ജെ ഡി യു – ബി ജെ പി ബന്ധം തകര്‍ച്ച ഉറപ്പ്; തീരുമാനം ഉടന്‍

Posted on: June 15, 2013 6:00 am | Last updated: June 15, 2013 at 8:05 am
SHARE

sharath-yadavന്യൂഡല്‍ഹി: ജെ ഡി യു ദേശീയ ജനാധിപത്യ സഖ്യം( എന്‍ ഡി എ) വിടുമെന്ന് ഏറെക്കുറെ ഉറപ്പായി. സഖ്യം തകരുന്നതോടെ ബീഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാറിനുണ്ടായേക്കാവുന്ന പ്രതിസന്ധി തരണം ചെയ്യാനുള്ള തിരക്കിട്ട നീക്കത്തിലാണ് ജനതാദള്‍ നേതാക്കള്‍. എന്‍ ഡി എ കണ്‍വീനര്‍ കൂടിയായ ജെ ഡി യു നേതാവ് ശരദ് യാദവ് ഇന്ന് വൈകീട്ട് പാറ്റ്‌നയിലെത്തും. നിര്‍ണായക യോഗം ഞായറാഴ്ച നടക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ഇന്ന് നടക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഈ യോഗത്തിന് ശേഷം സഖ്യം വിടുന്ന കാര്യം പ്രഖ്യാപിക്കും. അതിനിടെ, ജെ ഡിയു വിനെ അനുനയിപ്പിക്കാനുള്ള ശ്രമം ബി ജെ പി കേന്ദ്ര നേതൃത്വം ശക്തമാക്കിയിട്ടുണ്ട്.
സഖ്യം വിടുന്നത് സംബന്ധിച്ച് ബി ജെ പിക്ക് അന്ത്യശാസനം നല്‍കിയെന്ന വാര്‍ത്ത ശരിയല്ലെന്ന് ജനതാദള്‍ യു അധ്യക്ഷന്‍ ശരത് യാദവ്. ഈ സമയം വരെ എന്‍ ഡി എ മുന്നണിയില്‍ തന്നെയാണ് ജെ ഡി യു. എന്നാല്‍ മുന്നണിയുടെ അജന്‍ഡ ഏത് തരത്തിലായിരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഭാവി കാര്യങ്ങളെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ശരത് യാദവ് പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ കമ്മിറ്റി ചെയര്‍മാനാക്കിയതോടെയാണ് ബി ജെ പിയുമായുള്ള സഖ്യം ഉപേക്ഷിക്കാന്‍ ജെ ഡി യു തീരുമാനിച്ചത്. മോഡിയുടെ തിരഞ്ഞെടുപ്പ് ബി ജെ പിയുടെ ആഭ്യന്തര കാര്യമാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള എതിര്‍പ്പ് ബി ജെ പി നേതാക്കളെ അറിയിച്ചിരുന്നതായും ശരത് യാദവ് വ്യക്തമാക്കി.
അതിനിടെ, സി പി എം നേതാവ് സീതാറാം യെച്ചൂരി ശരത് യാദവുമായി അദ്ദേഹത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ബി ജെ പി ഇതര സഖ്യമുണ്ടാകേണ്ടതിന്റെ ആവശ്യകത അദ്ദേഹം ധരിപ്പിച്ചതായാണ് സൂചന. അര മണിക്കൂര്‍ നീണ്ട ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജൂലൈ ഒന്നിന് ചേരുന്ന ഇടത് രാഷ്ട്രീയ കണ്‍വെന്‍ഷനില്‍ ഇതുസംബന്ധിച്ച് രൂപമുണ്ടാകുമെന്ന് യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
മൂന്നാം മുന്നണിയില്‍ ചേരുമോ എന്ന ചോദ്യത്തിന് അത് നയപരിപാടികളെ ആശ്രയിച്ചിരിക്കുമെന്നായിരുന്നു മറുപടി. മൂന്നാം മുന്നണി സംബന്ധിച്ച് ഒരു തരത്തിലുള്ള ചര്‍ച്ചയും യാദവുമായുള്ള കൂടിക്കാഴ്ചക്കിടെ ഉണ്ടായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ന് പാര്‍ട്ടി എം എല്‍ എമാരുമായി ശരത് യാദവ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
സേവാ യാത്ര കഴിഞ്ഞ് എത്തുന്ന മുഖ്യമന്ത്രി നിതീഷ് കുമാറും യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്. എന്‍ ഡി എയില്‍ തുടരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം യോഗത്തിലുണ്ടാകുമെന്നാണ് സൂചന.

 

ബി ജെ പിയെ പിളര്‍ത്താന്‍ ജെ ഡി (യു) ശ്രമമെന്ന്
പാറ്റ്‌ന: ബീഹാറില്‍ തങ്ങളുടെ പാര്‍ട്ടി പിളര്‍ത്താന്‍ ജനതാ ദള്‍ യുനൈറ്റഡ് ശ്രമിക്കുകയാണെന്ന് ബി ജെ പി കുറ്റപ്പെടുത്തി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാന സ്ഥാനങ്ങളിലേക്ക് ഉയര്‍ത്താനുള്ള ബി ജെ പിയുടെ തീരുമാനത്തോടെ ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളാകുന്ന പശ്ചാത്തലത്തിലാണ് ബി ജെ പി ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. പാര്‍ട്ടി പിളര്‍ത്താനുള്ള ശ്രമം തീര്‍ത്തും അപലപനീയവും ജനാധിപത്യവിരുദ്ധവുമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് മംഗള്‍ പാണ്ഡെ പറഞ്ഞു. മന്ത്രിമാരും നിയമസഭാംഗങ്ങളും നേതാക്കളും പ്രധാന പ്രവര്‍ത്തകരും ഉള്‍പ്പെട്ട സുപ്രധാനയോഗത്തിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ എന്‍ ഡി എക്കാണ് ജനവിധി നല്‍കിയത്. ഒരുമിച്ചു പോകുന്നതിനുള്ള സാധ്യത ഇല്ലാതാക്കുന്നത് ജെ ഡി യു ആണ്. സഖ്യ സര്‍ക്കാറിന്റെ മര്യാദകള്‍ അവര്‍ പാലിക്കുന്നില്ലെന്ന് പാണ്ഡെ ആരോപിച്ചു.
മന്ത്രിമാര്‍ അടക്കമുള്ള ജെ ഡി യു നേതാക്കള്‍ ബി ജെ പി. എം എല്‍ എമാരെ നിരന്തരം ബന്ധപ്പെട്ടു വരികയാണെന്ന് പാണ്ഡെ ആരോപിച്ചു. അവരെ ജനതാദള്‍ യുവിലേക്ക് വലിക്കുകയാണ് ലക്ഷ്യം. പലര്‍ക്കും കാബിനറ്റ് പദവി അടക്കമുള്ള ആകര്‍ഷകമായ വാഗ്ദാനങ്ങളാണ് നല്‍കുന്നത്. ഈ മാസം 17 മുതല്‍ മുഴുവന്‍ ബി ജെ പി മന്ത്രിമാരോടും എം എല്‍ എമാരോടും തലസ്ഥാന നഗരിയില്‍ ക്യാമ്പ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ, 12ഓളം ബി ജെ പി അംഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ജെ ഡി യു നേതാക്കള്‍ നല്‍കുന്ന സൂചന.
243 അംഗ സഭയില്‍ ജെ ഡി യുവിന് 118 അംഗങ്ങളുണ്ട്. കേവല ഭൂരിപക്ഷത്തിന് നാല് അംഗങ്ങളുടെ കുറവേ ഉള്ളൂ. സ്വതന്ത്ര അംഗം ദിലീപ് വര്‍മക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. ബി ജെ പിയില്‍ ഒരു പിളര്‍പ്പ് ഉണ്ടാകുമെന്ന് തന്നെയാണ് ജെ ഡി യു കണക്ക് കൂട്ടുന്നത്. ധനമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോഡിയടക്കം 11 ബി ജെ പി മന്ത്രിമാരാണ് ജെ ഡി യു മേധാവി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഉള്ളത്. എന്‍ ഡി എ വിടാനുള്ള തീരുമാനം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് ജെ ഡി യു വൃത്തങ്ങള്‍ പറയുന്നത്. എന്‍ ഡി എ കണ്‍വീനറും മുതിര്‍ന്ന ജെ ഡി യു നേതാവുമായ ശരദ് യാദവ് ഇന്ന് പാറ്റ്‌നയിലെത്തുന്നുണ്ട്.