Connect with us

Ongoing News

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഇന്ത്യ-പാക്

Published

|

Last Updated

ബിമിംഗ്ഹാം: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ-പാക്കിസ്ഥാന്‍. ബി ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും ജയിച്ച് സെമിയിലെത്തിയ ഇന്ത്യക്കും രണ്ട് കളിയും തോറ്റ് പുറത്തായ പാക്കിസ്ഥാനും മത്സരം നിര്‍ണായകമല്ല. എന്നാല്‍, ലോക ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ മത്സരങ്ങള്‍ക്ക് കാരണക്കാരായവര്‍ക്ക് എന്നുമെന്ന പോലെ അഭിമാനപ്പോരാണിത്. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ മിസ്ബാ ഉല്‍ ഹഖ് ഇന്ത്യക്കെതിരായ മത്സരത്തെ വിശേഷിപ്പിച്ചത് ഫൈനല്‍ എന്നാണ്. ടൂര്‍ണമെന്റില്‍ നിന്ന് തലയുയര്‍ത്തി മടങ്ങുവാന്‍ ഇന്ത്യക്കെതിരെ ജയിക്കുക പാക്കിസ്ഥാന്റെ അനിവാര്യതയാണ്. ബ്രിട്ടനില്‍ ഏറെ വൈവിധ്യം അവകാശപ്പെടുന്ന ജനത തിങ്ങിപ്പാര്‍ക്കുന്ന മേഖലയായ ബമിംഗ്ഹാമില്‍ ധാരാളം പാക്കിസ്ഥാനികളുണ്ട്. വലിയൊരു ഗ്രൗണ്ട് സപ്പോര്‍ട്ട് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്. ആദ്യ രണ്ട് മത്സരങ്ങളിലും മോശം ബാറ്റിംഗായിരുന്നു പാക്കിസ്ഥാന് വിനയായത്. വെസ്റ്റിന്‍ഡീസിനോട് 170ന് ആള്‍ ഔട്ടായപ്പോള്‍ ദക്ഷിണാഫ്രിക്ക 167നാണ് ചുരുട്ടിക്കൂട്ടിയത്. ഇന്ത്യയുടെ ഫോം നേരെ വിഭിന്നം. തുടരെ രണ്ട് സെഞ്ച്വറികളുമായി തിളങ്ങി നില്‍ക്കുന്ന ശിഖര്‍ ധവാന്‍ നയിക്കുന്ന ഓപണിംഗില്‍ തുടങ്ങുന്നു ഇന്ത്യയുടെ ബാറ്റിംഗ് ഫോം. ആദ്യ ഏഴ് ബാറ്റ്‌സ്മാന്‍മാരില്‍ നിന്നും മാച്ച് വിന്നിംഗ് പ്രകടനം പ്രതീക്ഷിക്കാം. അതേ സമയം, ഡിസംബര്‍-ജനുവരിയില്‍ ഇന്ത്യയിലെത്തിയപ്പോള്‍ ഏകദിന പരമ്പര 2-1ന് ജയിക്കാനായത് പാക്കിസ്ഥാന് പ്രതീക്ഷയേകുന്നു. മുന്‍ മത്സരങ്ങള്‍ പോലെയാകണമെന്നില്ല ഇന്നത്തെ മത്സരമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി വിലയിരുത്തുന്നു. പാക്കിസ്ഥാന്റെത് മികച്ച ടീമാണ്. തിരിച്ചടികളില്‍ നിന്ന് തിരിച്ചുവരാനുള്ള കരുത്ത് മിസ്ബായുടെ നിരക്കുണ്ടെന്ന് ധോണി അഭിപ്രായപ്പെട്ടു.

Latest