Connect with us

Kannur

നഗരത്തില്‍ കൈയേറ്റം പലവിധം; നടപടി പേരിന് പോലുമില്ല

Published

|

Last Updated

കണ്ണൂര്‍: നഗരത്തില്‍ കൈയേറ്റം വ്യാപകമായി നടക്കുമ്പോഴും നഗരസഭാ ഭരണാധികാരികള്‍ മൗനം തുടരുന്നു. ബങ്കുകള്‍ വലിപ്പം കൂടി വരുന്നതും ഫുട്പാത്തുകള്‍ കൈയേറി കച്ചവടം വര്‍ധിപ്പിക്കുന്നതും ഫ്‌ളാറ്റുകളില്‍ പച്ചയായ നിയമലംഘനം നടക്കുന്നതിനും നടപടിയുണ്ടാകുന്നില്ല. ഇത് നിയമ വിരുദ്ധ നടപടികള്‍ക്ക് പ്രോത്സാഹനമായി മാറുകയുമാണ്.

നഗരത്തില്‍ അനുവദിക്കപ്പെട്ട പല ബങ്കുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് നേരത്തെ അനുവദിച്ച വിസ്തീര്‍ണ പ്രകാരമല്ല. കൂട്ടിപ്പിടിക്കല്‍ വ്യക്തമായി നടക്കുന്നു. ഓരോ വര്‍ഷവും ബങ്കുകളുടെ വലുപ്പം കൂടി വരികയാണ്. നഗരസഭാ ഭരണാധികാരികളും ഉദ്യോഗസ്ഥരും ഇതൊന്നും കാണാത്തതല്ല. നഗരസഭാ കൗണ്‍സിലുകളില്‍ കേവലമൊരു ചര്‍ച്ചയിലൊതുങ്ങുകയാണ് നടപടികള്‍. ബങ്കുകളുടെ കൈയേറ്റത്തെ കുറിച്ച് യോഗങ്ങളില്‍ വിഷയമുന്നയിക്കപ്പെട്ടാല്‍ പരിശോധിക്കുമെന്നും തീരുമാനമെടുക്കുമെന്നാണ് മറുപടി. എന്നാല്‍ പിന്നീടൊരു നടപടിയുമില്ല. അനധികൃത കൈയേറ്റങ്ങളുടെ മറവില്‍ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം “കിത്ത” ലഭിക്കുന്നുണ്ടെന്നാണ് അണിയറ സംസാരം. കാല്‍ടെക്‌സ് ബീവറേജസ് വില്‍പന ഡിപ്പോവിന് സമീപമുള്ള ബങ്ക് റവന്യൂ സ്ഥലം കവര്‍ന്നെടുക്കുന്നതായി കഴിഞ്ഞ നഗരസഭാ യോഗത്തില്‍ പരാതിയുയര്‍ന്നെങ്കിലും ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ ഭരണാധികാരികള്‍ക്കായിട്ടില്ല.
കാല്‍നടയാത്രക്കാര്‍ക്ക് അവകാശപ്പെട്ട ഫുട്പാത്തുകള്‍ കച്ചവടക്കാര്‍ കൈയേറാന്‍ തുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഫുട്പാത്ത് കൈയേറി കച്ചവടം നടത്തുന്നവര്‍ക്ക് പിന്നില്‍ ഒരു ലോബി തന്നെ നഗരസഭ കേന്ദ്രീകരിച്ചുണ്ടെന്നാണ് പറയപ്പെടുന്നത്. പോലീസ് ക്വാര്‍ട്ടേഴ്‌സിന് മുമ്പിലുള്ള ഫുട്പാത്ത് വ്യാപാരം റോഡിലേക്കെത്തിയിട്ടുണ്ട്. അതുകാരണം കാല്‍നടയാത്രക്കാര്‍ക്ക് റോഡിലൂടെ നടക്കേണ്ടി വരികയാണ്. ഇത് അപകടത്തിനും കാരണമാകുന്നു. നേരത്തെ പ്രസ് ക്ലബിന് സമീപമാണ് ഫുട്പാത്ത് കൈയേറി വ്യാപാരം നടക്കുന്നതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസിന് സമീപവും ഫുട്പാത്തില്‍ പുതിയ കച്ചവടം ഉയര്‍ന്നുവന്നിട്ടുണ്ട്.
നഗരത്തിലെ വന്‍കിട ഷോപ്പിംഗ് കോംപ്ലക്‌സുകളും ഫുട്പാത്ത് കൈയേറ്റം നടത്തുന്നുണ്ട്. മാത്രമല്ല ലൈസന്‍സിന് വിരുദ്ധമായ കൂട്ടിച്ചേര്‍ക്കലുകള്‍ പിന്നീട് നടത്തിക്കൊണ്ടിരിക്കുകയുമാണ്. കാം ബസാറില്‍ ഒരു പഴ കച്ചവടക്കാരന് നല്‍കിയ കെട്ടിട നമ്പര്‍ കണ്ടാല്‍ ആരും ഞെട്ടും. ഒരു കെട്ടിടത്തിന്റെ ചുമരില്‍ ഷട്ടര്‍ ഘടിപ്പിച്ചാണ് കെട്ടിട നമ്പര്‍ നല്‍കിയിട്ടുള്ളത്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം ഷോപ്പിംഗ് കോംപ്ലക്‌സില്‍ കൈയേറ്റം നടന്നപ്പോള്‍ അധികം പണമീടാക്കി കൈയേറ്റം നിയമവിധേയമാക്കുകയായിരുന്നു ചെയ്തത്. ഇത് മറ്റുള്ളവര്‍ക്ക് കൂടി കൈയേറ്റത്തിന് അവസരമൊരുക്കുകയും ചെയ്തു. എം എ റോഡ്, സ്റ്റേഷന്‍ റോഡ്, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കൈയേറ്റം നടക്കുന്നുണ്ട്. എന്നാല്‍ എല്ലാ നിയമലംഘനങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.

---- facebook comment plugin here -----

Latest