2141 സ്ഥാപനങ്ങളിലായി 233 കോടി നിക്ഷേപം

Posted on: June 15, 2013 1:18 am | Last updated: June 15, 2013 at 1:18 am
SHARE

കോഴിക്കോട്: വ്യവസായ വകുപ്പിന് കീഴില്‍ ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ജില്ലയില്‍ ഉത്പാദന-സേവന മേഖലകളിലായി 2141 സ്ഥാപനങ്ങള്‍ വഴി 232.81 കോടി രൂപ നിക്ഷേപമുണ്ടായതായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. 11,050 തൊഴിലവസരങ്ങളാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടത്.
ചെറുകിട വ്യവസായ -വാണിജ്യ മേഖലകളിലെ അവസരങ്ങളും സാധ്യതകളും സംബന്ധിച്ച് നിക്ഷേപകര്‍ക്കും തൊഴില്‍ രഹിതര്‍ക്കും ജില്ലയില്‍ 70 ഓളം ബോധവത്കരണ പരിപാടികള്‍ നടത്തി. ഇതുവഴി 2500 ഓളം സംരംഭകരെ കണ്ടെത്താന്‍ കഴിഞ്ഞു. ഇവര്‍ക്കായി 15 ദിവസത്തെ സംരംഭകത്വ വികസന പരിപാടികള്‍ നടത്തുകയും 470 മികച്ച സംരംഭകരെ സൃഷ്ടിക്കുകയും ചെയ്തു.
കാര്‍ഷികാധിഷ്ഠിത ഭക്ഷ്യ സംസ്‌കരണ മേഖലയെക്കുറിച്ച് മൂന്ന് ദിവസത്തെ മൂന്ന് സാങ്കേതിക ശില്‍പ ശാലകള്‍ നടത്തി. നാളികേരാധിഷ്ഠിത സംരംഭകര്‍ക്കായി വടകരയിലും കോഴിക്കോട്ടും ഓരോ സാങ്കേതിക ശില്‍പ്പശാല നടത്തി. വ്യവസായ ഏകജാലകത്തിലൂടെ 42 സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി.
ജില്ലയിലെ കോളജുകളിലും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 35 ഓളം ഇ.ഡി ക്ലബുകള്‍ രൂപവത്കരിച്ചു. അഭ്യസ്ഥവിദ്യരായ തൊഴില്‍ രഹിതര്‍ക്കുളള പ്രത്യേക പദ്ധതിയായ പി.എം.ഇ.ജി.പി പദ്ധതി പ്രകാരം 132 സംരംഭകര്‍ക്ക് 1.52 കോടി രൂപ സര്‍ക്കാര്‍ മാര്‍ജിന്‍ മണി ഗ്രാന്റ് നല്‍കി. ഇതുവഴി 5.39 കോടി രൂപയുടെ നിക്ഷേപവും 600 തൊഴിലവസരങ്ങളും സൃഷ്ടിച്ചു.
നിക്ഷേപ സബ്‌സിഡി ഇനത്തില്‍ 61 സംരംഭങ്ങള്‍ക്ക് 94 ലക്ഷം രൂപ മാര്‍ജിന്‍ മണി ഗ്രാന്റും വനിതാ വ്യവസായ പദ്ധതി പ്രകാരം 15 സംരംഭങ്ങള്‍ക്ക് 18 ലക്ഷം രൂപയും വിതരണം ചെയ്തു. ഇതുവഴി 2011-12 ല്‍ 1067 സംരംഭങ്ങളിലൂടെ 88 കോടി രൂപയുടെ നിക്ഷേപവും 5400 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. 2012-13 ല്‍ 1074 സംരംഭങ്ങളിലൂടെ 146 കോടി രൂപ നിക്ഷേപവും 5650 തൊഴിലവസരങ്ങളും സൃഷ്ടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here