Connect with us

Wayanad

സ്മാര്‍ട് കാര്‍ഡ് നല്‍കല്‍ 30ന് അവസാനിക്കും

Published

|

Last Updated

കല്‍പ്പറ്റ: കേന്ദ്ര സംസ്ഥാനസര്‍ക്കാര്‍ സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ 2013-24 വര്‍ഷത്തേക്കുള്ള സ്മാര്‍ട്കാര്‍ഡ് നല്‍കല്‍ (എന്റോള്‍മെന്റ്) ജൂണ്‍ 30ന് അവസാനിക്കുമെന്ന് ജില്ലാ ഓഫീസര്‍ അനസ് പി എം പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം ഒരുവര്‍ഷത്തേക്ക് ഒരു കുടുംബത്തിന് 30,000 രൂപയുടെ ചികിത്സാസഹായമാണ് ലഭ്യമാക്കുക. ഹൃദ്രോഗം, കാന്‍സര്‍, കരള്‍രോഗം, വൃക്കരോഗം, ന്യൂറോ അപകട ട്രോമ കെയര്‍ തുടങ്ങിയ മാരക അസൂഖങ്ങള്‍ക്ക് 70,000 രൂപയുടെ അധിക ചികിത്സാസഹായം ചിസ്പ്ലസ് എന്ന സംസ്ഥാനസര്‍ക്കാര്‍ സ്‌കീമിലൂടെ നല്‍കിവരുന്നു.
24മണിക്കൂറെങ്കിലും കിടത്തി ചികിത്സ ആവശ്യമായ ഘട്ടത്തിലാണ് സ്മാര്‍ട്കാര്‍ഡ് ഉപയോഗിക്കേണ്ടത്. നിലവിലുള്ള അസൂഖങ്ങള്‍ക്കും സ്മാര്‍ട്കാര്‍ഡ് പ്രകാരം ചികിത്സ തേടാവുന്നതാണ്.
ചികിത്സക്ക് ശേഷം ആശുപത്രി വിടുന്ന ഗുണഭോക്താക്കള്‍ക്ക് യാത്രാചെലവിനായി ഓരോ തവണയും 100 രൂപ ലഭിക്കുന്നതാണ്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട രോഗിയുടെ മരുന്ന്, സ്‌കാനിംഗ്, ലാബ്‌ടെസ്റ്റ് മുതലായവ ഉള്‍പ്പെടെ ആശുപത്രി വഹിക്കുന്നതാണ്.
ജില്ലയില്‍ മാനന്തവാടി ജില്ലാ ആശുപത്രി, ബത്തേരി താലൂക്ക് ആശുപത്രി, വൈത്തിരി താലൂക്ക് ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, കല്‍പ്പറ്റ അഹല്ല്യാ ആശുപത്രി എന്നിവിടങ്ങളിലാണ് പദ്ധതി പ്രകാരം സൗജന്യചികിത്സ ലഭിക്കുക. 2012 സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളിലായി അക്ഷയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ സ്മാര്‍ട്കാര്‍ഡ് നല്‍കിവരുന്നത്.
നിലവിലുണ്ടായിരുന്ന 32 കെ ബി കാര്‍ഡിന് പകരം കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച 64 കെ ബി കാര്‍ഡാണ് ഇപ്പോള്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കി വരുന്നത്.
നിലവില്‍കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 34 ലക്ഷം കുടുംബങ്ങളില്‍ 28.65 ലക്ഷം കുടുംബങ്ങള്‍ കാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. വയനാട്ടില്‍ ആകെ രജിസ്‌ട്രേഷന്‍ 1,07,462 ആണ്, അതില്‍ 83,082 (77%) കുടുംബങ്ങള്‍ മാത്രമെ എന്റോള്‍ ചെയ്യപ്പെട്ടിട്ടുള്ളു.
ആയതിനാല്‍ സ്മാര്‍ട്കാര്‍ഡിനായി അക്ഷയ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കുടുംബങ്ങളും ഈ മാസം 30ന് മുമ്പ് സ്മാര്‍ട്കാര്‍ഡ് കരസ്ഥമാക്കേണ്ടതാണ്.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജ്യോതികാന്ത് പങ്കെടുത്തു.