Connect with us

International

2028ല്‍ ഇന്ത്യന്‍ ജനസംഖ്യ ചൈനയെ മറികടക്കും: യു എന്‍

Published

|

Last Updated

ഐക്യരാഷ്ട്ര സഭ: ജനസംഖ്യയില്‍ ഒന്നര പതിറ്റാണ്ടിനുള്ളില്‍ ചൈനയെ ഇന്ത്യ മറികടക്കുമെന്ന് ഐക്യരാഷ്ട്ര സഭ. 2028 ആകുന്നതോടെ ഇന്ത്യയിലെ ജനസംഖ്യ 145 കോടി കവിയുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത മാസത്തോടെ ലോക ജനസംഖ്യ 720 കോടി കവിയുമെന്നും 2100 ആകുമ്പോഴേക്കും അത് 1090 കോടിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വികസ്വര രാജ്യങ്ങളിലാണ് ജനസംഖ്യാ വര്‍ധനവിന്റെ ഭൂരിഭാഗവുമുണ്ടാകുകയെന്നും “ലോക ജനസംഖ്യാ പ്രതീക്ഷ: 2012 പുനരവലോകനം” എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 2028 ആകുന്നതോടെ ഇന്ത്യയിലെയും ചൈനയിലെയും ജനസംഖ്യ 145 കോടി വീതമാകും. അതിന് ശേഷം ഇന്ത്യയിലെ ജനസംഖ്യ തുടര്‍ച്ചയായി വര്‍ധിക്കുകയും ചൈനയിലേത് കുറയുകയും ചെയ്യും. 2100 ആകുന്നതോടെ ഇന്ത്യയിലെ ജനസംഖ്യ 160 കോടിയെത്തുമെന്നാണ് കരുതുന്നത്. എന്നാല്‍, 2030 ഓടെ ചൈനയിലെ ജനസംഖ്യയില്‍ കുറഞ്ഞ് തുടങ്ങും.
110 കോടിയായിരിക്കും ഇക്കാലത്ത് ചൈനയിലെ ജനസംഖ്യ. ഇന്ത്യ, ചൈന, ഇറാന്‍, ഇന്തോനേഷ്യ, ബ്രസീല്‍ തുടങ്ങിയ വലിയ വികസ്വര രാഷ്ട്രങ്ങളില്‍ സ്ത്രീകളുടെ എണ്ണം വെച്ച് കുട്ടികളുടെ ശരാശരി എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍, നൈജീരിയ, നൈജര്‍, കോംഗോ റിപ്പബ്ലിക്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഉയര്‍ന്ന പ്രജനന നിരക്ക് തുടരുമെന്നും യു എന്‍ ചൂണ്ടിക്കാട്ടുന്നു.
ലോക ജനസംഖ്യയില്‍ അടുത്ത പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ നൂറ് കോടിയുടെ വര്‍ധനവുണ്ടാകും. 2050 ആകുന്നതോടെ ഇത് 960 കോടിയിലെത്തുമെന്നും ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി ജനറല്‍ വു ഹോംഗ്‌ബൊ പറഞ്ഞു. ഇക്കാലയളവില്‍ വികസിത രാജ്യങ്ങളില്‍ ജനസംഖ്യയില്‍ വലിയ മാറ്റമുണ്ടാകില്ലെങ്കിലും അവികസിത രാജ്യങ്ങളിലെ ജനസംഖ്യ ഇരട്ടിയാകും. 2050 ആകുന്നതോടെ നൈജീരിയ അമേരിക്കയെ പിന്നിലാക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Latest