ഇറാന്‍ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ആരംഭിച്ചു; ഫല പ്രഖ്യാപനം ഇന്ന്

Posted on: June 15, 2013 6:00 am | Last updated: June 14, 2013 at 11:33 pm
SHARE

pollingടെഹ്‌റാന്‍: അഹ്മദി നജാദിന്റെ പിന്‍ഗാമിയെ തേടി ഇറാനില്‍ നടക്കുന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. പോളിംഗ് ബൂത്തുകളിലെ തിരക്ക് കണക്കിലെടുത്ത് വോട്ടെടുപ്പ് രണ്ട് മണിക്കൂര്‍ നീട്ടാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ആറ് പ്രമുഖ സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്ന തിരഞ്ഞെടുപ്പിന്റെ വിധി പ്രവചനാതീതമാണെന്ന് നേരത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കിയിരുന്നു. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നും തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് നീളുമെന്നുമാണ് പ്രധാന വിലയിരുത്തല്‍. ഇറാന്റെ ആണവായുധ പദ്ധതികള്‍ വിവാദമാകുകയും അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശക്തമായ വിലക്ക് വരികയും ചെയ്ത സാഹര്യത്തിലാണ് ഇറാനിലെ തിരഞ്ഞെടുപ്പ്.

66,000 പോളിംഗ് ബൂത്തുകള്‍ സജ്ജീകരിച്ച തിരഞ്ഞെടുപ്പില്‍ അഞ്ച് കോടിയിലധികം ജനങ്ങള്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചതായി ഇറാന്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം രാവിലെ എട്ട് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് പത്ത് മണിക്കൂര്‍ നീണ്ടു. ഇന്നലെ അര്‍ധരാത്രിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഫലപ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വക്താക്കള്‍ അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ഫല പ്രഖ്യാപനം കഴിഞ്ഞ് മൂന്ന് ദിവസം വരെ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി മുസ്തഫാ മുഹമ്മദ് നജ്ജാര്‍ വ്യക്തമാക്കി.
ടെഹ്‌റാനിലെ പോളിംഗ് ബൂത്തില്‍ നിലവിലെ ഇറാന്‍ പ്രസിഡന്റ് അഹ്മദി നജാദും വൈസ് പ്രസിഡന്റ് മുഹമ്മദ് റാസാ റഹീമിയും തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തി.
യു എന്നുമായും പാശ്ചാത്യ രാജ്യങ്ങളുമായി നടന്ന ആണവോര്‍ജ ചര്‍ച്ചകളില്‍ ഇറാനെ പ്രതിനിധാനം ചെയ്ത സഈദ് ജലീലി, മുന്‍ വിദേശകാര്യ മന്ത്രി അലി അക്ബര്‍ വിലായത്തി, ടെഹ്‌റാന്‍ മേയര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്, മിതവാദിയായി വിശേഷിപ്പിക്കുന്ന അലി ഹസന്‍ റൂഹാനി എന്നിവര്‍ തമ്മില്‍ ശക്തമായ മത്സരം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് പുറമെ പരിഷ്‌കരണവാദികളായ മിര്‍ ഹുസൈന്‍ മൂസവി, മഹ്ദി കറോബി എന്നിവരും മത്സര രംഗത്തുണ്ട്.