സിറിയന്‍ വിമതര്‍ക്ക് ഉടന്‍ സൈനിക സഹായം നല്‍കും: അമേരിക്ക യു എസ് തീരുമാനത്തെ റഷ്യ അപലപിച്ചു

Posted on: June 15, 2013 5:59 am | Last updated: June 14, 2013 at 11:36 pm
SHARE

***യു എസ് തീരുമാനത്തെ റഷ്യ അപലപിച്ചു
***രാസായുധങ്ങള്‍ പ്രയോഗിച്ചെന്ന് ആരോപണം

വാഷിംഗ്ടണ്‍: സിറിയന്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്ന വിമതര്‍ക്കും പ്രതിപക്ഷ സഖ്യത്തിനും സൈനിക സഹായം നല്‍കാന്‍ അമേരിക്ക തീരുമാനിച്ചു. വിമതര്‍ക്കെതിരായ സിറിയന്‍ സൈന്യത്തിന്റെ പോരാട്ടം വിജയത്തിലേക്ക് നീങ്ങുന്നതിനിടെയാണ് അമേരിക്കയുടെ തീരുമാനമെന്നത് ശ്രദ്ധേയമാണ്. സിറിയന്‍ സൈന്യം രാസായുധങ്ങള്‍ പ്രയോഗിക്കുന്നുണ്ടെന്ന ആരോപണം ഉന്നയിച്ചാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന സംഘടനകള്‍ക്കും സായുധ സേനകള്‍ക്കും ആയുധ, സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു എസ് തീരുമാനത്തില്‍ റഷ്യ ശക്തമായ പ്രതിഷേധം അറിയിച്ചു.

സിറിയന്‍ ജനതക്കും പ്രക്ഷോഭകര്‍ക്കും നേരെ സൈന്യം ക്രൂരമായ ആക്രമണങ്ങളാണ് അഴിച്ചുവിടുന്നതെന്നും അവിടേക്ക് എത്രയും പെട്ടെന്ന് ആയുധ, സൈനിക സഹായങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഒബാമ തീരുമാനിച്ചതായും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ഒബാമ ഭരണകൂടത്തിന്റെ തീരുമാനത്തെ നാറ്റോ സ്വാഗതം ചെയ്തു. സിറിയന്‍ സൈന്യത്തിന്റെ രാസായുധ പ്രയോഗത്തെ കുറിച്ച് യു എന്‍ അന്വേഷിക്കണമെന്നും ആവശ്യമെങ്കില്‍ സൈന്യത്തെ അയക്കാന്‍ സന്നദ്ധമാണെന്നും നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്‌സ് ഫോഗ് റാസ്മുസ്സെന്‍ വ്യക്തമാക്കി. ഇതാദ്യമായാണ് സിറിയന്‍ വിമതര്‍ക്ക് സൈനിക സഹായം നല്‍കുമെന്ന് അമേരിക്ക പ്രഖ്യാപിക്കുന്നത്.
സിറിയന്‍ വിഷയത്തില്‍ ബശര്‍ അല്‍ അസദിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന അമേരിക്ക വിമതര്‍ക്ക് രഹസ്യമായി ആയുധങ്ങള്‍ എത്തിച്ച് കൊടുക്കുന്നുണ്ടെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. സിറിയന്‍ വിഷയത്തില്‍ യു എസിനൊപ്പം നില്‍ക്കുന്ന സിറിയയുടെ അയല്‍രാജ്യമായ തുര്‍ക്കി വഴിയാണ് ആയുധങ്ങളും മറ്റ് സഹായങ്ങളും എത്തിക്കുന്നത്.
സിറിയയില്‍ രാസായുധങ്ങള്‍ പ്രയോഗിക്കുന്നുണ്ടെന്ന ആരോപണം മുന്‍നിര്‍ത്തിയാണ് യു എസ് തീരുമാനം. എന്നാല്‍, സിറിയന്‍ സൈന്യം ഇത്തരത്തിലുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് നേരത്തെ ബശര്‍ അല്‍ അസദ് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ യു എന്‍ മനുഷ്യാവകാശ സംഘടനകള്‍ക്ക് വ്യക്തമായ തെളിവുകള്‍ നല്‍കാനും സാധിച്ചിട്ടില്ല. മാത്രവുമല്ല വിമതരും രാസായുധങ്ങള്‍ പ്രയോഗിക്കുന്നുണ്ടെന്ന് യു എന്‍ ആരോപിച്ചിരുന്നു. സിറിയയില്‍ വിമതരും സൈന്യവും രാസായുധങ്ങള്‍ പ്രയോഗിക്കുന്നുണ്ടെന്ന ആരോപണം നിലനില്‍ക്കെ അമേരിക്കയുടെ തീരുമാനം അപലപനീയമാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ലബനാനിലെ ഹിസ്ബുല്ലാ പോരാളികളുടെ സഹായത്തോടെ വിമതര്‍ക്കെതിരായ പോരാട്ടം ശക്തമാക്കിയ സിറിയന്‍ സൈന്യം അടുത്തിടെ ശക്തമായ മുന്നറ്റമാണ് നടത്തിയിരുന്നത്. സിറിയയിലെ വിമത സൈന്യത്തിന്റെ പ്രധാന ശക്തികേന്ദ്രമായിരുന്ന ഖുസൈറിന്റെയും ജൗലാന്‍ കുന്നുകളുടെയും അധികാരം തിരിച്ചുപിടിച്ച സൈന്യം വടക്കന്‍ സിറിയയിലെ അലെപ്പോ ലക്ഷ്യം വെച്ചിരിക്കുമ്പോഴാണ് അമേരിക്കയുടെ തീരുമാനം.
നിലവില്‍ റഷ്യയുടെ സൈനിക ആയുധ സഹായം സിറിയന്‍ സൈന്യത്തിന് ലഭിക്കുന്നുണ്ട്. വിമതര്‍ക്ക് കൂടി ആയുധങ്ങളും മറ്റും ലഭിച്ചാല്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുമെന്നും ഇത് മരണ സംഖ്യ വര്‍ധിപ്പിക്കാനിടയാകുമെന്നും ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. രണ്ടര വര്‍ഷത്തോളമായി നടക്കുന്ന പ്രക്ഷോഭത്തില്‍ ഇതുവരെയായി 93,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യു എന്നിന്റെ ഔദ്യോഗിക കണക്ക്.