സംസ്ഥാനത്ത് കടുത്ത മരുന്ന് ക്ഷാമം

Posted on: June 15, 2013 6:00 am | Last updated: June 14, 2013 at 10:59 pm
SHARE

medicine1കണ്ണൂര്‍:പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുമ്പോള്‍ സംസ്ഥാനം കടുത്ത മരുന്ന് ക്ഷാമത്തിലേക്ക്. ഈ സാമ്പത്തിക വര്‍ഷത്തേക്ക് കേരളത്തില്‍ ആവശ്യമായ മരുന്നുകള്‍ക്കുള്ള ടെന്‍ഡര്‍ നല്‍കാത്തതാണ് മരുന്ന് ക്ഷാമത്തിന് കാരണം. സംസ്ഥാനത്തിനാവശ്യമായ മരുന്നുകള്‍ വിതരണം ചെയ്യുന്ന കേരള മെഡിക്കല്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ഈ വര്‍ഷത്തേക്കുള്ള പര്‍ച്ചേയ്‌സ് ഇനിയും നടത്തിയിട്ടില്ല. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഏപ്രിലില്‍ പൂര്‍ത്തിയാക്കി മഴക്ക് മുമ്പ് വിതരണം ചെയ്യേണ്ടതായിരുന്നു.

ആവശ്യത്തിന് മരുന്ന് സ്റ്റോക്കില്ലാത്തതിനാല്‍ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണം കുറച്ചിരിക്കുകയാണ്. മരുന്നിനായി എത്തുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ഓര്‍ഡറിന്റെ നാലിലൊന്ന് മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്.
മഴയുടെ തുടക്കത്തില്‍ തന്നെ ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് രൂപം നല്‍കിയിരുന്നു. എന്നാല്‍ മരുന്ന് ക്ഷാമം രൂക്ഷമായതോടെ ഇത് താളം തെറ്റി.
വളരെ പ്രധാനപ്പെട്ട ആന്റിബയോട്ടിക്കിന് ഉള്‍പ്പെടെയാണ് ക്ഷാമമുള്ളത്. അത്ര വലിയ തോതില്‍ ആവശ്യമില്ലാത്ത ആമ്പിസിലിന്‍ മാത്രമാണ് ഇപ്പോള്‍ സ്റ്റോക്കുള്ളത്. അമോക്‌സിലിന്‍, ഡിപ്രോഫ്‌ളോക് സാമ്പിന്‍, എറിത്രോ മൈസിന്‍, പ്രിഥറോ മൈസലിന്‍, സെഫ്ട്രിക്‌സോണ്‍ എന്നിവക്കും ക്ഷാമമുണ്ട്. പനിക്കുള്ള പാരസറ്റമോളും ആവശ്യത്തിന് ലഭ്യമല്ല.
ജലദോഷത്തിനുള്ള ക്ലോറാഫിനറാമിന്‍ മാലിയേറ്റ്, വയറുവേദനക്കുള്ള റാഹിറ്റിഡിന്‍, ഛര്‍ദിക്കുള്ള പ്രോം മറ്റാസിന്‍, ഡോം പെരിഡന്‍ എന്നിവയും കിട്ടാനില്ല. ഷുഗറിനുള്ള ഡയോനില്‍ മെറ്റ്‌ഫോര്‍മിന്‍, ഗ്ലിമിപ്പ് റെയ്ഡ്, പിയോ ഗ്ലിറ്റാസോണ്‍, ബ്ലഡ് പ്രഷറിനുള്ള അംലോഡിപ്പിന്‍, എനലാഫ്രിന്‍, ടെല്‍മിസര്‍റ്റാഡ്, വേദനസംഹാരിയായ ഇബുപ്രോസര്‍, ഹൃദ്രോഗത്തിനുള്ള ലോ മോളിക്കുലര്‍, വെയിറ്റ് ഹെപ്പറില്‍, സാല്‍ബുട്ടമോള്‍ എന്നിവക്കും കടുത്ത ക്ഷാമമനുഭവപ്പെന്നു. ആന്റിബയോട്ടിക് ഇഞ്ചക്ഷന്‍, സര്‍ജിക്കല്‍ ഗ്ലൗസ്, റെക്ടിഫെഡ് സ്പിരിറ്റ് എന്നിവയും കിട്ടാനില്ല. കഴിഞ്ഞ വര്‍ഷത്തെ സ്റ്റോക്ക് ആണ് ഇപ്പോള്‍ കൊടുത്തുകൊണ്ടിരിക്കുന്നത്. ലോക്കല്‍ പര്‍ച്ചേയ്‌സിന് അനുമതി നല്‍കിയില്ലെങ്കില്‍ അടുത്താഴ്ച മുതല്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകളുടെ ക്ഷാമം രൂക്ഷമാകുമെന്നാണ് സൂചന.