Connect with us

Editors Pick

സൗരോര്‍ജം കൊണ്ടൊരു ഷോക്ക് ട്രീറ്റ്‌മെന്റ്‌

Published

|

Last Updated

സൗരോര്‍ജത്തിന്റെ അനന്ത സാധ്യതകള്‍ പ്രതിപക്ഷവും പ്രയോജനപ്പെടുത്തുകയാണ്. സരിത എസ് നായരുടെ സോളാര്‍ പാനലില്‍ ഉത്പാദനം കൂട്ടി സര്‍ക്കാറിനെ ഷോക്കടിപ്പിക്കാന്‍ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫിലെ രണ്ട് പേര്‍ ഷോക്കേറ്റ് വീണു. ലക്ഷ്യം ഇനി ഉമ്മന്‍ ചാണ്ടിയാണ്. കോടിയേരി ബാലകൃഷ്ണന്‍ അത് മറയില്ലാതെ പറയുകയും ചെയ്തു. ആദ്യ ദിവസം ചര്‍ച്ചക്കും പിന്നീട് ഇറങ്ങിപ്പോക്കിനും വിഷയമാക്കിയ സോളാര്‍ തട്ടിപ്പ് ഇന്നലെ സ്തംഭനത്തിലേക്ക് വഴി തുറന്നതാണ്. കാര്‍മേഘം മൂടി പ്രതിപക്ഷത്തെ സൗരോര്‍ജ പാനലില്‍ ചാര്‍ജ് കുറഞ്ഞതാകണം ബഹിഷ്‌കരണത്തില്‍ കലാശിച്ചെതെന്ന് മാത്രം.
സബ്മിഷന്‍ രൂപത്തില്‍ കോടിയേരി ബാലകൃഷ്ണനാണ് ഇന്നലെ സൗരോര്‍ജം വിതറിയത്. ഓഫീസിലെ ചിലര്‍ക്ക് സോളാര്‍ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയതാണെന്ന പി സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ കൂടി ചേര്‍ത്ത് വെച്ചായിരുന്നു കോടിയേരിയുടെ അമ്പ്. സുതാര്യതയില്‍ വിട്ടുവീഴ്ചയില്ലാത്ത ഉമ്മന്‍ ചാണ്ടി എല്ലാം എ ഡി ജി പിയുടെ അന്വേഷണത്തിന് മുന്നില്‍ സമര്‍പ്പിച്ചു. സന്തത സഹചാരികളില്‍ രണ്ട് പേരെ മാറ്റി നിര്‍ത്തുന്ന കാര്യവും പ്രഖ്യാപിച്ചു. ജുഡീഷ്യല്‍ അന്വേഷണവും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട പ്രതിപക്ഷത്തെ ഈ മറുപടി തൃപ്തിപ്പെടുത്തിയില്ല. പിന്നെ മുദ്രാവാക്യം വിളികളും നടുത്തളവും. പിന്നാലെ ബഹിഷ്‌കരിച്ച് പിന്‍മാറുകയാണെന്ന കോടിയേരിയുടെ പ്രഖ്യാപനവും വന്നു.
മൂന്ന് ബില്ലുകളുടെ തുടര്‍ചര്‍ച്ച ഉള്‍പ്പെടെ 21 സ്വകാര്യ ബില്ലുകളാണ് ഇന്നലെ പരിഗണനക്കെത്തിയത്. പ്രതിപക്ഷം ബഹിഷ്‌കരിച്ചതോടെ ഇതില്‍ പകുതിയും പുറത്തായി. അവതരിപ്പിച്ച ബില്ലുകള്‍ സ്വീകരിക്കാന്‍ മന്ത്രിമാര്‍ മനസ്സ് കാണിക്കാതിരുന്നതോടെ ക്ലീന്‍ ബൗള്‍ഡ്. അവതരിപ്പിക്കുക, നിരസിക്കുക എന്ന പതിവ് എക്‌സസൈസ് ഇന്നലെയും ആവര്‍ത്തിച്ചെന്ന് ചുരുക്കം.
ടി എന്‍ പ്രതാപന്‍ അവതരിപ്പിച്ച പരിസ്ഥിതിസൗഹൃദ വികസന ബില്‍ സാത്വികനും ശാന്തസ്വഭാവക്കാരനുമായ മന്ത്രി കെ സി ജോസഫ് സ്വീകരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു.
മനസ്സിനകത്തെ മതിലുകള്‍ പൊളിച്ചടുക്കി പൂട്ടുകള്‍ തകര്‍ത്തെറിഞ്ഞ് പുതിയൊരു മൈന്‍ഡ് സെറ്റ് രൂപപ്പെടുത്തുകയായിരുന്നു പ്രതാപന്റെ ബില്ലിലെ ലക്ഷ്യം. ലാഭം മാത്രം ലക്ഷ്യമിട്ടുള്ള കോണ്‍ക്രീറ്റ് സംസ്‌കാരത്തില്‍ നിന്നുള്ള മടക്കം. പച്ചപ്പും പ്രകൃതിയും തിരിച്ചു പിടിക്കാനുള്ള പോരാട്ടം. തന്റെ ബില്ലിന് പ്രതാപന്‍ നിരത്തിയ വിശേഷണങ്ങളേറെ.
ആളുകളുടെ മൈന്‍ഡ് സെറ്റ് മാറി തുടങ്ങിയ കാര്യം പി ഉബൈദുല്ല സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. വളരുന്ന തലമുറയെ പരിസ്ഥിതിയുടെ ബാലപാഠം പഠിപ്പിക്കണമെന്ന് ബെന്നി ബഹ്‌നാനും. പരിസ്ഥിതി പ്രവര്‍ത്തകരെ വികസനവിരോധികളെന്ന് ചിത്രീകരിക്കുന്നതിനോട് വി ടി ബല്‍റാമിന് രോഷം. ജൈവകൃഷി വീണ്ടെടുക്കാന്‍ പ്രതാപന്‍ നടത്തുന്ന പോരാട്ടം മറ്റു സാമാജികര്‍ മാതൃകയാക്കണമെന്ന് കെ പി മോഹനനും ഉപദേശിച്ചു. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനവും മുന്നോട്ടുകൊണ്ട് പോകണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.
അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ക്ഷേമനിധി അതോറിറ്റി ഉണ്ടാക്കാന്‍ എം പി വിന്‍സന്റും ഒരു ബില്ലുമായി വന്നു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാകുമ്പോള്‍ ഇതെല്ലാം വരുമെന്ന് പറഞ്ഞ് വിദ്യാഭ്യാസ മന്ത്രിക്ക് വേണ്ടി കെ ബാബു വിന്‍സന്റിനെ സമാധാനിപ്പിച്ച് തിരിച്ചയച്ചു. ഹോട്ടല്‍ ഭക്ഷണ വില നിയന്ത്രിക്കാന്‍ പി കെ ബഷീര്‍ രൂപപ്പെടുത്തിയ ബില്‍ രുചിയും വിലയും തമ്മിലുള്ള ആഴമേറിയ ചര്‍ച്ചയിലേക്ക് വഴിതുറന്നു.
നിയമസഭാ മന്ദിരത്തിലെ കോഫീ ഹൗസിലും എം എല്‍ എ ഹോസ്റ്റല്‍ കാന്റീനിലും പോലും ഗുണമേന്മയുള്ള ഭക്ഷണമില്ലെന്ന് ഹൈബി ഈഡന്‍. സഹികെട്ട് കഴിക്കുകയാണെന്ന് ബഷീറും. ചര്‍ച്ച കാട് കയറിയതോടെ സ്പീക്കര്‍ ഇടപെട്ടു. സംഘടിത തൊഴിലാളി വര്‍ഗം നടത്തുന്ന കോഫി ഹൗസാണ് നിയമസഭയിലെന്ന് ഓര്‍മിക്കുന്നത് നല്ലതാണെന്ന് ഉപദേശിച്ചു. തട്ടുകടയില്‍ ഇതിനേക്കാള്‍ നല്ല ഭക്ഷണം കിട്ടുമെന്ന് ബഷീറും. ഹോം നഴ്‌സുമാര്‍ക്കൊരു കൗണ്‍സില്‍ വേണമെന്നായിരുന്നു പി ഉബൈദുല്ലയുടെ ബില്ലിലെ ആവശ്യം. എ പി അബ്ദുല്ലക്കുട്ടി, ഹൈബി ഈഡന്‍ ബില്ലുണ്ടാക്കിയതില്‍ തങ്ങളുടെ അനുഭവം പങ്കുവെച്ചു.