മരണവുമായി മുഖാമുഖം; ഒടുവില്‍ ജീവിതത്തിലേക്കൊരു തിരിച്ചുവരവ്

Posted on: June 14, 2013 11:42 pm | Last updated: June 14, 2013 at 11:42 pm
SHARE

ship asian expressകൊച്ചി:മുങ്ങിക്കൊണ്ടിരിക്കുന്ന ചരക്കുകപ്പലില്‍ മരണത്തെ മുഖാമുഖം കണ്ട 22 നാവികര്‍ ഭയാനകമായ അനുഭവത്തിന്റെ നടുക്കുന്ന ഓര്‍മകളുമായി കൊച്ചിയിലെത്തി. ഐ സി ജി എസ് വരുണയില്‍ തീരദേശ സേന സാഹസികമായി നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് നാല് ഇന്ത്യക്കാരടക്കമുള്ള നാവികരെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. നാവികരുമായി വരുണ ഇന്നലെ രാവിലെ എട്ടരയോടെ കൊച്ചിയിലെത്തി. നവീന്‍ കുമാര്‍, നരേഷ് കുമാര്‍, പങ്കജ് കുമാര്‍, ഗുര്‍വീന്ദര്‍ സിംഗ് എന്നിവരാണ് കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാര്‍. ഇവര്‍ ഹിമാചല്‍ പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

കനത്ത മഴയിലും ചീറിയടിക്കുന്ന കാറ്റിലും ആര്‍ത്തിരമ്പുന്ന തിരമാലകളിലും പെട്ട് ആടിയുലഞ്ഞ് മുങ്ങിക്കൊണ്ടിരുന്ന മാലി ചരക്കുകപ്പല്‍ എം വി ഏഷ്യന്‍ എക്‌സ്പ്രസിനുള്ളില്‍ നിന്ന് നാലര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇവരെ സുരക്ഷിതരായി വരുണയിലെത്തിച്ചതിന്റെ അനുഭവം ഐ സി ജി എസ് വരുണയുടെ കമാന്‍ഡിംഗ് ഓഫീസര്‍ കെ എം അരുണ്‍കുമാര്‍ മാധ്യമ പ്രവര്‍ത്തകരുമായി പങ്ക് വെച്ചു. കടല്‍ ക്ഷോഭിച്ചിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വളരെയധികം ദുഷ്‌കരമായിരുന്നു. കനത്ത തിരയില്‍ കപ്പല്‍ ആടിയുലഞ്ഞത് കാരണം ഡെക്കില്‍ നില്‍ക്കാന്‍ തന്നെ പ്രയാസമായിരുന്നു. ആദ്യം മൂന്ന് പേര്‍ ചരക്കുകപ്പലിലെ ലൈഫ് ബോട്ടില്‍ കയറി വരുണയിലേക്ക് എത്താന്‍ ശ്രമിച്ചു. എന്നാല്‍, എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് ബോട്ട് നടുക്കടലിലായി. ഏറെ പണിപ്പെട്ടാണ് ബോട്ട് തീരദേശ സേനയുടെ കപ്പലിനോട് അടുപ്പിച്ചത്. തുടര്‍ന്ന് മൂന്ന് പേരെ കയര്‍ വഴി കപ്പലിലേക്ക് കയറ്റി.
വൈകിട്ട് 4.45ന് ചരക്കുകപ്പല്‍ ഉപേക്ഷിക്കുകയാണെന്ന കപ്പിത്താന്റെ സന്ദേശം വരുണയില്‍ ലഭിച്ചു. തുടര്‍ന്ന് ശേഷിക്കുന്ന 19 പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. ഇതിനായി പ്രത്യേക സംവിധാനം ഉപയോഗിച്ച് ചരക്കു കപ്പലിലേക്ക് കയര്‍ എത്തിച്ചു. ഇത് ലൈഫ് ബോട്ടില്‍ ബന്ധിപ്പിച്ച് രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇതിനിടെ ഇരുട്ട് വീണു തുടങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനം അങ്ങേയറ്റം ദുഷ്‌കരമായി. ഒപ്പം കനത്ത മഴയും കാറ്റുമെത്തി. രാത്രി ഏഴരയോടെയാണ് രണ്ടാമത്തെ ബോട്ട് അടുപ്പിക്കാനായത്. തീരദേശ സേനാ ഉദ്യോഗസ്ഥര്‍ ഒത്തൊരുമിച്ച് കയര്‍ പിടിച്ചു വലിച്ചാണ് ബോട്ട് അടുപ്പിച്ചത്. പിന്നീട് ചരക്കുകപ്പല്‍ ജീവനക്കാരെ ഓരോരുത്തരെയായി കയറിലൂടെ വരുണയില്‍ എത്തിച്ചു. ചരക്ക് കപ്പല്‍ വ്യാഴാഴ്ച പുലര്‍ച്ചെ 5.20 ഓടെ പൂര്‍ണമായും കടലില്‍ മുങ്ങി. തീരദേശ സേനയുടെ ഡോണിയര്‍ നിരീക്ഷണ വിമാനവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

മാലി കപ്പല്‍ മുങ്ങിയത്
അവസാന യാത്രയില്‍
കൊച്ചി: മാലദ്വീപിന്റെ എം വി ഏഷ്യന്‍ എക്‌സ്പ്രസ് എന്ന ചരക്കുകപ്പല്‍ ലക്ഷദ്വീപിന് സമീപം മുങ്ങിയത് കപ്പലിന്റെ അവസാന യാത്രയില്‍. കാലപ്പഴക്കം മൂലം ഉപയോഗയോഗ്യമല്ലാതായ കപ്പല്‍ ഉപേക്ഷിക്കാന്‍ കപ്പല്‍ കമ്പനി തീരുമാനിച്ചിരിക്കുകയായിരുന്നുവെന്നും കപ്പല്‍ തിരിച്ചെത്തിയ ശേഷം പൊളിക്കാന്‍ തീരുമാനിച്ചിരുന്നതാണെന്നും തീരദേശ സേനാ അധികൃതര്‍ പറഞ്ഞു.
പാക്കിസ്ഥാനില്‍ നിന്ന് സിമന്റും മണലുമായി മാലിയിലേക്കു പോയ ചരക്കു കപ്പല്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് മിനിക്കോയ് ദ്വീപിന് 43 നോട്ടിക്കല്‍ മൈല്‍ വടക്ക് നങ്കൂരമിട്ടിരിക്കുമ്പോഴാണ് അടിത്തട്ടില്‍ രൂപപ്പെട്ട വിള്ളല്‍ മൂലം മുങ്ങാന്‍ തുടങ്ങിയത്. കപ്പലിന്റെ കാലപ്പഴക്കമാണ് അടിത്തട്ടില്‍ വിള്ളല്‍ വീഴാന്‍ കാരണമെന്ന് തീരദേശ സേനാ അധികൃതര്‍ സൂചിപ്പിച്ചു.
മാലദ്വീപ് ഹൈക്കമീഷണറെയും കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തെയും ചരക്കുകപ്പല്‍ കമ്പനിയുടെ ഏജന്റിനെയും വിവരം അറിയിച്ചിട്ടുണ്ടെന്നും നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മാലദ്വീപ് സ്വദേശികളെ കൈമാറുമെന്നും തീരസംരക്ഷണ സേന അറിയിച്ചു.