുപക്ഷ സഹയാത്രികനായി തുടരുന്ന കെ ടി ജലീല്‍ തിരിച്ച് ലീഗിലേക്ക് പോകുന്നുവെന്ന് ഒരു ഓണ്‍ലൈന്‍ പത്രമാണ് കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നത്.

യൂത്തലീഗ് ജനറല്‍ സെക്രട്ടറിയായിരിക്കെ ലീഗില്‍ ഉരുണ്ട്കൂടിക്കൊണ്ടിരുന്ന ചില ദൂഷ് പ്രവണതകളെ താന്‍ ചോദ്യം ചെയ്യുകയും പാര്‍ട്ടിയിലെ സമ്പന്നരുടെ മേല്‍കോയ്മയെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഒരു വിശദീകരണം പോലും ചോദിക്കാതെ പാര്‍ട്ടി തന്നെ നിഷ്‌കരുണം പുറത്താക്കുകയായിരുന്നുവെന്ന് കെ ടി ജലീല്‍ വിശദീകരിച്ചു.

ജലീലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

എന്റെ ജീവിതത്തില്‍ ഞാന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലെ അംഗമായിട്ടുള്ളൂ . അത് മുസ്ലിംലീഗിലാണ് . ചെറുപ്പത്തിലേ നല്ല പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ എനിക്കിഷ്ടമായിരുന്നു . ആറാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് സി.എച്ചിന്റെ പ്രസംഗം ഞാന്‍ ആദ്യമായി കേട്ടത് . പിന്നീട് രണ്ടുതവണകൂടി സി.എച്ചിനെ കാണുകയും കേള്‍ക്കുകയും ചെയ്തു . ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സമയത്തും പ്രീഢിഗ്രിക്ക് ചേര്‍ന്ന ആദ്യ വര്‍ഷവും . അന്ന് തുടങ്ങിയതായിരുന്നു ലീഗിനോടുള്ള ആഭിമുഖ്യം . സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.എസ്.എഫില്‍ സജീവമായി . യശശ്ശരീരരായ ശിഹാബ് തങ്ങളോടും കൊരമ്പയില്‍ അഹമ്മദാജിയോടുമുള്ള അടുപ്പം അനിര്‍വചനീയമായിരുന്നു . ഞാന്‍ മുസ്ലിം യൂത്ത് ലീഗിന്റെ മണ്ഡലം പ്രസിഡന്റും പിന്നീട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി . എന്നിലേല്‍പ്പിച്ച ഉത്തരവാദിത്വം ഒരു ആക്ഷേപത്തിനുമിടവരുത്താതെ ഏന്റെ സഹപ്രവര്‍ത്തകരുടെ പിന്തുണയോടെ ഞാന്‍ ഭംഗിയായി പൂര്‍ത്തിയാക്കി . അവസാനം 90% അംഗങ്ങളും ഏന്നെ പിന്തുണച്ച , പുതിയ ഭാരവാഹികളെ തൊരഞ്ഞെടുക്കാനുള്ള സംസ്ഥാന കൗണ്‍സിലില്‍ വെച്ച് , ഞാന്‍ ഭാരവാഹിത്വത്തിലെത്തുന്നത് നേത്രത്ത്വത്തിനിഷ്ടമല്ലെന്ന് കണ്ട് സ്വയം പിന്‍വാങ്ങി . യൂത്തലീഗ് ജനറല്‍ സെക്രട്ടറിയായിരിക്കെ തന്നെ ലീഗില്‍ ഉരുണ്ട്കൂടിക്കൊണ്ടിരുന്ന ചില ദൂഷ് പ്രവണതകളെ ഞാന്‍ ചോദ്യം ചെയ്തിരുന്നു . ജനങ്ങളുടെ കണ്ണുനീര്‍ കാണാതെയുള്ള വികസന സങ്കല്‍പ്പം വേണ്ടെന്ന് ശഠിച്ചിരുന്നു . പാര്‍ട്ടിയിലെ സമ്പന്നരുടെ മേല്‍കോയ്മയെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു . ഇക്കാരണങ്ങളാല്‍ ഒരു വിശദീകരണം പോലും ചോദിക്കാതെ പാര്‍ട്ടി എന്നെ നിഷ്‌കരുണം പുറത്താക്കി . പിന്നീടങ്ങോട്ട് രണ്ടും കല്‍പ്പിച്ചുള്ള പടപ്പുറപ്പാടായിരുന്നു . ഒന്നുകില്‍ പരാജിതനായി മൗനത്തിന്റെ വാല്മീകത്തിലേക്ക് ഉള്‍വലിയുക , അല്ലെങ്കില്‍ രാഷ്ട്രീയ അടര്‍ക്കളത്തില്‍ പൊരുതി മരിക്കുക . രണ്ടാമത്തെ വഴിയാണ് ഒരു പോരാളിയുടേതെന്നതിനാല്‍ ഞാന്‍ തെരെഞ്ഞടുത്തത് അതായിരുന്നു . രാഷ്ട്രീയത്തെരുവിലേക്ക് വലിച്ചെറിയപ്പെട്ട എന്നെ താങ്ങി എഴുന്നേല്‍പ്പിക്കാനും ദാഹജലം പകര്‍ന്നുതരാനും സി.പി.ഐ.എമ്മും ഇടതുപക്ഷ കക്ഷികളും വ്യവസ്ഥാപിത മതസമുദായ സംഘടനകളും ബഹുജനങ്ങളും തയ്യാറായത് എനിക്ക് നല്കിയ ആശ്വാസം ചെറുതായിരുന്നില്ല . ലോകാവസാനംവരെ ജയം അസാദ്ധ്യം എന്ന് കരുതപ്പെട്ട ഒരു ജീവല്‍മരണപ്പോരാട്ടത്തില്‍! കുറ്റിപ്പുറത്തുണ്ടായ വിജയം , പണവും പ്രതാപവും പ്രമാണിത്വവും അവകാശപ്പെടാനില്ലാത്ത എന്നെപ്പോലെ ഒരു സാധാരണക്കാരന്‍ ഉയര്‍ത്തിയ സാമൂഹ്യരാഷ്ട്രീയ പ്രശ്‌നങ്ങളോട് ജനങ്ങള്‍ക്കുള്ള ആഭിമുഖ്യത്തെയാണ് അടയാളപ്പെടുത്തിയത് . ആരുമില്ലെന്ന് കരുതിയ ഒരു സമയത്ത് എനിക്ക് തണലേകാന്‍ സഖാവ് പിണറായിയും , വി.എസ്സും , പാലോളിയും കാണിച്ച വിശാലമനസ്‌കതക്ക് എന്റെ ശിഷ്ഠകാല ജീവിതമല്ലാതെ മറ്റൊന്നും പകരമാവില്ലെന്ന ബോദ്ധ്യം ആരെക്കാളുമധികം എനിക്കുണ്ട് . ഞാന്‍ ലീഗിനെ ഉപേക്ഷിച്ചതായിരുന്നില്ല , ചില നിലപാടുകളുടെ പേരില്‍ ലീഗ് എന്നെ പടിയടച്ച് പിണ്ഡം വെക്കുകയായിരുന്നു . ഇന്ന് ഞാന്‍ സി.പി.ഐ.എം സഹയാത്രകനായി ഇടതുപക്ഷത്ത് നിലകൊള്ളുന്നത് ആരോടെങ്കിലുമുള്ള വാശി തീര്‍ക്കാനോ പ്രതികാരം ചെയ്യാനോ അല്ല . മതജാതി അതിര്‍വരമ്പുകള്‍ക്കപ്പുറം മുഴുവന്‍ ജനങ്ങള്‍ക്കുവേണ്ടിയും എന്നാല്‍ കഴിയുന്ന സേവനം ചെയ്യാന്‍ അനിയോജ്യമായ ഏറ്റവും നല്ല പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് . എന്നെപ്പറ്റി ഒരു ഓണ്‍ലൈന്‍ പത്രം തെറ്റായ വാര്‍ത്ത കൊടുത്തത് എന്റെ ശ്രദ്ധയിലും പെട്ടു . എനിക്ക് അടുപ്പവും സ്‌നേഹമുള്ളവരെയും എന്നെ ഇഷ്ടപ്പെടുന്നവരെയും അത് അസ്വസ്ഥമാക്കുക സ്വാഭാവികമാണ് . അത്തരം വാര്‍ത്തകള്‍ ശരിയുടെ ഒരംശംപോലുമില്ലാത്ത നുണക്കഥകളാണ് . ജീവിതത്തിന്റെ ഏറ്റവുംവലിയ പ്രതിസന്ധികളുടെ നാളുകളില്‍ എനിക്ക് തണലേകി കരുത്ത് പകര്‍ന്നവരെ ഈ ജന്മത്തില്‍ എനിക്ക് മറക്കാനാവില്ല …