Connect with us

Ongoing News

സോളാര്‍ തട്ടിപ്പ്: കുരുക്ക് മുറുകുന്നു

Published

|

Last Updated

തിരുവനന്തപുരം:സോളാര്‍ തട്ടിപ്പ് കേസ് വിവാദം സര്‍ക്കാറിനെ ഉലക്കുന്നു. കേസിലെ പ്രതി സരിത എസ് നായരുമായി നിരന്തരം ഫോണില്‍ സംസാരിച്ചെന്ന് കണ്ടെത്തിയ മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ അസിസ്റ്റന്റ് ടെന്നി ജോപ്പനെയും ഗണ്‍മാന്‍ സലീം രാജനെയും പേഴ്‌സനല്‍ സ്റ്റാഫില്‍ നിന്ന് നീക്കി. ഇന്റലിജന്‍സ് മേധാവി ടി പി സെന്‍കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം, മുഖ്യമന്ത്രിയുടെ അഡീഷനല്‍ പി എ ജിക്കുമോന്‍ ജേക്കബും സരിതയെ ഫോണില്‍ വിളിച്ചെന്ന് വ്യക്തമായി. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എം കെ മുനീര്‍, കെ സി ജോസഫ്, സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്, കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ എന്നിവരെയും സരിത ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍ പുറത്തുവന്നു. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ കാര്യങ്ങള്‍ ഏര്‍പ്പാട് ചെയ്യുന്ന തോമസ് കുരുവിളയെയും സരിത ഫോണില്‍ വിളിച്ചു. വിഷയം ഇന്നലെ നിയമസഭയിലും പ്രക്ഷുബ്ധ രംഗങ്ങള്‍ സൃഷ്ടിച്ചു. നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം പിന്നീട് സഭാനടപടികള്‍ ബഹിഷ്‌കരിച്ചു. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
സോളാര്‍ ഇടപാടില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി സരിത പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്യലിന് ഒരുങ്ങുകയാണ് പോലീസ്. അന്വേഷണത്തിനായി ഇന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപവത്കരിക്കുന്നുണ്ട്. അതിനിടെ, സരിത ഇന്നലെ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി.
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ചെങ്ങന്നൂര്‍ വട്ടപ്പാറ പടിഞ്ഞാറേതില്‍ സരിത എസ് നായരുമായി നടപടിക്ക് വിധേയരായ രണ്ട് പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും ബന്ധമുണ്ടായിരുന്നുവെന്നാണ് ഇന്റലിജന്‍സ് എ ഡി ജി പിയുടെ കണ്ടെത്തല്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെയാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എ ഡി ജി പി ഹേമചന്ദ്രന്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സരിത അറസ്റ്റിലാകുന്നതിനു മുമ്പുളള ഒരാഴ്ചക്കാലം ടെന്നി ജോപ്പനും സലീമും സരിതയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി എ ഡി ജി പിയുടെ റിപ്പോര്‍ട്ടിലുണ്ട്. മുഖ്യമന്ത്രിയുടെ വീട്ടിലെ ഫോണില്‍ നിന്ന് വിളിച്ചത് ഗണ്‍മാന്‍ സലീമാണെന്നും സംശയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും എ ഡി ജി പി ശിപാര്‍ശ ചെയ്തു.
മന്ത്രിമാരായ എം കെ മുനീര്‍, ആര്യാടന്‍ മുഹമ്മദ്, കെ സി ജോസഫ് എന്നിവരെ മേയ് 31ന് സരിത വിളിച്ചെന്നാണ് ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെയും പലതവണ ഫോണില്‍ വിളിച്ചിട്ടുണ്ട്. കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യനുമായി നിരവധി തവണ ഫോണില്‍ പരസ്പരം വിളിച്ചു. മുഖ്യമന്ത്രിയുടെ അഡീഷനല്‍ പി എ ആയ ജിക്കുമോന്‍ ജേക്കബിനെ രണ്ട് തവണ വിളിച്ചതിനും തെളിവുണ്ട്. ജിക്കുമോന്‍ സരിതയെ അങ്ങോട്ടും വിളിച്ചിട്ടുണ്ട്.
സബ്മിഷനിലൂടെയാണ് വിഷയം ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വച്ചു. സരിത എസ് നായരെക്കുറിച്ച് നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന്് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിക്കുകയായിരുന്നു.

thiruvanjoorറിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം: തിരുവഞ്ചൂര്‍
തിരുവനന്തപുരം: സോളാര്‍ പ്ലാന്റ് തട്ടിപ്പു കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്ന ദക്ഷിണമേഖലാ എ ഡി ജി പി. എ ഹേമചന്ദ്രന്‍ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട്് സമര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പോലീസിന് പലരെയും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനുണ്ട്. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കും. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ രണ്ട് പേര്‍ മാറിനില്‍ക്കും. അന്വേഷണത്തിനു ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. പ്രതിപക്ഷം ആവശ്യപ്പെടുന്നതു പോലെ പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു

 

Latest