Connect with us

Editorial

ജയില്‍ ചാട്ടത്തിന്റെ പിന്നാമ്പുറം

Published

|

Last Updated

സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷയില്‍ ആശ ങ്കയുളവാക്കുന്നതാണ് ഇടക്കിടെയുണ്ടാകുന്ന ജയില്‍ചാട്ടങ്ങള്‍. വധശിക്ഷക്ക് വിധിക്കപ്പെട്ട റിപ്പര്‍ ജയാനന്ദനും വാഹനമോഷണക്കേസിലെ പ്രതിയായ പ്രകാശനും ഈ മാസം ഒമ്പതിന് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെടുകയുണ്ടായി. ഹാക് സോ ബ്‌ളെയിഡ് കൊണ്ട് സെല്ലിന്റെ പൂട്ട് തകര്‍ത്ത് പുറത്തു കടന്ന ശേഷം വാഴക്ക് താങ്ങായി നാട്ടിയ മുളങ്കമ്പുകള്‍ ഉപയോഗിച്ചാണ് ഇവര്‍ മതില്‍ ചാടിയതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നവമ്പര്‍ 20ന് കാസര്‍കോട് സബ്ജയിലില്‍ നിന്ന് നാല് കുറ്റവാളികള്‍ ജയില്‍ വാര്‍ഡനെ കുത്തിപ്പരിക്കേല്‍പ്പിച്ചു രക്ഷപ്പെട്ടിരുന്നു. 2011 ആഗസ്ത് 31 ന് പൊന്‍കുന്നം സബ്ജയിലില്‍ നിന്ന് മോഷണക്കേസ് പ്രതി രാജേഷ് ജയില്‍ ചാടിയത് പട്ടാപ്പകലാണ്.
നിരവധി കൊലക്കേസുകളില്‍ പ്രതിയായ റിപ്പര്‍ ജയാനന്ദന്‍ ഇതിന് മുമ്പും ജയില്‍ ചാടിയിട്ടുണ്ട്. 2010 ജണില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാസര്‍കോട്ടുകാരനായ റിയാസിനൊപ്പം രക്ഷപ്പെട്ട ജയാനന്ദനെ പിന്നീട് ഊട്ടിയില്‍ വെച്ചാണ് പിടികൂടിയത്. വിയ്യൂര്‍ ജയിലില്‍ കഴിയവെ, 2006 ലും ജയാനന്ദന്‍ സെല്ലില്‍ തുരങ്കമുണ്ടാക്കി പുറത്തു കടക്കാന്‍ ശ്രമിച്ചെങ്കിലും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതുകൊണ്ട് ആ ശ്രമം പരാജയപ്പെടുകയാണുണ്ടായത്.
സംസഥാനത്തെ ജയിലുകളില്‍ ഒന്നാം സ്ഥാനമാണ് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിനുള്ളത്. ജയില്‍ സൂപ്രഡണ്ടിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ തടവറയുടെ സംരക്ഷണത്തിനും സുരക്ഷക്കുമായി അസി. സൂപ്രഡണ്ടുമാരുള്‍പ്പെടെ മുന്നൂറോളം പേരുണ്ട്. എന്നിട്ടും എങ്ങനെ തടവുകാര്‍ രക്ഷപ്പെടുന്നു? സംഭവവുമായി ബന്ധപ്പെട്ട് പതിനൊന്ന് വാര്‍ഡര്‍മാരെ സസ്‌പെന്‍ഡ് ചെയ്യുകയും 44 താത്കാലിക ജിവനക്കാരെ പിരിച്ചുവിടുകയും ജയിലുകളുടെ സുരക്ഷയെക്കുറിച്ചു പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര സെക്രട്ടരി, ഡി ജി പി, ജയില്‍ മേധാവി എന്നിവരടങ്ങിയ സമിതി സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളുടെയും സുരക്ഷ പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിക്കുകയുണ്ടായി.
ജയിലുകളുടെ സുരക്ഷയെക്കുറിച്ച് പഠിക്കുന്നതോടൊപ്പം ജയാനന്ദന്റെ ചാട്ടത്തിന് ജയില്‍ ജീവനക്കാരുടെ ഒത്താശ ലഭിച്ചിരുന്നോ എന്നും അന്വേഷിക്കേണ്ടതുണ്ട്. ജയില്‍ചാട്ടത്തിന് തീരുമാനിച്ചാല്‍ മാസങ്ങള്‍ക്ക് മുമ്പേ ജയാനന്ദന്‍ അതിനുള്ള തയാറെടുപ്പുകള്‍ നടത്തുമായിരുന്നുവത്രെ. ശരീരഭാരം കുറക്കാനായി ഭക്ഷണം നിയന്ത്രിക്കുകയാണ് ഇതിന്റെ ആദ്യ പടി. പൂജപ്പുര ജയിലില്‍ ആഴ്ചകളായി ഇയാള്‍ ഭക്ഷണക്രമീകരണം നടത്തിയിരുന്നതായി പറയപ്പെടുന്നു. വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന ജയാനന്ദന്റെ സ്വഭാവങ്ങളും പ്രത്യേകതകളും നന്നായി അറിയാകുന്ന ജയില്‍ വാര്‍ഡര്‍മാാരും ജയിലര്‍മാരും സൂപ്രഡണ്ടുമാരും എന്തുകൊണ്ട് ഇക്കാര്യം ശ്രദ്ധിച്ചില്ലെന്നത് സന്ദേഹമുണര്‍ത്തുന്നു.
ജയിലുകളിലെ തടവുകാരും വാര്‍ഡര്‍മാാരും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്നത് ഒരു രഹസ്യമല്ല. കണ്ണൂര്‍ ജയിലിലെ തടവുകാര്‍ക്ക് യഥേഷ്ടം മദ്യവും കഞ്ചാവും ലഭിക്കുന്നതായി കഴിഞ്ഞ വര്‍ഷം ജയിലില്‍ കഴിയാനിടയായ ചില വിദ്യാര്‍ഥി നേതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. ജയിലിലെ കുളിമുറിയാണ് മയക്കുമരുന്ന് സൂക്ഷിപ്പ് കേന്ദ്രമെന്നും സിറിഞ്ച് ഉപയോഗിച്ചു മയക്ക് മരുന്ന് കുത്തിവെക്കുന്നവര്‍ പോലും ഇവിടെയുണ്ടെന്നുമാണ് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞത്. തടവുകാര്‍ക്ക് മുറ തെറ്റാതെ എത്തിക്കൊണ്ടിരിക്കുന്ന മദ്യ, മയക്കുമരുന്നുകളില്‍ ഓഹരി പറ്റുന്നവരാണ് ജീവനക്കാരില്‍ പലരും. തടവൂകാരില്‍ ചിലര്‍ രാഷ്ട്രീയ ബന്ധമുള്ളവരോ പാര്‍ട്ടിക്ക് വേണ്ടി കൊലയും അക്രമവും നടത്തിയ ക്വട്ടേഷന്‍ സംഘാംഗങ്ങളോ ആയിരിക്കും. ഇവര്‍ക്ക് ആവശ്യമായതെന്തും ജയിലില്‍ എത്തിച്ചുകൊടുക്കാന്‍ രാഷ്ട്രീയക്കാര്‍ തന്നെ മുന്‍കൈയെടുക്കും.
യുവാവിനെ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ കൊല്ലാന്‍ ശ്രമിച്ചതിന് ഈ വര്‍ഷം ജനുവരിയില്‍ പിടിയിലായ പത്തനംതിട്ടക്കാരിയും കോളജ് വിദ്യാര്‍ഥിനിയുമായ മിത്ര സൂസന്‍ എബ്‌റഹാമിനും ഷാര്‍ജ സെക്‌സ് റാക്കറ്റ് കേസ് പ്രതി സൗദക്കും പത്തനംതിട്ട സബ്ജയിലില്‍ വി ഐ പി പരിഗണന ലഭിച്ചത് വിവാദമായതാണ്. സെല്ലില്‍ അടക്കുന്നതിന് പകരം, പുറത്തുനിന്നുള്ളവര്‍ക്ക് എപ്പോഴും ബന്ധപ്പെടാകുന്ന വിധം ജയിലിനോടനുബന്ധിച്ച പ്രത്യേക ബ്ലോക്കിലായിരുന്നു മിത്ര സൂസനെ പാര്‍പ്പിച്ചത്. ചില ജനപ്രതിനിധികള്‍ അര്‍ധരാത്രിയില്‍ ഇവരെ സന്ദര്‍ശിച്ചതും വാര്‍ത്തയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ ഇറക്കിയതും ജനപ്രതിനിധികളുടെയും പോലീസ് ഓഫീസര്‍മാരുടെയും ഒത്താശയോടെയാണ്. ഇതാണ് പല ജയില്‍ ജീവനക്കാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും അവസ്ഥ. ഇത്തരം ജീവനക്കാരും രാഷ്ട്രീയ ലോബിയും ക്രിമിനലുകളും ചേര്‍ന്നുള്ള റാക്കറ്റുകളാണ് ചിലയിടങ്ങളില്‍ പോലീസ് സ്റ്റേഷനും ജയിലും നിയന്ത്രിക്കുന്നത്. ജയില്‍ ചാട്ടങ്ങളില്‍ ഇവരുടെ പങ്കും അന്വേഷണവിധേയമാക്കേണ്ടതുണ്ട്.