ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിന് ഇന്ന് കിക്കോഫ്

Posted on: June 15, 2013 6:00 am | Last updated: June 15, 2013 at 12:42 am
SHARE

fifa confederation cupകോണ്‍ഫെഡറേഷന്‍സ് കപ്പ് എല്ലാ അര്‍ഥത്തിലും ലോകകപ്പിന്റെ ഡ്രസ് റിഹേഴ്‌സലാണ്. പങ്കെടുക്കുന്ന ടീമുകള്‍ക്ക് മാത്രമല്ല തയ്യാറെടുപ്പ്. ലോകകപ്പ് ആതിഥേയത്വം വഹിക്കുന്ന രാഷ്ട്രത്തിന് ആത്മപരിശോധന നടത്താനുള്ള അവസരമാണിത്. സ്റ്റേഡിയങ്ങളുടെ നില, ടിക്കറ്റ് വില്‍പന, ഗതാഗതം, സുരക്ഷ, മീഡിയാ സെന്ററുകള്‍ എന്നിങ്ങനെ വേണ്ട പല വിഭാഗങ്ങളുടെയും പ്രവര്‍ത്തനം ബ്രസീലിന് വിശകലനം ചെയ്യാം, ഈ ടൂര്‍ണമെന്റിന് ശേഷം. 826628 ടിക്കറ്റുകളില്‍ 160000 ടിക്കറ്റുകള്‍ അവസാനവട്ട വില്പനയിലാണ്. നാല് ലോകചാമ്പ്യന്‍മാര്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് വന്‍ വിജയമാകുമെന്നതിന്റെ തെളിവാണ് ഈ ടിക്കറ്റ് വില്‍പ്പന കണക്ക് സൂചിപ്പിക്കുന്നതെന്ന് ഫിഫ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ തിയറി വീല്‍ അഭിപ്രായപ്പെട്ടു. മികച്ച ഫുട്‌ബോള്‍ കാഴ്ചവെക്കുന്ന ഏത് ടീമിനും ബ്രസീല്‍ ജനത വലിയ പിന്തുണ നല്‍കും. ടിവി പ്രേക്ഷകര്‍ക്കും ബ്രസീലിലെ നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയം വലിയ ആവേശമായി മാറും.
സ്പാനിഷ് താരം സെസ്‌ക് ഫാബ്രിഗസ് കോണ്‍ഫെഡറേഷനെ കുറിച്ച് പറയുന്നത് ഇങ്ങനെ: ലോകകപ്പും യൂറോ കപ്പും നേടിയ സ്‌പെയിന്‍ കളിക്കാര്‍ക്ക് കരിയറില്‍ നേടാനുള്ള പ്രധാന കപ്പ് ഇതാണ്. ഞങ്ങള്‍ ടൂര്‍ണമെന്റിന് വരുന്നത് വലിയ ആവേശത്തിലാണ്.
ചരിത്രം
ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് ടൂര്‍ണമെന്റ് ഇന്ന് കാണുന്ന രൂപത്തിലും ഭാവത്തിലുമായത് ഏറെ രൂപാന്തരങ്ങള്‍ സംഭവിച്ചിട്ടാണ്. ലോകകപ്പ് കഴിഞ്ഞാല്‍ ഫിഫ സംഘടിപ്പിക്കുന്ന പ്രധാന ടൂര്‍ണമെന്റായി കോണ്‍ഫെഡറേഷന്‍സ് കപ്പ് മാറിയത് തൊണ്ണൂറുകളിലാണ്. എന്നാല്‍, 1980 ല്‍ ലോകകപ്പിന്റെ അമ്പതാം വാര്‍ഷികം ഉറുഗ്വെയില്‍ ഫിഫ സംഘടിപ്പിച്ചിരുന്നു. ലിറ്റില്‍ ലോകകപ്പ് എന്നറിയപ്പെട്ട ടൂര്‍ണമെന്റില്‍ അന്നേ വരെയുള്ള ആറ് ലോകകപ്പ് ചാമ്പ്യന്‍മാര്‍ പങ്കെടുത്തു. ഇംഗ്ലണ്ട് മാത്രം ക്ഷണം നിരസിച്ചു. പകരം, 1974,78 റണ്ണേഴ്‌സപ്പായ ഹോളണ്ടാണ് വന്നത്. അതിന് ശേഷം 1985 മുതല്‍ 1993 വരെ അര്‍ടെമിയോ ഫ്രാഞ്ചി ട്രോഫി ഫിഫ സംഘടിപ്പിച്ചു. അന്തരിച്ച യുവേഫ പ്രസിഡന്റ് ഫ്രാഞ്ചിയുടെ സ്മരണാര്‍ഥമുള്ള ടൂര്‍ണമെന്റില്‍ യൂറോപ്യന്‍ചാമ്പ്യന്‍മാരും കോപ അമേരിക്ക ചാമ്പ്യന്‍മാരും പങ്കെടുത്തു.
1992 ല്‍ സഊദി അറേബ്യയില്‍ കിംഗ് ഫഹദ് കപ്പ് എന്ന പേരില്‍ നടന്ന ടൂര്‍ണമെന്റാണ് 1997 മുതല്‍ക്ക് ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പായി മാറിയത്. സഊദ് അറേബ്യ 97 വരെയുള്ള ആദ്യ മൂന്ന് ടൂര്‍ണമെന്റിലും കളിച്ചു. അര്‍ജന്റീന, ഡെന്‍മാര്‍ക്ക്, ബ്രസീല്‍ എന്നിവരാണ് 92,95,97 വര്‍ഷങ്ങളിലെ ചാമ്പ്യന്‍മാര്‍. 99 ല്‍ മെക്‌സിക്കോയില്‍ നടന്നു, അവര്‍ തന്നെ ചാമ്പ്യന്‍മാരായി. നാലാം എഡിഷന്‍ 2001 ല്‍. അന്ന് മുതല്‍ക്ക് ലോകകപ്പിന് മുന്നോടിയായുള്ള വാം അപ് ടൂര്‍ണമെന്റായി നടന്നുവരുന്നു. കൊറിയയിലും ജപ്പാനിലുമായി നടന്ന ടൂര്‍ണമെന്റില്‍ ഫ്രാന്‍സ് ജേതാക്കളായപ്പോള്‍ 2005 ജര്‍മനിയിലും 2009 ദക്ഷിണാഫ്രിക്കയിലും ബ്രസീല്‍ ചാമ്പ്യന്‍മാരായി. കോണ്‍ഫെഡറേഷന്‍സ് കപ്പ് നേടിയവര്‍ക്ക് ലോകകപ്പില്‍ ആ മികവ് ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നത് ചരിത്രം.
ഫേവറിറ്റുകള്‍
ഏതൊരു ടൂര്‍ണമെന്റിലും കിക്കോഫിന് മുമ്പ് കപ്പ് നേടാന്‍ സാധ്യതയുള്ള ടീമിനെ കുറിച്ച് ചര്‍ച്ച നടക്കാറുണ്ട്. ലോകകപ്പും യൂറോ കപ്പും നേടിയ വിസെന്റ് ഡെല്‍ ബൊസ്‌കിന്റെ സ്‌പെയിനിന് തന്നെയാണ് ഇവിടെയും വലിയ സാധ്യത. സ്‌കൊളാരിയുടെ ബ്രസീല്‍ തൊട്ടുപിറകില്‍. അട്ടിമറിക്കാരായി ഉറുഗ്വെയും ഞെട്ടിക്കാന്‍ ഇറ്റലിയും. ജപ്പാന്‍ കറുത്ത കുതിരകളാണ്. താഹിതി അപ്രസക്തരും.
കോണ്‍ഫെഡറേഷന്‍സ് കപ്പ് ജയിച്ചാല്‍ സ്‌പെയിനിന്റെ ഷോകേസില്‍ എല്ലാമായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിര കളിക്കാരായ ഫെര്‍നാന്‍ഡോ ടോറസ്, ജുവാന്‍ മാറ്റ, സാന്റി കസോള എന്നിവര്‍ക്ക് പുറമെ ഷാവി, ഇനിയെസ്റ്റ എന്നീ ബാഴ്‌സ പ്ലേമേക്കര്‍മാരും ചേരുന്നത് സ്‌പെയിനിനെ കരുത്തുറ്റ നിരയാക്കുന്നു. പ്രതിഭാ ബാഹുല്യമാണ് താന്‍ അനുഭവിക്കുന്ന പ്രശ്‌നമെന്ന് കോച്ച് ഡെല്‍ ബോസ്‌ക് പറയണമെങ്കില്‍ എന്താകും ആ ടീം. ഫാബ്രിഗസ്, വിയ, ടോറസ്, സൊല്‍ഡാഡോ എന്നിങ്ങനെ തകര്‍പ്പന്‍ ഫോമിലുള്ള നാല് സ്‌ട്രൈക്കര്‍മാരാണ് സ്പാനിഷ് നിരയില്‍. ഫോമിലുള്ള മിച്ചു, അസ്പാസ്, അഗിറെക്‌സെ എന്നീ സ്‌ട്രൈക്കര്‍മാരെ ഒഴിവാക്കിയാണ് ഡെല്‍ ബൊസ്‌ക് ടീം പ്രഖ്യാപിച്ചത്.
ഷാവിയെ പോലെ സീസണ്‍ മുഴുവന്‍ കളിച്ച് ക്ഷീണിച്ചവരെ ടീമിലുള്‍പ്പെടുത്തിയതിന് ഡെല്‍ ബോസ്‌ക് ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, കളിക്കാര്‍ ആരും തന്നെ സ്വമേധയാ പിന്‍മാറാന്‍ തയ്യാറാകാത്തതിനാല്‍ തനിക്കവരെ പുറത്തിരുത്താനാകില്ലെന്ന് കോച്ച്. കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ കളിക്കുന്നത് അഭിമാനമായി കരുതുന്നവരാണ് തന്റെടീമിലുള്ളത്. അതാണ് സ്‌പെയിനിന്റെ കരുത്ത്.
കക്ക, റൊണാള്‍ഡീഞ്ഞോ എന്നീ വെറ്ററന്‍മാരെ പുറത്തിരുത്തിയ ബ്രസീല്‍ കോച്ച് സ്‌കൊളാരി യുവരക്തങ്ങളുമായാണ് വരുന്നത്. നെയ്മര്‍, ഫ്രെഡ്, ഹല്‍ക്ക് എന്നിങ്ങനെ പുതുവിസ്മയങ്ങളിലാണ് സ്‌കൊളാരിക്ക് താത്പര്യം. ചെല്‍സിയുടെ റാമിറെസും മിലാന്റെ പാറ്റോയും പോലും ടീമിലുള്‍പ്പെട്ടില്ലെന്നോര്‍ക്കണം.
ഇംഗ്ലണ്ടിനെതിരെ മാറക്കാനയില്‍ സമനിലയില്‍ പിരിഞ്ഞെങ്കിലും ബ്രസീലിന്റെ മിന്നലാട്ടമുണ്ടായി. മാറക്കാനയില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത മൂന്ന് ഗോളിന് കശക്കിയതോടെ ബ്രസീല്‍ താളം കണ്ടെത്തി.
ലൂയിസ് സുവാരസ്, ഡിയഗോ ഫോര്‍ലാന്‍, എഡിന്‍സന്‍ കവാനി എന്നീ തകര്‍പ്പന്‍ സ്‌ട്രൈക്കര്‍മാര്‍ കളിക്കുന്നുവെന്നതാണ് ഉറുഗ്വെയെ അപകടകാരികളാക്കുന്നത്. മെക്‌സിക്കോ അവരുടെതായ ദിനത്തില്‍ സ്‌പെയിനിനെയും ബ്രസീലിനെയും മലര്‍ത്തിയടിക്കും. ഉദ്വേഗജനകമായ നിമിഷങ്ങളാണ് വരാനിരിക്കുന്നതെന്ന് സാരം.
താഹിതി
2012 ഓഷ്യാനിയ നാഷന്‍സ് കപ്പ് ജേതാക്കളായാണ് താഹിതി ടൂര്‍ണമെന്റിന് യോഗ്യത നേടിയത്. ന്യൂ കാല്‍ഡോണിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചായിരുന്നു ഇത്.
1973 ല്‍ ആരംഭിച്ച ഒ എന്‍ സി കപ്പ് ആസ്‌ത്രേലിയയും ന്യൂസിലാന്‍ഡുമല്ലാത്ത ഒരു ടീം നേടുന്നത് ആദ്യ സംഭവമായി, താഹിതിയിലൂടെ. സൂപ്പര്‍ താരങ്ങളാരും തന്നെ ഈ ടീമില്‍ ഇല്ല. പ്രൊഫഷണല്‍ കളിക്കാരെ പരതിയാലും നിരാശപ്പെടേണ്ടി വരും. അമേച്വര്‍ കളിക്കാരുടെ സംഘമാണ് താഹിതി. ഓഫീസ് ജോലിക്കാര്‍, തൊഴിലാളികള്‍, അധ്യാപകര്‍, സെയില്‍സ് മാന്‍മാര്‍, ഡ്രൈവര്‍മാര്‍ എന്നിവരെല്ലാം ചേരുന്നതാണ് താഹിതി ഫുട്‌ബോള്‍ ടീം. മുപ്പത്തിമൂന്നുകാരനായ സ്‌ട്രൈക്കര്‍ മരാ വഹിരുവാണ് ഏക പ്രൊഫഷണല്‍ താരം.
ഫ്രാന്‍സിന്റെ അണ്ടര്‍ 21 ടീമില്‍ കളിച്ചിട്ടുണ്ട് വഹിരു. എന്നാല്‍, താഹിതിക്കായി ആദ്യ രാജ്യാന്തര മത്സരം കളിക്കാന്‍ പോകുന്നതേയുള്ളൂ വഹിരു. ബീച്ച് ഫുട്‌ബോള്‍ കളിച്ചു നടന്ന താഹിതി എങ്ങനെ പുല്‍ത്തകിടിയില്‍ കളിക്കാന്‍ യോഗ്യത നേടിയെന്നത് പലര്‍ക്കും അത്ഭുതമാണെന്ന് താഹിതി ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹെന്റി തിയറി അരിയോടിമ പറയുന്നു. ഞങ്ങള്‍ക്ക് പരിമിതികളുണ്ട്. എന്നുവെച്ച് പൊരുതാതെ മടങ്ങില്ല-ഹെന്റി പറയുന്നു..
ഗോള്‍ ലൈന്‍ ടെക്‌നോളജി
ഫിഫ ക്ലബ്ബ് ലോകകപ്പിനെ പിന്തുടര്‍ന്ന് കോണ്‍ഫെഡറേഷന്‍സ് കപ്പിലും ഫിഫ ഗോള്‍ ലൈന്‍ സാങ്കേതിക വിദ്യ(ജിഎല്‍ടി) പരീക്ഷിക്കും. അടുത്ത വര്‍ഷം ലോകകപ്പില്‍ ഉപയോഗിക്കുക ഇതിന്റെ വിജയസാധ്യത കണക്കിലെടുത്തായിരിക്കും.
ജര്‍മന്‍ നിര്‍മാതാക്കളായ ഗോള്‍കണ്‍ട്രോള്‍ ആണ് ജി എല്‍ ടി സംവിധാനം തയ്യാറാക്കിയത്. 2010 ലോകകപ്പില്‍ ജര്‍മനിക്കെതിരെ ഇംഗ്ലണ്ടിന്റെ ഫ്രാങ്ക് ലംപാര്‍ഡ് നേടിയ ഗോള്‍ നിഷേധിക്കപ്പെട്ടതാണ് ഫിഫ പ്രസിഡന്റ് സെപ്ബ്ലാറ്ററെ ഗോള്‍ലൈന്‍ ടെക്‌നോളജി ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചത്.